അങ്കാറ: ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ മരണസംഖ്യ 25,000 കവിഞ്ഞിരിക്കുകയാണ്. ലോകത്ത് ഏറ്റവും ദുരന്തം വിതച്ച അപകടങ്ങളിലൊന്നായാണ് ഈ ഭൂകമ്പത്തെ കണക്കാക്കുന്നത്. ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ ഇന്ത്യയുടെ സഹായം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. തുർക്കിയിലെ തെക്കൻ നഗരമായ ഇസ്കെൻഡറുണിലെ ഇന്ത്യൻ ഫീൽഡ് ആശുപത്രിയിൽ പരിക്കേറ്റ നിരവധി പേർക്കാണ് വൈദ്യസഹായം നൽകി വരുന്നത്.
അതേസമയം ഭൂകമ്പം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷവും കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പലരെയും പുറത്തെടുക്കാനാകുന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് രക്ഷപ്രവർത്തകർ. ശനിയാഴ്‌ച തകർന്ന വീടിനുള്ളിൽ നിന്ന് ഒരു കുടുംബത്തിലെ അഞ്ചംഗങ്ങളെ രക്ഷപ്രവർത്തകർ പുറത്തെത്തിച്ചിരുന്നു. ഗാസിയാൻടെപ് പ്രവിശ്യയിലെ നൂർദാഗ് പട്ടണത്തിലെ അവശിഷ്‌ടങ്ങൾക്കിടയിൽ അപകടം നടന്ന് അഞ്ച് ദിവസങ്ങൾക്കിപ്പുറമാണ് ഇവരെ അത്‌ഭുതകരമായി പുറത്തെത്തിച്ചത്.
ആദ്യം ഹവ്വയെന്ന അമ്മയേയും, ഫത്മഗുൽ അസ്‌ലാൻ എന്ന മകളെയുമാണ് രക്ഷപ്രവർത്തകർ പുറത്തെത്തിച്ചത്. പിന്നാലെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ഹവ്വയുടെ ഭർത്താവ് ഹസൻ അസ്‌ലാനെയും കണ്ടെത്തി. എന്നാൽ ആദ്യം മക്കളായ സെയ്‌നെപ്പിനെയും, സാൾട്ടിക് ബുഗ്രയേയും പുറത്തെത്തിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഒടുവിൽ 129 മണിക്കൂറുകൾ നീണ്ട രക്ഷപ്രവർത്തനത്തിന് ശേഷം മൂന്ന് പേരെയും പുറത്തെത്തിച്ചപ്പോൾ അവിടെയുണ്ടായിരുന്നവരുടെ കണ്ണുകൾ സന്തോഷക്കണ്ണീരാൽ നിറഞ്ഞു.
ഇന്ന് ഏതാ ദിവസം? : കൊടും തണുപ്പിനിടയിലും രക്ഷപ്രവർത്തകർ ശനിയാഴ്‌ച ഒൻപത് പേരെയാണ് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. ഇതിൽ ഒരു 16 വയസുകാരനും 70 കാരിയും ഉൾപ്പെടുന്നു. 'ഇത് ഏത് ദിവസമാണ്' എന്നാണ് കഹ്‌റാമൻമാരസിലെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് പുറത്തെത്തിയ കൗമാരക്കാരൻ രക്ഷപ്രവർത്തകരോട് ചോദിച്ചത്. ഇതിനിടെ രക്ഷപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ച രണ്ട് പേർ ചികിത്സിയിലിരിക്കെ മരണപ്പെട്ടുവെന്ന സങ്കടകരമായ വാർത്തയും ശനിയാഴ്‌ച തുർക്കിയിൽ നിന്ന് പുറത്തുവന്നിരുന്നു.
കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ മറ്റ് പരിക്കുകളൊന്നുമില്ലാതെ കുടുങ്ങിക്കിടക്കുന്നവർക്ക് ഒരാഴ്‌ചയോ അതിൽ കൂടുതലോ ദിവസങ്ങൾ ജീവനോടെയിരിക്കാൻ സാധിക്കുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഭുകമ്പമുണ്ടായി ആറാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ഇനി അധികം പ്രതീക്ഷ വയ്‌ക്കേണ്ടതില്ലെന്നാണ് രക്ഷപ്രവർത്തകർ വ്യക്‌തമാക്കുന്നത്. തെർമൽ ക്യാമറകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായാണ് സംഘം രാപ്പകലില്ലാതെ തെരച്ചിലിൽ ഏർപ്പെടുന്നത്.
എന്നാൽ പ്രദേശത്തെ കൊടും തണുപ്പ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്കും, രക്ഷപ്രവർത്തകർക്കും വലിയ തടസമാണ് സൃഷ്‌ടിക്കുന്നത്. വീടുകൾ തകർന്നതിനാൽ പലരും അഭയകേന്ദ്രങ്ങളില്ലാതെ വലയുകയാണ്. തുർക്കി സർക്കാർ ചൂടുള്ള ഭക്ഷണങ്ങളും ദശലക്ഷക്കണക്കിന് ടെന്‍റുകളും പുതപ്പുകളും വിതരണം ചെയ്‌തിട്ടുണ്ടെങ്കിൽ പോലും അവയൊന്നും ലഭ്യമാകാത്ത ധാരാളം പേർ ഇന്നും തുർക്കിയിൽ ദുരിതമനുഭവിച്ച് കൊണ്ടിരിക്കുകയാണ്.
ദുരിതക്കയത്തിൽ സിറിയ: അതേസമയം ഭൂകമ്പത്തിൽ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് സിറിയയാണ്. 12 വർഷത്തെ ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയിൽ അപ്രതീക്ഷിതമായെത്തിയ ഭൂകമ്പം ദുരന്തത്തിന്‍റെ വ്യാപ്‌തി കൂട്ടി. സംഘർഷം സിറിയയിലെ പല പ്രദേശങ്ങളെയും ഒറ്റപ്പെടുത്തുകയും സഹായം ലഭിക്കാനുള്ള ശ്രമങ്ങൾ സങ്കീർണ്ണമാക്കുകയും ചെയ്‌തു. എന്നാൽ പല രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തിയിട്ടും സിറിയയ്‌ക്ക് ഇന്ത്യ കൈയയച്ച് സഹായം നൽകുന്നുണ്ട്.
സിറിയയിൽ 5.3 ദശലക്ഷം ആളുകൾ ഭവനരഹിതരായി എന്നാണ് യുഎൻ അഭയാർഥി ഏജൻസിയുടെ കണക്ക്. ടെന്‍റുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, തെർമൽ ബ്ലാങ്കറ്റുകൾ, സ്ലീപ്പിംഗ് പായകൾ, ശീതകാല വസ്‌ത്രങ്ങൾ എന്നിവ രാജ്യത്തേക്ക് എത്തിക്കാൻ ശ്രമിക്കുകയാണെന്ന് യുഎൻഎച്ച്‌സിആറിന്‍റെ സിറിയയിലെ പ്രതിനിധി ശിവങ്ക ധനപാല അറിയിച്ചു. ശനിയാഴ്‌ച പ്രസിഡന്‍റ് ബഷാർ അസദും ഭാര്യയും ഭൂകമ്പത്തിൽ പരിക്കേറ്റവരെ ലതാകിയയിലെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
തുർക്കിയേയും സിറിയയേയും പിടിച്ചുകുലുക്കിക്കൊണ്ട് തിങ്കളാഴ്‌ചയുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരക്കണക്കിന് കെട്ടിടങ്ങളാണ് തകർന്നത്. 24,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 80,000 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ദശലക്ഷക്കണക്കിന് ആളുകളാണ് ഭവനരഹിതരായത്. എന്നാൽ ഈ ദുഖങ്ങൾക്കിടയിലും ദിവസങ്ങൾക്ക് ശേഷവും ഒരാളെയെങ്കിലും ജീവനോടെ പുറത്തെത്തിക്കാൻ സാധിച്ചു എന്ന വാർത്തകൾ വലിയ ആശ്വാസമാണ് സമ്മാനിക്കുന്നത്.