ഖൈബർ പഖ്‌തൂൺഖ്വ : പാകിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്‌തൂൺഖ്വയിലെ ബന്നു ജില്ലയിലെ ജാനി ഖേൽ ജനറൽ ഏരിയയിൽ നടന്ന ചാവേർ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പ്രമുഖ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്‌തു (Several Soldiers Killed Suicide Attack In Pakistan).
ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം, ഒരു മോട്ടോർ സൈക്കിളിൽ എത്തിയയാള്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേർ ആക്രമണം നടത്തുകയായിരുന്നു. തൽഫലമായി നായിബ് സുബേദാർ സനോബർ അലി ഉൾപ്പടെ ഒമ്പത് പാക് സൈനികർ മരിക്കുകയും അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പ്രദേശം സുരക്ഷാസേന വളഞ്ഞതായും തീവ്രവാദികളെ ഉന്മൂലനം ചെയ്യാൻ നടപടി സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
'ഭീകരവാദത്തിന്‍റെ ഭീഷണി ഇല്ലാതാക്കാൻ പാകിസ്ഥാൻ സുരക്ഷാസേന പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ ധീരരായ സൈനികരുടെ ത്യാഗങ്ങൾ ഞങ്ങളുടെ തീരുമാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു' എന്ന് പറഞ്ഞുകൊണ്ട് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കർ സൈനികരുടെ മരണത്തിൽ ദുഖം രേഖപ്പെടുത്തി. കൂടാതെ കെപിയിലെ ബന്നു ഡിവിഷനിൽ ഒമ്പത് ധീരരായ സൈനികരെ നഷ്‌ടപ്പെട്ടതിൽ ഹൃദയം തകർന്നുവെന്ന് കക്കർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (X) കുറിക്കുകയും ചെയ്‌തു.
ഡോൺ റിപ്പോർട്ട് ചെയ്‌തത് പ്രകാരം നിരോധിത തെഹ്‌രീക് ഇ താലിബാൻ പാകിസ്ഥാൻ (TTP) സർക്കാരുമായുള്ള വെടി നിർത്തൽ കഴിഞ്ഞ നവംബറിൽ അവസാനിപ്പിച്ചത് മുതൽ ഭീകരപ്രവർത്തനങ്ങളിൽ വർധനവുണ്ടായിട്ടുണ്ട്. ഖൈബർ പഖ്‌തൂൺഖ്വയിലും ബലൂചിസ്ഥാനിലുമാണ് ഭീകരരുടെ സാന്നിധ്യം കൂടുതൽ ഉളളത്.
കൂടാതെ ഖൈബർ പഖ്‌തൂൺഖ്വ മേഖലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായ രണ്ടാമത്തെ സംഭവമാണിത്. ജൂലൈ 30നുണ്ടായ ആക്രമണത്തിൽ 54 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
വസീറിസ്ഥാനിലെ വെടിവയ്‌പ്പ് : അതേസമയം ഓഗസ്‌റ്റ് 22ന് ദക്ഷിണ വസീറിസ്ഥാൻ ജില്ലയിലുണ്ടായ വെടിവയ്‌പ്പിൽ ആറ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ബലൂചിസ്ഥാൻ പ്രദേശങ്ങളായ സോബ്, സുയി എന്നിവിടങ്ങളിൽ നടത്തിയ പ്രത്യേക സൈനിക നടപടികളിൽ 12 പേര്‍ കൊല്ലപ്പെട്ടു.
അടുത്ത കാലത്ത് ഭീകരാക്രമണങ്ങളിൽ സൈന്യം കണ്ട ഒറ്റ ദിവസത്തെ ഏറ്റവും വലിയ മരണസംഖ്യയായിരുന്നു ഇത്. ഇതിനുമുമ്പ് 2022 ഫെബ്രുവരിയിൽ ബലൂചിസ്ഥാനിലെ കെച്ച് പ്രദേശത്ത് അഗ്നിബാധയിൽ 10 സൈനികർ മരിച്ചിട്ടുണ്ടായിരുന്നു.
Also Read: Pakistan Bomb blast പാകിസ്ഥാനിൽ ബോംബ് സ്‌ഫോടനം; 11 തൊഴിലാളികൾ കൊല്ലപ്പെട്ടു
ഗുൽമിർ കോട്ടിൽ ബോംബ് സഫോടനം : പാകിസ്ഥാനിലെ നോർത്ത് വസീറിസ്ഥാനിലെ ഗുൽമിർ കോട്ടിൽ നടന്ന ബോംബ് സ്ഫോടനത്തിൽ 11 തൊഴിലാളികളാണ് കൊലപ്പെട്ടത്. വടക്കൻ വസീറിസ്ഥാനിൽ ഒരു വാനിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. ബജൗറിലെ വൻ ചാവേർ സ്‌ഫോടനം നടന്ന് ആഴ്‌ചകൾ മാത്രം പിന്നിടുമ്പോഴാണ് മറ്റൊരു ആക്രമണമുണ്ടായത്.