വാഷിങ്‌ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അത്താഴ വിരുന്നൊരുക്കുമെന്ന് റിപ്പോർട്ട്. രാഷ്‌ട്ര തലവൻമാരെ ആദരിക്കുന്നതിന്‍റെ ഭാഗമായി ജൂണിൽ യുഎസിൽ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിലേക്കാണ് മോദിയെ ബൈഡൻ ക്ഷണിക്കാനൊരുങ്ങുന്നത്. അതേസമയം വിഷയത്തോട് പ്രതികരിക്കാൻ ദേശീയ സുരക്ഷ കൗണ്‍സിലിന്‍റെ വക്‌താവ് വിസമ്മതിച്ചു.
ചൈനയുടെ വെല്ലുവിളി വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ-യുഎസ് ബന്ധം ദൃഢമാക്കുന്നതിന്‍റെ ഭാഗമായാണ് അത്താഴ വിരുന്ന് ഒരുക്കുന്നതെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. കൂടാതെ പ്രതിരോധം, സാങ്കേതിക വിദ്യ, ബഹിരാകാശ പര്യവേക്ഷണം, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിൽ യുഎസ്-ഇന്ത്യ ബന്ധം ദൃഢമാകുന്നതിന്‍റെ സൂചന കൂടിയാണ് മോദിയുടെ ഔദ്യോഗിക യുഎസ് സന്ദർശനം.
ജനറൽ ഇലക്‌ട്രിക് കോ എയർക്രാഫ്റ്റ് എഞ്ചിനുകളുടെ സംയുക്ത ഉത്‌പാദനം ഉൾപ്പെടെയുള്ള നൂതന പ്രതിരോധ, കമ്പ്യൂട്ടർ സാങ്കേതിക വിദ്യകൾ കൈമാറ്റം ചെയ്യുന്നതിനുള്ള നിർദേശമായ ക്രിട്ടിക്കൽ ആൻഡ് എമർജിങ് ടെക്‌നോളജീസ് എന്ന സംരംഭം കഴിഞ്ഞ മാസം അമേരിക്കയും ഇന്ത്യയും അവതരിപ്പിച്ചിരുന്നു.
അതേസമയം വരുന്ന മേയിൽ ഓസ്‌ട്രേലിയയിൽ വച്ച് നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ബൈഡൻ മോദിയുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. 2022 ഡിസംബറിൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന് ബൈഡൻ അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. വരുന്ന ഏപ്രിൽ 26 ന് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യോളിനും ബൈഡൻ അത്താഴ വിരുന്ന് ഒരുക്കുന്നുണ്ട്. ഇതിന് ശേഷമാണ് മോദിക്ക് അത്താഴ വിരുന്ന് ഒരുക്കുക.
ALSO READ: ഇന്ത്യ ആഗോള നയതന്ത്ര പങ്കാളി: നയം ആവർത്തിച്ച് യു എസ്
മോദി- ബൈഡൻ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ ജി20 നേതാക്കളുടെ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നുണ്ട്. ഉച്ചകോടിയിൽ റഷ്യയുടെ യുക്രൈൻ അധിനിവേശം ചർച്ചയുടെ പ്രധാന വിഷയങ്ങളിൽ ഒന്നായിരിക്കും എന്നാണ് സൂചന. അതേസമയം റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന് കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല.
വിമർശിക്കാതെ ഇന്ത്യ: അതേസമയം യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനെതിരെ യുഎസും സഖ്യകക്ഷികളും ആഗ്രഹിക്കുന്നതുപോലെ റഷ്യയെ വിമർശിച്ചുകൊണ്ടൊരു അഭിപ്രായം ഇന്ത്യ തുറന്ന് പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്നും യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്നുമാണ് റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത്.
ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്‍റെ ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി ചർച്ചയിലാണ് നരേന്ദ്രമോദി ഈ ആവശ്യം മുന്നോട്ട് വെച്ചത്. ശീതയുദ്ധകാലം തൊട്ട് നീണ്ട് നില്‍ക്കുന്നതാണ് ഇന്ത്യയുടെ റഷ്യയുമായുള്ള തന്ത്രപരമായ സഹകരണം.
ഇത് യുദ്ധത്തിനുള്ള സമയമല്ലെന്നും ലോകം ഭക്ഷ്യ, ഇന്ധന പ്രതിസന്ധി നേരിടുകയാണെന്നും മോദി പറഞ്ഞിരുന്നു. തുർന്ന് സംഘർഷത്തിൽ ഇന്ത്യക്കുള്ള ആശങ്ക തങ്ങൾ മനസിലാക്കുന്നതായും യുദ്ധം എത്രയും പെട്ടന്ന് അവസാനിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും പുടിൻ മറുപടിയും നൽകിയിരുന്നു.