അങ്കാറ : തുർക്കി-സിറിയ ഭൂകമ്പത്തിൽ മരണസംഖ്യ 28,192 ആയി. തുർക്കിയിലെ മരണസംഖ്യ 24,617 ആയി ഉയർന്നതായി വൈസ് പ്രസിഡന്‍റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിറിയയിൽ ഇതിനകം 3,575 മരണങ്ങൾ സ്ഥിരീകരിച്ചതായാണ് വൈറ്റ് ഹെൽമറ്റ് സിവിൽ ഡിഫൻസ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്.
ഇതിൽ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് 2,167ഉം സർക്കാർ നിയന്ത്രിത പ്രദേശങ്ങളിൽ 1,408 ഉം മരണങ്ങള്‍ സ്ഥിരീകരിച്ചു. അതിനിടെ, തുർക്കിയിലെ ഭൂകമ്പത്തിൽ കാണാതായ ഒരു ഇന്ത്യൻ പൗരന്‍റെ മൃതദേഹം ഇന്നലെ കണ്ടെടുത്തു. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാർ പൊക്രിയാലാണ് (35) മരിച്ചത്. മലാട്യയിൽ തകർന്ന ഒരു ഹോട്ടലിന്‍റെ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് തുർക്കിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ബിസിനസ് ആവശ്യങ്ങൾക്കായി ജനുവരി 22നാണ് ഇയാൾ തുർക്കിയിലേക്ക് പുറപ്പെട്ടത്. ജനുവരി 23 മുതൽ ബഹുനില ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് പാസ്‌പോർട്ടും ലഗേജും രക്ഷാപ്രവർത്തകർക്ക് ലഭിച്ചിരുന്നുവെങ്കിലും വിജയ് കുമാറിനെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്നലെ നടത്തിയ തെരച്ചിലിൽ ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഉടൻ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് എംബസി അറിയിച്ചു.
കൂടാതെ തുർക്കിയിലെ ദുരന്ത ബാധിത പ്രദേശങ്ങളിൽ 10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇവർ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് വർമ്മ വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 6നാണ് തുർക്കിയെയും സിറിയയെയും നടുക്കിയ ഭൂകമ്പം ഉണ്ടായത്. ഏഴിന് മുകളിൽ തീവ്രത രേഖപ്പെടുത്തിയ അതീവ ഗുരുതരമായ രണ്ട് ചലനങ്ങളാണ് തുർക്കിയെയും സിറിയയെയും പിടിച്ചുകുലുക്കിയത്. ആദ്യത്തെ ചലനം റിക്‌ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി പുലർച്ചെ 4.17ന് ഉണ്ടായി. രണ്ടാമത്തെ ചലനം 7.5 തീവ്രതയിൽ അതേ ദിവസം ഉച്ചയോടെ ഉണ്ടായി. ആദ്യത്തെ ചലനം പുലർച്ചെ ആളുകൾ ഉറങ്ങുന്ന സമയം ആയതിനാൽ ദുരന്തത്തിന്‍റ വ്യാപ്‌തി കൂടി.
10 പ്രവിശ്യകളിലായി 13 ദശലക്ഷം ആളുകളെയാണ് ദുരന്തം ബാധിച്ചത്. തുർക്കിയിലെ ഭൂകമ്പ ബാധിത പ്രവിശ്യകളിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യ ഉൾപ്പടെ 12ഓളം രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരെ ദുരിത ബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
മോശം കാലാവസ്ഥയും തകർന്ന റോഡുകളും ഉപകരണങ്ങളുടെ അപര്യാപ്‌തതയും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ ഇപ്പോഴും ജീവനോടെ പുറത്തെത്തിക്കുന്നത് രക്ഷാപ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മരണസംഖ്യ 40,000 കടന്നേക്കുമെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ വിലയിരുത്തൽ.
ദുരന്തത്തിൽ ഭവനരഹിതരായ നിരവധിയാളുകളാണ് തണുത്തുറഞ്ഞ കാലാവസ്ഥയിൽ കഴിയുന്നത്. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷാപ്രവർത്തകർ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ പലരും തകർന്ന കെട്ടിടത്തിന് സമീപം തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.
ലോകത്ത് ഏറ്റവും ദുരന്തം വിതച്ച അപകടങ്ങളിലൊന്നായാണ് ഈ ഭൂകമ്പത്തെ കണക്കാക്കുന്നത്. കൊടും ശൈത്യത്തിൽ അഭയ കേന്ദ്രങ്ങളില്ലാതെ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും ടെന്‍റുകളും പുതപ്പുകളുമൊക്കെ സർക്കാർ വിതരണം ചെയ്യുന്നുണ്ട്. എങ്കിലും ഇതൊന്നും ലഭ്യമാകാതെ നിരവധിയാളുകൾ ഇപ്പോഴും ദുരന്തഭൂമിയിൽ വലയുകയാണ്.