കൊളംബോ : പ്രക്ഷോഭകരെ ഭയന്ന് രാജ്യംവിട്ട മുന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയെ ശ്രീലങ്കയിലെത്തിക്കാന്‍ നീക്കംനടക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലെ ശ്രീലങ്കന്‍ പ്രസിഡന്‍റ് റെനിൽ വിക്രമസിംഗെയാണ് ഇതിനുള്ള നീക്കങ്ങള്‍ നടത്തുന്നത്. ഇതിനായി, രാജപക്‌സെയുമായി ഫോണില്‍ ബന്ധപ്പെട്ട് ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായും വിവരമുണ്ട്.
തിങ്കളാഴ്ചയാണ് (ഓഗസ്റ്റ് 22) ഇതുസംബന്ധിച്ച് പ്രമുഖ ശ്രീലങ്കന്‍ മാധ്യമം വാര്‍ത്ത പുറത്തുവിട്ടത്. ഭാര്യ ലോമ രാജപക്‌സെയ്‌ക്കൊപ്പം ബാങ്കോക്കിലെ ഒരു ഹോട്ടലിലാണ് അദ്ദേഹം നിലവില്‍ താമസിക്കുന്നത്. രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ വിക്രമസിംഗെ, രാജപക്‌സെയുമായി ബന്ധപ്പെട്ടെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മിറർ ദിനപത്രം വാര്‍ത്ത നല്‍കി. കൊളംബോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജയ ന്യൂസ്‌പേപ്പേഴ്‌സ് കമ്പനിയുടെ ഇംഗ്ലീഷ് ദിനപത്രമാണ് ഡെയ്‌ലി മിറർ.
തീയതിയില്‍ വൃക്തതയില്ല : ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന, നേതാവും ബന്ധുവുമായ ബേസിൽ രാജപക്‌സെ അടക്കമുള്ള നേതാക്കള്‍ വിക്രമസിംഗെയെ കാണുകയും മുൻ പ്രസിഡന്‍റിനെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് നടപടിയെന്ന് ശ്രീലങ്കന്‍ മാധ്യമത്തിന്‍റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ബാങ്കോക്കിൽ നിന്ന് രാജപക്‌സെ ഈയാഴ്‌ച ശ്രീലങ്കയില്‍ മടങ്ങി എത്തിയേക്കുമെന്ന റിപ്പോർട്ടുകള്‍ വന്നെങ്കിലും തീയതി സംബന്ധിച്ച് വ്യക്തതയില്ല.
രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാഗി ജന ബലാവേഗയ (എസ്.ജെ.ബി) രാജപക്‌സെയ്‌ക്ക് രാജ്യത്ത് തിരിച്ചെത്താനുള്ള അവകാശമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ, രാജ്യത്തെ ഖജനാവ് ദുരുപയോഗം ചെയ്‌തുവെന്ന ആരോപണത്തില്‍ അദ്ദേഹത്തെ വിചാരണ ചെയ്യണമെന്നും പാര്‍ട്ടി നിലപാട് വ്യക്തമാക്കുകയുണ്ടായി. സാമ്പത്തിക സഹായത്തിന്‍റെ ഭാഗമായി ഇന്ത്യ നൽകിയ ഒരു ബില്യൺ യു.എസ് ഡോളര്‍ വായ്‌പ രാജപക്‌സെയുടെ സർക്കാർ ദുരുപയോഗം ചെയ്‌തതായും പ്രതിപക്ഷ പാര്‍ട്ടിയായ എസ്.ജെ.ബി ആരോപിച്ചു. മുൻ പ്രസിഡന്‍റുമാർക്ക് വ്യക്തിഗത സുരക്ഷയും ജീവനക്കാര്‍ ഉള്‍പ്പെട്ട ഓഫിസും അടക്കം പ്രത്യേകാവകാശങ്ങൾ ശ്രീലങ്കൻ ഭരണഘടന അനുവദിക്കുന്നുണ്ട്.
ഗ്രാന്‍ കാര്‍ഡിനായും ശ്രമം ?: അതേസമയം, രാജപക്‌സെയുടെ ഭാര്യയ്‌ക്ക് യു.എസ് പൗരത്വമുള്ളതിനാല്‍ തന്നെ ഗ്രീൻകാർഡ് ലഭിക്കാന്‍ അപേക്ഷിക്കാനുള്ള നടപടിക്രമങ്ങൾക്ക് രാജപക്‌സെയുടെ അഭിഭാഷകർ തുടക്കമിട്ടിട്ടുണ്ട്. ഇതിനായി, കഴിഞ്ഞ മാസം ആരംഭം കുറിച്ചെന്നും ഡെയ്‌ലി മിറർ റിപ്പോര്‍ട്ട് ചെയ്‌തു. 2019-ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഇതേവര്‍ഷം രാജപക്‌സെ യു.എസ് പൗരത്വം ഉപേക്ഷിച്ചത്.
ശ്രീലങ്കൻ സൈന്യത്തിൽ നിന്ന് നേരത്തെ വിരമിച്ച രാജപക്‌സെ വിവരസാങ്കേതിക രംഗത്തേക്ക് പില്‍ക്കാലത്ത് ചേക്കേറുകയായിരുന്നു. 1998 ലാണ് അമേരിക്കയില്‍ താമസം ആരംഭിക്കുന്നത്. ഭാവിസംബന്ധിച്ച നീക്കങ്ങളെക്കുറിച്ച് രാജപക്‌സെ തന്‍റെ അഭിഭാഷകരുമായി സജീവമായി ബന്ധപ്പെടുന്നതായാണ് ലഭിക്കുന്ന വിവരം. സുരക്ഷ സംബന്ധിച്ച് ജാഗ്രത ആവശ്യമുള്ളതിനാല്‍ വീടിനുള്ളിൽ തന്നെ തുടരണമെന്ന് തായ്‌ലന്‍ഡ് പൊലീസ് രാജപക്‌സെയ്‌ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം വീടിനുള്ളില്‍ തന്നെയാണ് നിലവില്‍ കഴിയുന്നത്.
രാഷ്‌ട്രത്തിന്‍റെ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്‌തതിലെ പാകപ്പിഴവ്, അഴിമതി തുടങ്ങിയ കാരണങ്ങളാണ് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിലേക്ക് നയിച്ചത്. ഇതിന് കാരണക്കാരായ രാജ്യത്തിന്‍റെ പ്രസിഡന്‍റിനെതിരെയും സർക്കാരിനെതിരെയും വന്‍ പ്രക്ഷോഭമാണുണ്ടായത്. ഇതേ തുടര്‍ന്നാണ് 73 കാരനായ രാജപക്‌സെ ജൂലൈ മാസം രാജ്യം വിട്ടതും രാജിവച്ചതും.