തായ്‌പേയ്: തായ്‌വാൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പോളിങ് തുടങ്ങി. ഇന്ന് പ്രാദേശിക സമയം എട്ട് മണിക്കാണ് വോട്ടെടുപ്പാരംഭിച്ചത്. അടുത്ത നാല് വർഷത്തേക്കുള്ള തായ്‌വാൻ രാഷ്ട്ര തലവനുവേണ്ടിയുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. (Taiwan Presidential Election Began)
നിലവിൽ രാജ്യത്തിന്‍റെ വൈസ് പ്രസിഡന്‍റായ ലായ് ചിങ്-ടെ ആണ് പ്രധാന സ്ഥാനാര്‍ത്ഥി. ഡിപിപി എന്നറിയപ്പെടുന്ന ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയെ പ്രതിനിധീകരിക്കുന്ന സ്ഥാനാർത്ഥിയാണ് ലായ് ചിങ്. മൂന്നാം ടേമിലും വിജയം അവർത്തിക്കാനാണ് ഡിപിപിയുടെ ശ്രമം. ഡിപിപിയുടെ സായ് ഇംഗ്-വെന്‍ ആണ് നിലവില്‍ തായ്‌വാൻ പ്രസിഡന്‍റ്.
നാഷണലിസ്റ്റ് പാർട്ടി എന്നറിയപ്പെടുന്ന ചൈനീസ് ചായ്‌വുള്ള കുമിന്‍റാങ് പാർട്ടിയാണ് ഡിപിപിയുടെ മുഖ്യ എതിരാളി. ഹൗ യു-ഇഹ് ആണ് നാഷണലിസ്റ്റ് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥി. രണ്ട് പ്രധാന പാർട്ടികൾക്കും ബദലായി തായ്‌വാൻ പീപ്പിൾസ് പാർട്ടിയും മത്സര രംഗത്തുണ്ട്. കോ വെൻ ജെ ആണ് ടിപിപിയുടെ സ്ഥാനാർത്ഥി. പ്രചാരണ വേളയിൽ മികച്ച സ്വീകാര്യത നേടിയ സ്ഥാനാർത്ഥിയാണ് കോ വെൻ ജെ
ചൈനയുടെ അധിനിവേശ ഭീഷണി നിലനിൽക്കവെയാണ് തായ്‌വാനിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ചൈന നടത്തുന്ന ഇടപെടലുകൾ സ്വതന്ത്ര തായ്‌വാൻ വാദമുയർത്തുന്ന സ്ഥാനാർഥികളെയും വോട്ടർമാരെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചില വിദേശ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ചൈനയുടെ ഇടപെടലുകൾ പ്രതിരോധിക്കാൻ അമേരിക്ക ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു അനൗദ്യോഗിക പ്രതിനിധി സംഘത്തെ ദ്വീപിലേക്ക് അയക്കാൻ ബൈഡൻ ഭരണകൂടത്തിന് പദ്ധതിയുള്ളതായാണ് വിവരം. തെരഞ്ഞെടുപ്പിലൂടെ ഏത് സർക്കാർ വന്നാലും അവര്‍ക്ക് തങ്ങളുടെ പിന്തുണയും യുഎസ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
യുഎസിൻ്റെ നീക്കം ചൈനയുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വ്യാപാരം, കൊവിഡ്, യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മില്‍ ഭിന്നത നിലനിൽക്കുന്നു. തായ്‌വാനിൽ ചൈന അധിനിവേശം നടത്തുന്നതിനെയും യുഎസ് ശക്തമായി എതിർക്കുന്നുണ്ട്.
ചൈന ഉയർത്തുന്ന വെല്ലുവിളി കൂടാതെ നിരവധി ആഭ്യന്തര പ്രശ്‌നങ്ങളും തായ്‌വാൻ തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തും. തായ്‌വാന്‍റെ സാമ്പതിക വളർച്ച പൊടുന്നനെ മന്ദഗതിയിലായത് തെരഞ്ഞെടുപ്പിൽ ഭരണപക്ഷ പാർട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം വെറും 1.4% വളർച്ച മാത്രമാണ് തായ്‌വാന് കൈവരിക്കാനായത്.
കംപ്യൂട്ടർ ചിപ്പുകൾ അടക്കം കൂടിയ ആവശ്യകതയുള്ള വസ്‌തുക്കളുടെ കയറ്റുമതിയാണ് കഴിഞ്ഞ വർഷം ഇത്രയെങ്കിലും വളർച്ച നേടാൻ രാജ്യത്തെ സഹായിച്ചത്. ചൈനീസ് സമ്പദ്‌വ്യവസ്ഥയിലുണ്ടായ ഇടിവും ഇതിന് കാരണമായി. സാമ്പത്തിക വളർച്ച കുറഞ്ഞതുകൂടാതെ ഭവന നിർമ്മാണം, ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം, തൊഴിലില്ലായ്‌മ തുടങ്ങിയ വെല്ലുവിളികളും തെരഞ്ഞെടുപ്പിൽ നിർണായകമായേക്കും.