മോസ്‌കോ: യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ (യുഎന്‍എസ്‌സി) സ്ഥിരാംഗത്വത്തിന് ഇന്ത്യയെ പിന്തുണച്ച് റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ആഗോള-പ്രാദേശിക വിഷയങ്ങളിലെ നിലപാടിലൂടെ കൗൺസിലിന് ഇന്ത്യ ക്രിയാത്മകമായ സംഭാവന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മോസ്‌കോയിൽ നടന്ന പ്രിമാകോവ് റീഡിംഗ്‌സ് ഇന്‍റർനാഷണൽ ഫോറത്തിൽ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രി.
നിലവില്‍ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നാണ് ഞാന്‍ കരുതുന്നത്. ഒരു പക്ഷെ ഇന്ത്യയാകാം മറ്റ് രാജ്യങ്ങളേക്കാള്‍ ഏറെ മുന്നില്‍. താമസിയാതെ ജനസംഖ്യയുടെ കണക്കിലും മറ്റ് രാഷ്‌ട്രങ്ങളെ മറികടക്കും.
വിവിധ തരത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഇന്ത്യക്ക് വിപുലമായ നയതന്ത്ര പരിചയമുണ്ട്. ഐക്യരാഷ്ട്രസഭയിലും ദക്ഷിണേഷ്യയിലെ ഷാംഗായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്‍ (എസ്‌സിഒ) പോലുള്ള വിവിധ ദക്ഷിണേഷ്യന്‍ സംഘടനകളിലും ഇന്ത്യ സജീവ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളെ സെക്യൂരിറ്റി കൗൺസിലിൽ ഉൾപ്പെടുത്തുന്നത് അതിനെ കൂടുതൽ ജനാധിപത്യപരമാക്കുമെന്ന് ഈ വർഷം സെപ്റ്റംബറിൽ നടന്ന 77-ാമത് യുഎൻ പൊതുസഭയിൽ ലാവ്‌റോവ് നേരത്തെ പ്രസ്‌താവിച്ചിരുന്നു.
ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷ കൗണ്‍സിലില്‍ ചേരാന്‍ ഇന്ത്യയും ബ്രസീലും സമ്മര്‍ദം ചെലുത്തുന്നുണ്ട്. നിലവില്‍ കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങളില്‍ നാല് പേര്‍ ഇന്ത്യയെ പിന്തുണച്ചിരുന്നു. റഷ്യക്ക് പുറമെ യുഎസ്എ, യുകെ, ഫ്രാന്‍സ് എന്നീ രാഷ്‌ട്രങ്ങളാണ് യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിരാംഗത്തിന് വേണ്ടി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗമല്ലാത്ത ഇന്ത്യയുടെ നിലവിലെ രണ്ട് വർഷത്തെ കാലാവധി ഈ മാസത്തോടെ അവസാനിക്കും. 15 രാജ്യങ്ങളുടെ കൗൺസിലിൽ നിലവിൽ ഇന്ത്യയാണ് അധ്യക്ഷൻ.