വാഷിങ്‌ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ (Republican Party candidates) സംവാദത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് (Donald Trump). താന്‍ ആരാണെന്നും എത്ര വിജയകരമായ പ്രസിഡൻസിയാണ് തനിക്കുളളതെന്നും പൊതുജനങ്ങൾക്ക് അറിയാം എന്ന് ട്രംപ് തന്‍റെ സോഷ്വൽ മീഡിയ സൈറ്റിലൂടെ അറിയിച്ചു. അതിനാൽ താൻ ഒരു സംവാദവും നടത്തുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്‌ച (ഓഗസ്റ്റ് 23) ആണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ സംവാദം (Republican presidential primary debate).
അടുത്ത വര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ (US Presidential election) മത്സരിക്കാന്‍ തയ്യാറെടുക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ചാണ് സംവാദം നടക്കുക. വിസ്‌കോൻസെനിലെ മിൽവോക്കിയിൽ ഫോക്കസ് ന്യൂസ് ചാനൽ ആണ് സംവാദം സംഘടിപ്പിക്കുന്നത്. ഇതില്‍ നിന്നാണ് ട്രംപ് വിട്ടുനില്‍ക്കുന്നതായി അറിയിച്ചത്.
അതേസമയം എല്ലാ പ്രാഥമിക സംവാദങ്ങളും ബഹിഷ്‌കരിക്കാൻ താരുമാനിച്ചതായോ, അതോ നിലവിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നവ മാത്രമാണോ ബഹിഷ്‌കരിക്കാൻ ഉദ്ദേശിക്കുന്നത് എന്നോ അദ്ദേഹത്തിന്‍റെ വക്താവ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒന്നോ രണ്ടോ പൂജ്യമോ ശതമാനം ആളുകളെ കൊണ്ട് രാത്രി മുഴുവന്‍ ചോദ്യങ്ങള്‍ ചോദിച്ച് തന്നെ പ്രഹരമേല്‍പ്പിക്കാന്‍ താന്‍ എന്തിന് അനുവദിക്കണമെന്ന് നേരത്തെ ജൂണില്‍ ഫോക്‌സ് ന്യൂസ് അവതാരകനായ ബ്രെറ്റ് ബെയറുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
ഫോക്‌സിനെ നിരന്തരമായി വിമര്‍ശിക്കുന്ന ട്രംപ് ഓഗസ്റ്റ് 23ലെ പരിപാടിയില്‍ അവതാരകന്‍ തന്നോട് മാന്യമായി പെരുമാറില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നതായും പ്രതികരിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്ന ചാനലാണെങ്കിലും ഫോക്‌സുമായി ട്രംപിന് നല്ല ബന്ധമല്ല ഉളളത്. എന്നാല്‍ ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന വെബ്‌സൈറ്റില്‍ പരിപാടി അവതരിപ്പിച്ചിരുന്ന മുന്‍ ഫോക്‌സ് ന്യൂസ് അവതാരകന്‍ ടക്കര്‍ കാള്‍സണുമായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ട്രംപ് താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടി അനുയായികൾക്കിടയിൽ ഫോക്‌സ് നടത്തിയ അഭിപ്രായ സർവേയിൽ 53 ശതമാനം പിന്തുണയുമായി മുൻ പ്രസിഡന്‍റ് മുന്നിൽ നിൽക്കുന്നുണ്ട്.
കുറ്റങ്ങൾ നിഷേധിച്ച് ട്രംപ് (cases against Donald Trump) : 2020ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഡൊണാൾഡ് ട്രംപിനെ പിടികൂടിയിരുന്നു. അഭിഭാഷകൻ മുഖേനയല്ലാതെ കേസിൽ സാക്ഷികളായ ആരുമായും ആശയവിനിമയം നടത്താൻ അനുവദിക്കില്ല എന്നതുൾപ്പടെയുള്ള വ്യവസ്ഥകളോടെയായിരുന്നു ട്രംപിനെ മോചിപ്പിച്ചത്.
അതേസമയം തനിക്കെതിരായ നാല് കുറ്റാരോപണങ്ങളും ഡോണൾഡ് ട്രംപ് ഫെഡറൽ കോടതിയിൽ നിഷേധിക്കുകയാണുണ്ടായത്. കേസിൽ അടുത്ത വാദം ഓഗസ്റ്റ് 28ന് നടക്കും. കോടതി നിർദേശിച്ച ഉപാധികൾ പാലിക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുക്കുകയും വ്യവസ്ഥകൾ അംഗീകരിക്കുന്ന പേപ്പറുകളെ ഒപ്പുവയ്ക്കുകയും ചെയ്‌തു.
2021 ജനുവരി 6ന് യുഎസ് ക്യാപിറ്റോളിന് നേരെയുണ്ടായ ട്രംപ് അനുകൂലികളുടെ ആക്രമണത്തെ തുടർന്നാണ് കേസെടുത്തത്. അധികാരികളെ കബളിപ്പിക്കാനുള്ള ഗൂഢാലോചന, നടപടി തടസപ്പെടുത്താനുള്ള ഗൂഢാലോചന, കൃത്യനിർവഹണം തടസപ്പെടുത്തൽ, അവകാശങ്ങൾക്കെതിരെ ഗൂഢാലോചന തുടങ്ങിയ നാല് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.
രാജ്യത്തിന്‍റെ 247 വർഷത്തെ ചരിത്രത്തിൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്‍റാണ് ട്രംപ്. കേസിന്‍റെ വാദം കേൾക്കുന്ന വാഷിങ്‌ടടണിലെ യുഎസ് കോടതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ടായിരുന്നു. ചില തെരുവുകളിൽ ഗതാഗതം നിരോധിക്കുകയും നിരവധി സുരക്ഷ ഉദ്യോഗസ്ഥരെ കാവലിന് നിയോഗിക്കുകയും ചെയ്‌തു