കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയില്‍ പൊലീസ് ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് കാരണം സുരക്ഷ വീഴ്‌ചയെന്ന് റിപ്പോര്‍ട്ട്. നഗരത്തിന്‍റെ പ്രധാന ഭാഗത്തായി സ്ഥിതി ചെയ്യുന്ന പൊലീസ് മേധാവിയുടെ ഓഫിസിന് നേരെ നിരോധിത സംഘടനയായ തെഹരീക്-ഇ-താലിബാനാണ് ഇന്നലെ വെടിയുതിര്‍ത്തത്. പൊലീസ് ഉദ്യോഗസ്ഥര്‍ താമസിക്കുന്ന സ്ഥലത്ത് സുരക്ഷയ്‌ക്കായി ഒരു ഗെയിറ്റ് പോലും സ്ഥാപിച്ചിരുന്നില്ലെന്ന് പാകിസ്ഥാനിലെ പ്രമുഖ വാര്‍ത്ത മാധ്യമമായ ജിയോ ന്യൂസ് പറയുന്നു.
സുരക്ഷ വീഴ്‌ച: കറാച്ചി പൊലീസ് ആസ്ഥാനത്തെ ഭീകരര്‍ പിന്‍മതില്‍ വഴിയാണ് കയറിയിരുന്നത്. പൊലീസ് മേധാവിയുടെ ഓഫിസിലേക്കുള്ള വഴിയില്‍ സ്ഥാപിച്ചിരുന്ന മൂന്ന് ചെക്ക് പോസ്‌റ്റിലും ആക്രമണം നടന്ന സമയത്ത് സുരക്ഷ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. പൊലീസ് മേധാവിയുടെ ഓഫിസിന്‍റെ പിന്‍ഭാഗത്തെ മതിലിലെ മുള്ളുകമ്പികള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു കാണപ്പെട്ടതെന്നും ഷഹറെ ഫൈസല്‍ ഭാഗത്തെ കെട്ടിടത്തില്‍ നിന്ന് സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചിരുന്നില്ലെന്നും ജിയോ ന്യൂസ് അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞിരിക്കുകയാണ്. ഭീകരര്‍ എത്തിയ കാര്‍ സദ്ദാര്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയിട്ടുണ്ട്. പൊലീസും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ഏകദേശം നാല് മണിക്കൂറാണ് നീണ്ട് നിന്നത്.
ഭീകരരടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു: ഏറ്റുമുട്ടലില്‍ തെഹരീക്-ഇ-താലിബാന്‍റെ കനത്ത ആയുധധാരികളായ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. കൂടാതെ, സിന്ധ് റെയിഞ്ചര്‍ സബ് ഇന്‍സ്‌പെക്‌ടറും രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമടക്കം നാല് പേരും ഏറ്റുമുട്ടലില്‍ മരണപ്പെട്ടു. പൊലീസ്, റെയിഞ്ചര്‍ സേനയില്‍ ഉള്‍പെട്ട 18 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
പൊലീസ് ആസ്ഥാനത്തിന് നേരെയുള്ള ഭീകരാക്രമണത്തില്‍ ഉള്‍പെട്ടിട്ടുള്ള മൂന്ന് ഭീകരരെ നിയമ നിര്‍വഹണ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ രണ്ട് പേര്‍ വസീറിസ്ഥാന്‍റെ വടക്കു ഭാഗത്തും ഒരാള്‍ ലക്കി മാര്‍വട്ടിലുമുള്ളവരാണ്. ആക്രമണത്തെ തുടര്‍ന്ന് സിന്ധില്‍ ഉടനീളമുള്ള പൊലീസ് ആസ്ഥാനത്തിന് ചുറ്റും കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ പൊലീസ് ഐജി നിര്‍ദേശം നല്‍കി.
ഇന്നലെ രാത്രി ഏകദേശം ഏഴ് മണിയോടെ വെള്ള നിറത്തിലുള്ള കൊറോള കാറിലായിരുന്നു ഓഫിസിന്‍റെ പരിസര പ്രദേശത്ത് ഭീകരര്‍ എത്തിയത് എന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രധാന ഗെയിറ്റിലെത്തിയ ഭീകരരോട് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഈ സമയം അവര്‍ വെടിയുതിര്‍ക്കുകയും ഓഫിസിലെ പ്രധാന ഗെയിറ്റിന് നേരെ ഗ്രനേഡ് എറിയുകയുമായിരുന്നു.
ഭീകരര്‍ എത്തിയത് മാരക ആയുധങ്ങളുമായി: ശേഷം, പൊലീസ് ഉദ്യോഗസ്ഥരും ഭീകരര്‍ക്ക് നേരെ വെടിയുതിര്‍ത്തു. തങ്ങളുടേത് നീണ്ട നാളത്തെ പദ്ധതിയായിരുന്നുവെന്ന് സൂചിപ്പിക്കുന്നതിനായി ഭീകരര്‍ തങ്ങളുടെ ബാഗില്‍ ഭക്ഷണ സാധനങ്ങളും എകെ-47 പോലുള്ള മാരക ആയുധങ്ങളും കരുതിയിരുന്നുവെന്ന് ഡിഐജി മുക്കാദാസ് ഹൈദര്‍ പറഞ്ഞു. കോംപ്ലക്‌സിന്‍റെ മൂന്ന് നാല് ഭാഗങ്ങളില്‍ നിന്നായിരുന്നു ഭീകരര്‍ വെടിയുതിര്‍ത്തത്.
കുടുങ്ങി കിടന്നിരുന്ന 40-50 ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പൊലീസ് രക്ഷിച്ചുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ഇര്‍ഫാന്‍ ബലോച്ച് പറഞ്ഞു. സംഭവത്തിന് ശേഷം, കറാച്ചിയിലെ എല്ലാ പൊലീസ് സ്‌റ്റേഷനിലും കെട്ടിടങ്ങളിലും സംഘര്‍ഷ ബാധിത പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലുടനീളമുള്ള പൊലീസ് സ്‌റ്റേഷനില്‍ കര്‍ശന ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.