വാഷിങ്‌ടണ്‍: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ നല്‍കിയ കേസിന്‍റെ വിചാരണ ആരംഭിക്കുന്നത് ഒക്‌ടോബര്‍ 28 വരെ നീട്ടി യുഎസ് കോടതി. ആദ്യം പറഞ്ഞ വിലയ്ക്ക് തന്നെ ട്വിറ്ററിന്‍റെ ഓഹരി വാങ്ങാന്‍ മസ്‌ക് സന്നദ്ധത പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കോടതി വിധി. 44 ബില്യണ്‍ യുഎസ് ഡോളറിന്‍റെ ഇടപാട് പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് മസ്‌ക് കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.
ഇതോടെ ട്വിറ്ററിന്‍റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ മൂന്നാഴ്‌ചത്തെ സമയം മസ്‌കിന് ലഭിച്ചു. ഒക്‌ടോബര്‍ 28 വൈകിട്ട് അഞ്ച് മണി വരെ ഇടപാട് പൂര്‍ത്തീകരിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ടെന്നും പ്രസ്‌തുത കാലയളവിനുള്ളില്‍ ഇടപാട് നടന്നില്ലെങ്കില്‍ ഇരുപാര്‍ട്ടികളും അന്നേ ദിവസം വൈകിട്ടോടെ കോടതിയെ ഇമെയില്‍ മാര്‍ഗം ബന്ധപ്പെടണമെന്നും ഡെലവെയര്‍ ചാന്‍സെറി ജഡ്‌ജി കാതലീന്‍ മക്‌കോര്‍മിക്ക് നിര്‍ദേശിച്ചു. ഇതനുസരിച്ച് നവംബറില്‍ കേസിന്‍റെ വിചാരണ തീയതി നിശ്ചയിക്കുമെന്നും കോടതി വ്യക്തമാക്കി.
ഒക്‌ടോബർ 28നുള്ളില്‍ ഇടപാട് പൂർത്തീകരിക്കുമെന്ന് മസ്‌കിന്‍റെ അഭിഭാഷകര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ട്വിറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടത്തുകയാണെന്നും ഒക്‌ടോബർ 28 ഓടെ ഇത് പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നതെന്നാണ് അഭിഭാഷക സംഘം കോടതിയെ അറിയിച്ചത്. എന്നാല്‍ ഒക്‌ടോബര്‍ 17ന് ആരംഭിക്കാനിരുന്ന കേസിന്‍റെ വിചാരണ വൈകുന്നതില്‍ ട്വിറ്റർ അതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്ത ആഴ്‌ചയോടെ ഇടപാട് പൂര്‍ത്തീകരിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.
Also Read: ട്വിറ്റര്‍ ഇനി മസ്‌കിന് സ്വന്തം ; കരാര്‍ അംഗീകരിച്ച് ഓഹരി ഉടമകള്‍
മസ്‌കിന്‍റെ മനംമാറ്റം: ട്വിറ്റര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുകയാണെന്ന പ്രഖ്യാപനം നടത്തി മാസങ്ങള്‍ക്ക് ശേഷമാണ് മസ്‌കിന്‍റെ മനംമാറ്റം. മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞ അതേ വിലയ്ക്ക് തന്നെ ഓഹരി വാങ്ങാന്‍ തയ്യാറാണെന്നാണ് ട്വിറ്ററിന് അയച്ച കത്തില്‍ മസ്‌ക് അറിയിച്ചത്. എന്നാല്‍ മസ്‌കിനെതിരെയുള്ള നിയമപോരാട്ടം അവസാനിപ്പിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.
കഴിഞ്ഞ മാസം ട്വിറ്റർ ഏറ്റെടുക്കാനുള്ള മസ്‌കിന്‍റെ നീക്കം ഓഹരി ഉടമകള്‍ അംഗീകരിച്ചത് നിയമപോരാട്ടത്തില്‍ മസ്‌കിന് തിരിച്ചടിയായേക്കുമെന്നാണ് കരുതുന്നത്. ഓഹരിയൊന്നിന് 54.20 ഡോളര്‍ എന്ന വിലയില്‍ ട്വിറ്ററുമായുള്ള കരാറുമായി മുന്നോട്ട് പോകുകയാണെന്നാണ് തിങ്കളാഴ്‌ച മസ്‌ക് അറിയിച്ചത്. സാമ്പത്തിക ഇടപാടിനായി സമയം അനുവദിക്കണമെന്ന മാനദണ്ഡവും ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ടെസ്‌ലയുടെ ഓഹരിവിലയിലുണ്ടായ ഇടിവ് മസ്‌കിന്‍റെ ആകെ മൂല്യത്തേയും (Net Worth) ബാധിച്ചിട്ടുണ്ടെന്നും ഇക്കാരണത്താല്‍ തുടക്കത്തില്‍ വാഗ്‌ദാനം ചെയ്‌ത തുക കൈമാറാന്‍ മസ്‌ക് തയ്യാറല്ലെന്നുമാണ് ട്വിറ്ററിന്‍റെ ആരോപണം.
പാതിവഴിയില്‍ ട്വിറ്ററുമായുള്ള ഇടപാടില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് മസ്‌കിനെതിരെ കമ്പനി നിയമപോരാട്ടം ആരംഭിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച മസ്‌ക് ജൂലൈയില്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്‌തിട്ടുള്ളതിനാല്‍ കരാര്‍ അനുസരിച്ച് മസ്‌കിന്‍റെ ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്റര്‍ പൂർണമായും സ്വകാര്യ കമ്പനിയായി മാറും.