ടെഹ്‌റാൻ: ഇറാനിൽ നടന്ന ഇരട്ട സ്‌ഫോടനങ്ങളിൽ 103 പേർക്ക് ദാരുണാന്ത്യം. ഇറാന്‍റെ മുന്‍ സൈനിക മേധാവിയായിരുന്ന ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപമാണ് സ്‌ഫോടനങ്ങൾ നടന്നത്. അദ്ദേഹം കൊല്ലപ്പെട്ടതിന്‍റെ നാലാം വാര്‍ഷികാചരണം നടക്കവെയാണ് ശവകുടീരത്തിന് സമീപം സ്ഫോടനം നടന്നത്(Several People Killed and Many Wounded in Blasts at Ceremony Honouring Slain General in Iran).
ആദ്യ സ്‌ഫോടനം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ അകലെ, പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് നടന്നത്. രണ്ടാം സ്ഫോടനം ആദ്യത്തേതിന് 15 മിനിറ്റുകള്‍ക്ക് ശേഷം ഒരു കിലോമീറ്റര്‍ അകലെയും നടന്നു.
മിനിട്ടുകളുടെ ഇടവേളയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 200 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. സ്‌ഫോടനങ്ങൾക്ക് പിന്നാലെ സംഭവ സ്ഥലത്തുനിന്ന് ആളുകളെ മുഴുവൻ ഒഴിപ്പിച്ചു.
മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ നല്‍കുന്ന വിവരം. ഇറാൻ എമർജൻസി സർവീസ് വക്താവ് ബാബക് യെക്തപരസ്‌ത് ആണ് മരണ വിവരം മാധ്യമങ്ങൾക്ക് നൽകിയത്.
നടന്നത് തീവ്രവാദി ആക്രമണമെന്നാണ് ഇറാനിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല. രണ്ട് സ്യൂട്ട് കേസുകളില്‍ നിറച്ച സ്ഫോടക വസ്‌തുക്കള്‍ റിമോട്ട് ഉപയോഗിച്ചാണ് പൊട്ടിത്തെറിപ്പിച്ചതെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.