വാഷിങ്ടണ്‍: സ്വവർഗ വിവാഹത്തിന് അനുമതി നല്‍കിയുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കി. ചൊവ്വാഴ്ചയാണ് ചരിത്രപ്രാധാന്യമുള്ള നീക്കം. സ്വവർഗ വിവാഹം രാജ്യ വ്യാപകമായി നിയമവിധേയമാക്കിയ 2015ലെ വിധി സുപ്രീംകോടതി അസാധുവാക്കുമെന്ന ആശങ്കയെ തുടർന്നാണ് സെനറ്റിന്‍റെ നടപടി.
സ്വവർഗ വംശീയ വിവാഹം ഫെഡറൽ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്ന ബില്ല് 61നെതിരെ 36 എന്ന വോട്ടിങ് നിലയിലാണ് പാസായത്. ബില്ല് പാസാക്കാൻ 60 വോട്ടുകൾ ആവശ്യമാണ്. 49 ഡെമോക്രാറ്റുകൾക്കൊപ്പം പന്ത്രണ്ട് റിപ്പബ്ലിക്കൻമാരും ബില്ലിനെ പിന്തുണച്ചു. വിവാഹം നടന്ന സംസ്ഥാനത്ത് അത് നിയമാനുസൃതമാണെങ്കിൽ ഫെഡറൽ ഗവൺമെന്‍റ് അത് അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ല് സുപ്രീംകോടതി അംഗീകരിച്ചാൽ സംസ്ഥാനങ്ങൾക്കും ഇത്തരം വിവാഹങ്ങൾ പിന്നീട് തടയാനാകില്ല.
ഈ നിയമനിർമാണം കൂടുതൽ സമത്വത്തിലേക്കുള്ള അമേരിക്കയുടെ പ്രയാസകരവും എന്നാൽ ഒഴിച്ചുകൂടാനാവാത്തതുമായ മുന്നേറ്റത്തിന്‍റെ ഭാഗമാണെന്നും സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷുമർ പറഞ്ഞു. എൽജിബിടിക്യു(LGBTQ) യുവാക്കൾക്കും പൂർണവും സന്തുഷ്‌ടവുമായ ജീവിതം നയിക്കാനും അവരുടേതായ കുടുംബങ്ങൾ കെട്ടിപ്പെടുക്കാനും സാധ്യമാക്കുന്ന ഉഭയകക്ഷി വോട്ടിനെ പ്രസിഡന്‍റ് ജോ ബൈഡൻ പ്രശംസിക്കുകയും ബില്ലിൽ അഭിമാനത്തോടെ ഒപ്പിടുമെന്ന് പറയുകയും ചെയ്‌തു.
സ്വവർഗ വിവാഹത്തെക്കുറിച്ചുള്ള 2015ലെ വിധി ഉൾപ്പെടെ, വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്ന മറ്റു പല വിഷയങ്ങളും പരിഗണിക്കണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് ക്ലാരൻസ് തോമസ് കോടതിയെ അറിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കൂടെ പിന്തുണയോടെയുള്ളതായിരുന്നു പുറത്തുവന്ന വിധി.