കാബൂൾ: ഐക്യരാഷ്‌ട്ര സഭയിലെ സീറ്റുകളിൽ നിന്നും താലിബാനെ ഒഴിവാക്കണമെന്ന് യുഎൻ ജനറൽ സെക്രട്ടറി അന്‍റോണിയോ ഗുട്ടാറസിനോട് ആവശ്യപ്പെട്ട് യുഎസ് സെനറ്റർമാർ. അഫ്‌ഗാനിസ്ഥാനിൽ അനുദിനം വർധിച്ചുവരുന്ന താലിബാന്‍റെ നേതൃത്വത്തിന്‍റെ നിയന്ത്രണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അടിസ്ഥാനമാക്കിയാണ് യുഎസ് സെനറ്റർമാരുടെ നടപടി.
അമേരിക്കൻ സെനറ്റർമാരായ റോബർട്ട് മെനെൻഡസ്, ജെയിംസ് ഇ. റിഷ്, ജീൻ ഷഹീൻ, ജോണി കെ. ഏണസ്റ്റ് എന്നിവരാണ് ഗുട്ടാറസിന് കത്തെഴുതിയത്. അഫ്‌ഗാനിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്ക ഉന്നയിച്ചുകൊണ്ട് എഴുതിയ കത്തിൽ അഫ്‌ഗാൻ ജനതയുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് അർഥവത്തായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
അഫ്‌ഗാനിസ്ഥാന്‍റെ നയതന്ത്ര പ്രാതിനിധ്യം നിർണയിക്കുന്നതിനായി ഈ വർഷം സെപ്‌റ്റംബറിൽ യുഎൻ ക്രെഡൻഷ്യൽ കമ്മിറ്റി യോഗം ചേരുമ്പോൾ താലിബാന് ഐക്യരാഷ്‌ട്രസഭയിൽ സീറ്റ് ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കത്തിൽ പറയുന്നു. അഫ്‌ഗാൻ സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും മനുഷ്യാവകാശങ്ങൾ ഇല്ലാതാക്കാൻ താലിബാൻ ശ്രമിക്കുമ്പോൾ നാം നോക്കിനിൽക്കരുത്. അഫ്‌ഗാനിസ്ഥാന് പുറത്തുള്ള യാത്ര നിരോധനത്തിൽ ഏർപ്പെടുത്തിയ ഇളവ് താലിബാൻ മുതലെടുക്കുകയും മറ്റ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്‌തു. യാത്രാഇളവ് നൽകിയെങ്കിലും താലിബാനുമായി അർഥവത്തായ സംഭാഷണം നടത്തുന്നതിൽ പരാജയപ്പെട്ടുവെന്നും കത്തിൽ പറയുന്നു.
പെൺകുട്ടികൾക്കായി സെക്കൻഡറി സ്‌കൂളുകൾ തുറക്കാൻ താലിബാൻ വിസമ്മതിച്ചതിനെ തുടർന്ന് 13 താലിബാൻ നേതാക്കളുടെ യാത്രാനിരോധന ഇളവ് പിൻവലിക്കുന്നതിനായി യുഎൻ സെക്യൂരിറ്റി കൗൺസിൽ കഴിഞ്ഞ മാസം വോട്ട് ചെയ്‌തിരുന്നു. അഫ്‌ഗാനിസ്ഥാനിൽ മനുഷ്യാവകാശ ലംഘനങ്ങൾ വർധിച്ചതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് (എച്ച്‌ആർഡബ്ലിയു ) നിരവധി തവണ അവകാശപ്പെട്ടിരുന്നു. എന്നാൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്ന വാർത്തകൾ താലിബാൻ തുടർച്ചയായി നിരസിക്കുകയാണ്.
ലോകമെമ്പാടും നിന്നും ആവർത്തിച്ചുള്ള ആഹ്വാനങ്ങൾ ഉണ്ടായിരുന്നിട്ടും അഫ്‌ഗാൻ ജനതയുടെ സുരക്ഷിതത്വം, എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ എന്നീ വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ താലിബാൻ പരാജയപ്പെട്ടു. അഫ്‌ഗാനിസ്ഥാന്‍റെ അന്താരാഷ്‌ട്ര ബാധ്യതകൾക്ക് അനുസൃതമായി മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിലും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും സെക്യൂരിറ്റി കൗൺസിലിനും ഇന്‍റർനാഷണൽ ക്രിമിനൽ കോടതിക്കും വ്യക്തമായ പങ്കുണ്ട്.