കാഠ്‌മണ്ഡു: നേപ്പാളില്‍ ഇന്നലെ(29.05.2022)യുണ്ടായ വിമാനാപകടം 2016ല്‍ ഉണ്ടായ അപകടത്തിന്‍റെ ആവര്‍ത്തനമായിരുന്നു. താര എയറിന്‍റെ തന്നെ വിമാനം ഇതേ റൂട്ടില്‍( പൊക്രാന്‍-ജോംസണ്‍) യാത്ര പുറപ്പെട്ടപ്പോഴാണ് 2016ലും അപകടമുണ്ടായത്. അന്ന് 23 പേരാണ് ചെറുവിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ എല്ലാവരും മരണപ്പെട്ടു.
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിമാന അപകടങ്ങള്‍ ഉണ്ടാകുന്ന രാജ്യങ്ങളില്‍ ഒന്നാണ് നേപ്പാള്‍. മരണങ്ങള്‍ സംഭവിച്ച 27 വിമാന അപകടങ്ങളാണ് കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ നേപ്പാളില്‍ ഉണ്ടായത്. ഇതില്‍ ഇരുപതില്‍ കൂടുതല്‍ അപകടങ്ങള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളിലാണ് ഉണ്ടായത്.
അപകടങ്ങളുടെ പ്രധാന കാരണം നേപ്പാളിന്‍റെ ഭൂപ്രകൃതി: ദീര്‍ഘ കാലത്തെ അനുഭവപരിചയമുള്ള ഒരു വിദഗ്‌ധനായ പൈലറ്റിന് പോലും വലിയ വെല്ലുവിളി സൃഷ്‌ടിക്കുന്നതാണ് മഞ്ഞുകളാല്‍ മൂടപ്പെട്ട മല നിരകളുള്ള നേപ്പാളിന്‍റെ ഭൂപ്രകൃതി. ലോകത്തെ ഏറ്റവും ഉയരം കൂടിയ പതിനാല് പര്‍വതങ്ങളില്‍ എട്ടെണ്ണം സ്ഥിതി ചെയ്യുന്നത് നേപ്പാളിലാണ്. ഇന്നലെ വിമാന അപകടം നടന്ന മുസ്‌താങ് ജില്ല പൈലറ്റുമാര്‍ക്ക് വലിയ വെല്ലുവിളി സൃഷ്‌ടിക്കുന്ന ഭൂപ്രകൃതിയുള്ള പ്രദേശമാണ്.
ലോകത്തിലെ ഏറ്റവും ചെങ്കുത്തായ മലയിടുക്ക് ഈ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. ദൗളഗിരി, അന്നപൂര്‍ണ എന്നീ മലനിരകളിലൂടെ കടന്നുപോകുന്ന ഈ മലയിടുക്കിന് മൂന്ന് മൈല്‍ ചെങ്കുത്തായ താഴ്‌ചയാണ് ഉള്ളത്. നേപ്പാളിലെ മിക്ക വ്യോമ ഇടനാഴികളും കടന്നുപോകുന്നത് ചെങ്കുത്തായ മലനിരകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലൂടെയാണ്.
ഈ പ്രദേശങ്ങളിലെ കാലാവസ്ഥ പെട്ടെന്ന് മാറും എന്നുള്ളതും വ്യോമഗതാഗതത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്. ഉയരം കൂടിയ മലകളാല്‍ ചുറ്റപ്പെട്ട ദീര്‍ഘ വൃത്താകൃതിയിലുള്ള താഴ്‌വരകളിലൂടെയാണ് നേപ്പാളിലെ പല വ്യോമ ഇടനാഴികളും. ഇതിലൂടെ വിമാനം പറത്തുക എന്നത് പൈലറ്റുമാരെ സംബന്ധിച്ചിടത്തോളം ഞാണിന്‍മേല്‍ കളിയാണ്.
കൂടാതെ സമുദ്രനിരപ്പില്‍ നിന്ന് നൂറുകണക്കിന് മീറ്ററുകള്‍ ഉയരത്തിലുള്ള വിമാനത്താവളങ്ങളിലെ കുത്തനെയുള്ളതും ഇടുങ്ങിയതുമായ ലാന്‍ഡിങ് സ്ട്രിപ്പുകള്‍ സൃഷ്‌ടിക്കുന്ന വെല്ലുവിളി അതിലേറയാണെന്ന് പൈലറ്റുമാര്‍ പറയുന്നു. 49 പേര്‍ മരിച്ച വിമാന അപകടം നടന്ന ത്രിഭുവന്‍ വിമാനത്താവളം ഇത്തരത്തിലുള്ളതാണ്. സമുദ്രനിരപ്പില്‍ നിന്ന് 1,338 മീറ്റര്‍ ഉയരത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
ഇത്തരം വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യാന്‍ ടര്‍ബോപ്രോപ് എന്‍ജിനുള്ള ചെറുവിമാനങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. എന്നാല്‍ ഇതിന്‍റെ പ്രശ്‌നം ഇത്തരം ചെറുവിമാനങ്ങള്‍ മോശം കാലാവസ്ഥയില്‍ വലിയ വിമാനങ്ങളേക്കാളും അപകടസാധ്യത ഏറെ നേരിടുന്നു എന്നാണ്.
അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്‌തത: വ്യോമ ഗതാഗത രംഗത്ത് നേപ്പാള്‍ കൂടുതല്‍ നിക്ഷേപം നടത്താത്തതും പഴയ വിമാനങ്ങള്‍ മാറ്റി പുതിയത് ഉള്‍പ്പെടുത്താത്തതുമൊക്കെ വിമാന അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന വിലയിരുത്തലുണ്ട്. സുരക്ഷ മുന്‍കരുതലിന്‍റെ ഭാഗമായി നേപ്പാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്ലാ എയര്‍ലൈന്‍ കമ്പനികളുടേയും വിമാനങ്ങള്‍ക്ക് യൂറോപ്പ്യന്‍ യൂണിയന്‍ അവരുടെ വ്യോമ ഇടനാഴിയില്‍ കൂടി പറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.