ലണ്ടന്‍ : എറ്റവും ഇഷ്‌ടപ്പെട്ട ഇന്ത്യൻ വിഭവത്തിന്‍റെ പേര് തങ്ങളുടെ നവജാത ശിശുവിന് നൽകി സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് യുകെയിലെ ദമ്പതികൾ. വിഭവം തയ്യാറാക്കിയ റസ്‌റ്റോറന്‍റുകാര്‍ തന്നെയാണ് വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അയർലണ്ടിലെ ന്യൂടൗനാബെയിലെ പ്രശസ്‌തമായ ഒരു റെസ്‌റ്റോറന്‍റാണ് ക്യാപ്റ്റൻസ് ടേബിൾ.
ഇവിടെ പതിവായി ഭക്ഷണം കഴിക്കാൻ എത്താറുള്ളവരായിരുന്നു ദമ്പതികൾ. ഇനി വിഭവത്തിന്‍റെ പേര് കേട്ടാൽ കൂടുതൽ ആശ്ചര്യം തോന്നും. മറ്റൊന്നുമല്ല, 'പക്കോട' (pakora) യാണത്!. മഴക്കാലത്ത് ചായക്കൊപ്പം നമ്മൾ ആസ്വദിച്ച് കഴിക്കുന്ന അതേ 'പക്കോട'.
സാധാരണഗതിയിൽ പ്രശസ്‌തരായ വ്യക്തികളുടെയും മറ്റും പേരുകൾ മക്കൾക്ക് നൽകുന്ന ഈ കാലത്ത് ഭക്ഷണത്തിന്‍റെ പേരിട്ടുകൊണ്ടുള്ള വേറിട്ട ചിന്തയാണ് ദമ്പതികളെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരാക്കിയത്. ഇത്തരം അനുഭവം ആദ്യമാണെന്നും, പക്കോടക്ക് ലോകത്തിലേക്ക് സ്വാഗതമെന്നും, ഇനിയും കുഞ്ഞിനെ കാണാനായി കാത്തിരിക്കാനാകില്ലെന്നും ക്യാപ്റ്റൻസ് ടേബിൾ റസ്‌റ്റോറന്‍റ്കാർ നവജാത ശിശുവിന്‍റെ ഫോട്ടോയോടൊപ്പം സമൂഹ മാധ്യമത്തിൽ കുറിച്ചു. വിഭവങ്ങളുടെ പേരുകളുടെ കൂട്ടത്തില്‍ 'പക്കോട' ഉള്ള ഒരു ബിൽ രസീതിന്‍റെ ഫോട്ടോയും റസ്‌റ്റോറന്‍റ് പങ്കിട്ടു.
പോസ്‌റ്റിന്‍റെ കമന്‍റ് സെക്ഷനിലെത്തി നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. അഭിനന്ദനങ്ങള്‍ക്ക് പുറമേ അഭിപ്രായങ്ങളും പരിഹാസങ്ങളുമെല്ലാം കമന്‍റ് ബോക്‌സുകളിൽ നിറഞ്ഞു. ഇതിനിടെ ദമ്പതികൾക്ക് കൂട്ടായി ചിലർ സമാന രീതിയിൽ മക്കൾക്ക് പേരിട്ടതിന്‍റെ ചിത്രങ്ങളും പേരുകളും കമന്‍റ് സെക്ഷനിന്‍ പങ്കുവച്ചു.
ചിക്കനും ടിക്കയും ചിക്കൻ ബോളും തുടങ്ങി അതങ്ങനെ നീണ്ടു. എന്നാൽ ഇതൊന്നും അറിയാതെ ക്യൂട്ടായി ഉറങ്ങുന്ന ചിത്രമാണ് 'പക്കോട'യുടേതായി പങ്കുവച്ചിരിക്കുന്നത്.