കറാച്ചി: വിമാനയാത്രക്കിടെ ബഹളംവയ്‌ക്കുകയും ജീവനക്കാരെ കൈയേറ്റം ചെയ്‌തതിനും യാത്രക്കാരനെ കരിമ്പട്ടികയിൽ പെടുത്തി പാക് എയര്‍ലൈന്‍സ്. രാജ്യത്തിന്‍റെ വ്യോമയാന മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള വിമാന കമ്പനിയായ പാകിസ്ഥാൻ ഇന്‍റര്‍നാഷണൽ എയർലൈൻസിന്‍റേതാണ് (പിഐഎ) നടപടി. സെപ്റ്റംബർ 14 നാണ് സംഭവം.
പിഐഎ പികെ-283 പെഷവാർ-ദുബായ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ ഫ്ലൈറ്റ് ജീവനക്കാരോട് വഴക്കിടുകയായിരുന്നു. പുറമെ ഇയാള്‍, സീറ്റുകളില്‍ ഇടിക്കുകയും വിമാനത്തിന്‍റെ ജനൽ ചില്ലുകളില്‍ ചവിട്ടുകയും ചെയ്‌തു. ശേഷം, സീറ്റില്‍ നിന്നും ചാടിയിറങ്ങി മുഖം കൈകൊണ്ട് മറച്ചുവച്ച് തറയിൽ കമിഴ്‌ന്നുകിടന്നു.
പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എആര്‍വൈ ന്യൂസാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. സ്ഥിതിഗതികൾ നിയന്ത്രിക്കാന്‍ ഫ്ലൈറ്റ് ജീവനക്കാര്‍ ശ്രമിച്ചപ്പോഴാണ് യാത്രക്കാരന്‍ അവരെയും ആക്രമിച്ചത്.