കൊളംബോ : ശ്രീലങ്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആക്‌ടിംഗ് പ്രസിഡന്‍റ് റെനിൽ വിക്രമസിംഗെ, ഭരണമുന്നണി വിട്ട മുൻമന്ത്രി ഡള്ളസ് അലഹപെരുമ, ജനത വിമുക്തി പെരമുന പാര്‍ട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നിവരാണ് മത്സരരംഗത്തുള്ളത്. 225 അംഗ പാർലമെന്‍റിൽ 113 വോട്ട് ലഭിക്കുന്നവർ ജയിക്കും. രഹസ്യ വോട്ടെടുപ്പാണ് നടക്കുക.
ശ്രീലങ്കയിലെ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ ഇന്നലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്ന് തന്‍റെ സ്ഥാനാർഥിത്വം പിൻവലിച്ച് ഡള്ളസ് അലഹപെരുമക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന, ശ്രീലങ്ക പൊതുജന പെരമുനയുടെ (എസ്എൽപിപി) എംപിയായ അലഹപ്പെരുമയെ തന്‍റെ പാർട്ടിയായ സമാഗി ജന ബലവേഗയയും അതിന്‍റെ സഖ്യവും പ്രതിപക്ഷ പങ്കാളികളും പിന്തുണയ്ക്കുമെന്ന് പ്രേമദാസ ട്വിറ്ററിൽ കുറിച്ചു. ലങ്കക്കാർക്ക് ഏറ്റവും വലിയ നന്മ ആഗ്രഹിക്കുന്നതിനാലാണ് താൻ ഈ തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് പ്രേമദാസ പറഞ്ഞു.
സജിത് പ്രേമദാസയുടെ ട്വീറ്റിന്‍റെ പൂർണരൂപം : 'ഞാൻ സ്‌നേഹിക്കുന്ന എന്‍റെ രാജ്യത്തിന്‍റെയും ഞാൻ സ്‌നേഹിക്കുന്ന ജനങ്ങളുടെയും മഹത്തായ നന്മയ്‌ക്കായി പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള എന്‍റെ സ്ഥാനാർഥിത്വം ഇതിനാൽ പിൻവലിക്കുന്നു. ഡല്ലാസ് അലഹപെരുമയെ വിജയിപ്പിക്കാൻ സമാഗി ജന ബലവേഗയയും ഞങ്ങളുടെ സഖ്യവും ഞങ്ങളുടെ പ്രതിപക്ഷ പങ്കാളികളും കഠിനാധ്വാനം ചെയ്യും'- അദ്ദേഹം ട്വീറ്റ് ചെയ്‌തു.
ശ്രീലങ്ക പൊതുജന പെരമുനയുടെ (എസ്‌എൽപിപി) മുതിർന്ന നിയമസഭാംഗവും മുൻ പത്രപ്രവർത്തകനുമാണ് ഡള്ളസ് അലഹപെരുമ. മുൻ രാജപക്‌സെ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു. റെനില്‍ വിക്രമ സിംഗെക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം നടക്കുകയാണ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റെനിൽ വിക്രമസിംഗെ ജയിച്ചാൽ സർക്കാർ മന്ദിരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് പ്രക്ഷോഭകരുടെ ലക്ഷ്യം.
രാജിവയ്ക്കാതെ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ രാജ്യം വിട്ടതോടെ ശ്രീലങ്കയില്‍ പ്രക്ഷോഭം ശക്തമായിരുന്നു. പ്രസിഡന്‍റ് രാജ്യം വിട്ട് മണിക്കൂറുകൾക്കകം പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ ആക്‌ടിങ് പ്രസിഡന്‍റായി നിയമിക്കുകയായിരുന്നു. ഇത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയിൽ രാഷ്‌ട്രീയ പ്രതിസന്ധിക്കും ഇടയാക്കുകയും പുതിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്‌തു. പിന്നീട് സിംഗപ്പൂരിലേക്ക് കടന്ന രാജപക്‌സെ ഇ-മെയിൽ വഴിയാണ് സ്‌പീക്കർക്ക് രാജിക്കത്ത് സമർപ്പിച്ചത്.