ലണ്ടന്‍: റഷ്യന്‍ സൈനികര്‍ യുക്രൈനില്‍ ലൈംഗിക പീഡനം 'ആയുധ'മായി ഉപയോഗിക്കുന്നെന്ന് യുക്രൈന്‍ പ്രഥമ വനിത ഒലേന സെലന്‍സ്‌ക. സംഘര്‍ഷ സമയത്ത് ലൈംഗിക അതിക്രമങ്ങള്‍ എങ്ങനെ തടയാം എന്ന വിഷയത്തില്‍ ലണ്ടനില്‍ നടന്ന അന്താരാഷ്‌ട്ര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ഒലേന. റഷ്യന്‍ സൈനികരെ അവരുടെ ഭാര്യമാര്‍ യുക്രൈന്‍ യുവതികളെ ബലാത്സംഗം ചെയ്യാനായി പ്രോത്സാഹിപ്പിക്കുകയാണെന്നും ഒലേന ആരോപിച്ചു.
മുന്‍കൂട്ടി പദ്ധതി ചെയ്‌തും മറയില്ലാതെയുമാണ് അധിനിവേശ സൈനികര്‍ ലൈംഗികാതിക്രമം നടത്തുന്നത്. ഒരാളുടെ മേല്‍ ആധിപത്യം ചെലുത്തുന്നതിന് ഏറ്റവും ക്രൂരമായതും മൃഗീയ തൃഷ്‌ണയുള്ളതുമായ വഴിയാണ് ലൈംഗികാതിക്രമം. ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് മൊഴി കൊടുക്കുന്നതിന് പരിമിതിയുണ്ട്. കാരണം യുദ്ധസമയത്ത് സുരക്ഷിതമെന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാവില്ല.
റഷ്യന്‍ സൈനികരുടെ ആവനാഴിയിലുള്ള ആയുധങ്ങളില്‍ ഒന്നാണ് ലൈംഗിക അതിക്രമം എന്നത്. യുക്രൈനിയന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്‌തു എന്ന് വളരെ അഭിമാനത്തോടെ തങ്ങളുടെ ഭാര്യമാരോടും ബന്ധുക്കളോടും റഷ്യന്‍ സൈനികര്‍ ഫോണിലൂടെ പറയുകയാണ്. ഇത്തരത്തിലുള്ള സംഭാഷണങ്ങളുടെ റെക്കോഡുകള്‍ തങ്ങളുടെ കൈവശം ഉണ്ട്.
ഈ സാഹചര്യത്തില്‍ റഷ്യന്‍ സൈനികരുടെ ഈ ക്രൂര നടപടിക്കെതിരെ ആഗോള പ്രതികരണം ഉണ്ടാവേണ്ടതുണ്ട്. യുദ്ധകുറ്റകൃത്യമായി ഇതിനെ കണ്ട് ഉത്തരവാദികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്നും ഒലേന അന്താരാഷ്‌ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.