ന്യൂയോര്‍ക്ക്: തലപ്പാവ് ധരിച്ചതിന്‍റെ പേരില്‍ സിഖ് കൗമാരക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. തലപ്പാവ് ധരിച്ചെത്തിയതിന് ബസില്‍ വച്ച് സിഖ് കൗമാരക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ക്രിസ്‌റ്റഫര്‍ ഫിലിപ്പോക്‌സ് എന്ന 26 കാരനായ യുവാവിനെയാണ് യുഎസ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വിദ്വേഷ കുറ്റകൃത്യം എന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് വര്‍ഷത്തിലേറെ തടവ് ശിക്ഷ അനുഭവിച്ച് 2021 ജൂലൈയിലാണ് ക്രിസ്‌റ്റഫര്‍ ഫിലിപ്പോക്‌സ് പുറത്തിറങ്ങിയത്. എന്നാല്‍ ബസില്‍ നടന്ന സംഭവത്തിന്‍റെ പേരില്‍ വീണ്ടും അറസ്‌റ്റിലായി. ബസിലെ സംഭവത്തിന് ശേഷം 118 ആം സ്‌ട്രീറ്റിനും ലിബര്‍ട്ടി അവന്യൂവിനും സമീപത്ത് വച്ച് ഇറങ്ങിയോടുന്നതിനിടെയാണ് ഇയാള്‍ അറസ്‌റ്റിലാകുന്നതെന്ന് പൊലീസിനെ ഉദ്ദരിച്ച് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു.
സംഭവം ഇങ്ങനെ: ന്യൂയോർക്ക് സിറ്റി എംടിഎ ബസിലുണ്ടായിരുന്ന ഫിലിപ്പോക്‌സ് 19 വയസുള്ള സിഖ് കൗമാരക്കാരന്‍റെ അടുത്തെത്തി. തുടര്‍ന്ന് തലപ്പാവ് ചൂണ്ടി അത് ഞങ്ങളുടെ രാജ്യത്ത് ധരിക്കാറില്ലെന്ന് അറിയിച്ചു. മാത്രമല്ല തലപ്പാവ് വേഗം അഴിച്ചുമാറ്റാനും ആവശ്യപ്പെട്ടു. എന്നാല്‍ കൗമാരക്കാരന്‍ ഇതിന് വഴങ്ങാതെ വന്നതോടെ പ്രതി, ഇയാളുടെ മുഖത്തും തലയിലും മുതുകിലുമെല്ലാമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
മര്‍ദനത്തില്‍ കൗമാരക്കാരന്‍റെ ശരീരത്തില്‍ മുറിവുകളുണ്ടായി എന്നും തുടര്‍ന്ന് ഇയാള്‍ 118 ആം സ്‌ട്രീറ്റിനും ലിബര്‍ട്ടി അവന്യൂവിനും സമീപത്ത് വച്ച് ഇറങ്ങിയോടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഇതിനിടയിലും ഇയാള്‍ കൗമാരക്കാരന്‍റെ തലപ്പാവ് വലിച്ചൂരി മാറ്റാന്‍ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു.
പ്രതി സ്ഥിരം കുറ്റവാളി: അതേസമയം മാൻഹട്ടനില്‍ കവർച്ചശ്രമത്തിന് ശിക്ഷിക്കപ്പെട്ട് രണ്ട് വർഷത്തിലധികം സ്‌റ്റേറ്റ് ജയിലിൽ കഴിഞ്ഞ ശേഷം 2021 ജൂലൈയിലാണ് ഫിലിപ്പോക്‌സ് പരോളിലിറങ്ങുന്നതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം ബ്രൂക്ലിനിൽ സർക്കാർ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയതിനും ഇയാളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചതായി ന്യൂയോർക്ക് ഡെയ്‌ലി ന്യൂസും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആക്രമണത്തില്‍ താന്‍ തകര്‍ന്നുപോയെന്നും ഇനിയും ആരുടെയും രൂപം കണ്ട് ഉപദ്രവിക്കപ്പെടരുതെന്നും മര്‍ദനത്തിനിരയായ സിഖ് കൗമാരക്കാരനും പ്രതികരിച്ചു.