ലണ്ടൻ : ഇന്ത്യയുടെയും ബ്രിട്ടന്‍റെയും സ്വതന്ത്ര വ്യാപാര കരാർ (free trade agreement) ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള സൗഹൃദ ബന്ധത്തെ ശക്തിപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ (External Affairs Minister S Jaishankar). അതിൽ ഇരു രാജ്യങ്ങൾക്കും ഒരുപോലെ സ്വീകാര്യപ്രദമായ ഒരു 'ലാൻഡിങ് പോയിന്‍റ്' ഇന്ത്യയും യുകെയും കണ്ടെത്തുമെന്നും ജയശങ്കർ പറഞ്ഞു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുകെയിൽ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (S Jaishankar Official Visit In UK).
തിങ്കളാഴ്‌ച ലണ്ടനിലെ പാർലമെന്‍റിന് സമീപമുള്ള വെസ്റ്റ്‌മിൻസ്റ്റർ ഹാളിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ സംഘടിപ്പിച്ച പ്രത്യേക ദീപാവലി ആഘോഷത്തിലും അദ്ദേഹം പങ്കെടുത്തു. ഇന്ത്യയും ബ്രിട്ടീഷ് സംവിധാനവും സ്വതന്ത്ര വ്യാപാര കരാർ സാക്ഷാത്‌കരിക്കുന്നതിലാണ് ഇപ്പോൾ ചർച്ച കേന്ദ്രീകരിക്കുന്നത്. ഇന്ത്യയ്‌ക്കും ബ്രിട്ടനും അതിസങ്കീർണമായ ഒരു ചരിത്രമുണ്ട്. എന്നാൽ, ഇരു രാജ്യങ്ങളും പിന്തുടരുന്ന പൊതുതത്വങ്ങൾ, പങ്കിട്ട സമ്പ്രദായങ്ങൾ, സ്ഥാപനങ്ങൾ എന്നിവ ഉപയോഗിച്ച് ചരിത്രത്തെ പോസിറ്റീവ് ശക്തിയാക്കി മാറ്റാനാണ് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉഭയകക്ഷി ബന്ധത്തിന്‍റെ വിവിധ വശങ്ങൾ അവലോകനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജയശങ്കർ യുകെയിൽ ഔദ്യോഗിക സന്ദർശനത്തിനായി പോയിട്ടുള്ളത്. 36 ബില്യൺ ജിബിപിയുടെ ഉഭയകക്ഷി വ്യാപാര പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വർഷം ജനുവരി മുതൽ ഇരു രാജ്യങ്ങളും സ്വതന്ത്ര വ്യാപാര കരാറിൽ ചർച്ചകൾ ആരംഭിച്ചത്. ഇതിനോടകം 14 തവണ കരാറിൽ ചർച്ചകൾ നടത്തി.
ഋഷി സുനകുമായും ഡേവിഡ് കാമറൂണുമായും കൂടിക്കാഴ്‌ച : 2024ൽ നടക്കാനിരിക്കുന്ന ഇരു രാജ്യങ്ങളിലെയും പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയത്തിൽ ഒരു ധാരണയിലെത്തുക എന്ന ലക്ഷ്യത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായും പുതുതായി നിയമിതനായ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണുമായും യുകെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലിയുമായും ജയശങ്കർ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇന്ത്യയുടെ സാങ്കേതിക - സാമ്പത്തിക - സാമൂഹിക മുന്നേറ്റങ്ങളും ജയശങ്കർ പങ്കിട്ടു.
ഋഷി സുനകുമായുള്ള കൂടിക്കാഴ്‌ചയിൽ ഇന്ത്യയുടെ സ്റ്റാര്‍ ക്രിക്കറ്റര്‍ വിരാട് കോലി ഒപ്പിട്ട ബാറ്റ് ജയശങ്കർ അദ്ദേഹത്തിന് ദീപാവലി സമ്മാനമായി നൽകിയിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്‌സ് പേജിൽ പങ്കുവച്ചിട്ടുമുണ്ട്.
Read More : കോലിയുടെ ഒപ്പുപതിഞ്ഞ ക്രിക്കറ്റ് ബാറ്റ് ; യുകെ പ്രധാനമന്ത്രിക്ക് ദീപാവലി സമ്മാനം നല്‍കി എസ് ജയ്‌ശങ്കർ