ബീജിങ്: മാർച്ച് 21 ന് തകർന്നുവീണ ചൈന ഈസ്റ്റേൺ ബോയിങ് 737-800 വിമാനത്തിന്‍റെ രണ്ടാമത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. 132 യാത്രക്കാരുമായി പോയ വിമാനം ചൈനയിലെ പർവതപ്രദേശത്താണ് തകർന്നുവീണത്. രണ്ടാമത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ 132 യാത്രക്കാരുടെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ കാരണം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ ഉണർത്തുകയാണ്.
വിമാനം തകർന്നുവീണതിന്‍റെ 40 മീറ്റർ മാറി പർവത ചരിവിലാണ് അഗ്നിശമന സേനാംഗങ്ങൾ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ഇത് രണ്ടാമത്തെ ബ്ലാക്ക് ബോക്സാണെന്ന് വിദഗ്‌ധർ സ്ഥിരീകരിച്ചു. അപകടത്തിന്‍റെ ആഘാതത്തിൽ മലയുടെ ഒരു വശത്ത് 20 മീറ്റർ ആഴത്തിലുള്ള കുഴി സൃഷ്‌ടിക്കപ്പെട്ടിരുന്നു.
നാല് ദിവസം മുൻപ് കോക്‌പിറ്റ് വോയ്‌സ് റെക്കോർഡർ കണ്ടെത്തിയിരുന്നു. ലാൻഡിങ്ങിന് ഒരുമണിക്കൂർ മുൻപ് വിമാനം 29,000 അടിയിൽ നിന്ന് താഴേക്ക് പതിക്കാനുള്ള കാരണം കണ്ടെത്താൻ രണ്ട് ബ്ലാക്ക് ബോക്‌സുകളും അധികൃതരെ സഹായിക്കും. മഴയും ചെളിയും നിറഞ്ഞ സാഹചര്യവും തകർന്നുവീണ സ്ഥലവും ബ്ലാക്ക് ബോക്‌സുകൾക്കും അവശിഷ്‌ടങ്ങൾക്കും വേണ്ടിയുള്ള തെരച്ചിൽ ബുദ്ധിമുട്ടുള്ളതാക്കിയിരുന്നു.
തെക്കുകിഴക്കൻ ചൈനയിലെ കുൻമിങ് നഗരത്തിൽ നിന്ന് ഹോങ്കോങ്ങിന് സമീപമുള്ള ഗ്വാങ്ഷൗവിലേക്ക് പോയ എംയു5735 എന്ന വിമാനത്തിൽ 123 യാത്രക്കാരും ഒൻപത് ക്രൂ അംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. വിമാനം താഴുന്നത് കണ്ട് എയർ ട്രാഫിക് കൺട്രോളർ പലതവണ പൈലറ്റുമാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷം ബുധനാഴ്ചയാണ് കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ, ഓറഞ്ച് സിലിണ്ടർ എന്നിവ കണ്ടെത്തിയത്. പരിശോധനക്കായി കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ, ഓറഞ്ച് സിലിണ്ടർ, ബ്ലാക്ക് ബോക്‌സ് എന്നിവ ബീജിങ്ങിലെ ലാബിലേക്ക് അയച്ചു.
ഡിഎൻഎ പരിശോധനയിലൂടെ വിമാനത്തിലുണ്ടായിരുന്ന 120 യാത്രക്കാരുടെ ഐഡന്‍റിറ്റി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മരണപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകളും ബാങ്ക് കാർഡുകളും കണ്ടെത്തിയിട്ടുണ്ട്.
Also Read: 'യുക്രൈനെ പിന്തുണയ്‌ക്കാന്‍ ധൈര്യമില്ല'; അമേരിക്കയ്‌ക്കും യൂറോപ്പിനുമെതിരെ സെലന്‍സ്‌കി