വാഷിങ്ടണ്‍ : ഹുറോണ്‍ തടാകത്തിന് മീതെ ഉയര്‍ന്നുപറന്ന അജ്ഞാത വസ്‌തുവിനെ വെടിവച്ച് വീഴ്‌ത്തി യുഎസ് സൈന്യം. ഇത് രണ്ടാം തവണയാണ് നടപടി. തടാകത്തിന് മുകളിലൂടെ പറക്കുന്ന വസ്‌തുവിനെ തങ്ങള്‍ നിരീക്ഷിക്കുകയാണെന്നറിയിച്ച് യുഎസ് സൈന്യം ബന്ധപ്പെട്ടിരുന്നതായി മിഷിഗണിലെ ജനപ്രതിനിധി എല്ലിസ സ്ലോക്കിന്‍ ട്വീറ്റ് ചെയ്‌തിരുന്നു.
വരും ദിവസങ്ങളില്‍ അജ്ഞാത വസ്‌തു എന്താണെന്ന് വ്യക്തമാകുമെന്നും എല്ലിസ സ്ലോക്കിന്‍ വ്യക്തമാക്കി. വടക്കേ അമേരിക്കയുടെ വ്യോമാതിര്‍ത്തിയില്‍ കടന്ന അജ്ഞാത വസ്‌തുവിനെ സൈന്യം വെടിവച്ച് വീഴ്ത്തി മൂന്ന് ദിവസത്തിന് ശേഷമാണ് സമാന സംഭവം.
കാനഡയിലും സമാന പ്രശ്‌നം: ശനിയാഴ്‌ച(11.02.2023) കാനഡയിലും സമാനമായ രീതിയില്‍ തിരിച്ചറിയാന്‍ പറ്റാത്ത ഒരു വസ്‌തുവിനെ സൈന്യം വെടിവച്ച് വീഴ്‌ത്തിയിരുന്നു. അതേസമയം, കഴിഞ്ഞ ആഴ്‌ച ചൈനയുടെ നിരീക്ഷണ ബലൂണ്‍ എന്ന് സംശയിക്കപ്പെടുന്ന വസ്‌തുവിനെ യുഎസിന്‍റെ എഫ്-22 എന്ന യുദ്ധവിമാനം തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒന്‍റാറിയോയിലുള്ള ടോബര്‍മോറിയ്‌ക്കടുത്ത് വ്യോമാതിര്‍ത്തി അടയ്‌ക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.
നേരത്തെ, വടക്കേ അമേരിക്കന്‍ എയ്‌റോസ്‌പേസ് ഡിഫന്‍സ് കമാന്‍ഡിന്‍റെ കാലത്ത് പ്രദേശത്തെ വ്യോമഗതാഗതത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി മിഷിഗണ്‍ തടാകത്തിന് മുകളിലൂടെയുള്ള താത്കാലിക വിമാന നിയന്ത്രണം പിന്‍വലിച്ചതായി അറിയിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ദേശീയ പ്രതിരോധ കാരണങ്ങളാല്‍ മിഷിഗണ്‍ തടാകത്തിന്‍റെ വ്യോമാതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതായി യുഎസിലെ സംയുക്ത വ്യോമയാന വിഭാഗത്തിന്‍റെ നോട്ടിസില്‍ വ്യക്തമാക്കുന്നു. അതേസമയം, യുകോണ്‍ മേഖലയില്‍ യുഎസ് സൈന്യം വെടിവച്ച് വീഴ്‌ത്തിയ അജ്ഞാത വസ്‌തുവിനായി കനേഡിയന്‍ നിരീക്ഷകര്‍ തിരച്ചില്‍ നടത്തുകയാണെന്ന് പ്രധാന മന്ത്രി ജസ്‌റ്റിന്‍ ട്രുഡോ പറഞ്ഞു.
വസ്‌തുവിനെ കണ്ടെത്തുവാനും നിരീക്ഷിക്കുവാനുമുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ്. സിവിലിയന്‍ വിമാനത്തിന് ഇത്തരം വസ്‌തുക്കള്‍ ഭീഷണി സൃഷ്‌ടിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
ചൈനയുടെ നിരീക്ഷണ ബലൂണ്‍: 'രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷയാണ് ഞങ്ങള്‍ക്ക് പ്രധാനം. അതിനാലാണ് അജ്ഞാത വസ്‌തുവിനെ വെടിവച്ച് വീഴ്‌ത്താന്‍ ഉത്തരവിട്ടതെന്ന്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡ വെടിവച്ച് വീഴ്‌ത്തിയ വസ്‌തുവും അലാസ്‌ക - ഡെഡ്‌ഹോഴ്‌സിലൂടെ പറന്ന വസ്‌തുവും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് യുഎസ് സെനറ്റ് നേതാവ് ചക്ക് ഷൂമര്‍ ഒരു അമേരിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
'അത് ബലൂണുകളാണ്. എന്നാല്‍, രണ്ടാമത്തെ ബലൂണ്‍ ആദ്യത്തേതിനെക്കാള്‍ വളരെയധികം ചെറുതാണെന്ന്' ചക്ക് ഷൂമര്‍ അറിയിച്ചു. എന്നാല്‍, അജ്ഞാത വസ്‌തുവിന് ചൈനീസ് ബലൂണുമായി സാദൃശ്യം തോന്നുന്നില്ലെന്ന് ചക്ക് ഷൂമറിന്‍റെ പ്രസ്‌താവനയെ ഉദ്ധരിച്ചുകൊണ്ട് വൈറ്റ് ഹൗസ് പ്രതികരിച്ചു.
അതേസമയം, 200 അടി ഉയരത്തില്‍ പറന്ന ബലൂണ്‍ ചൈന നിരീക്ഷണത്തിനായി ഉപയോഗിച്ചതാണെന്ന് അമേരിക്കന്‍ അധികൃതര്‍ ആരോപിച്ചു. ആദ്യ ബലൂണിനെ വെടിവച്ച് വീഴ്‌ത്തിയത് മുതല്‍ അതിന്‍റെ അവശിഷ്‌ടങ്ങള്‍ വീണ്ടെടുക്കാന്‍ യുഎസ് ഉദ്യോഗസ്ഥര്‍ കടലില്‍ തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. എന്തിന് വേണ്ടിയാണ് ഇത്തരം വസ്‌തു ഉപയോഗിക്കുന്നത് എന്നതിന്‍റെ വിശദാംശങ്ങള്‍ യുഎസ് സൈന്യം താമസിയാതെ പുറത്തുവിടുമെന്നതില്‍ തനിക്ക് ഉറപ്പുണ്ടെന്നും ചക്ക് ഷൂമര്‍ കൂട്ടിച്ചേര്‍ത്തു.