ലണ്ടൻ: എലിസബത്ത് രാജ്ഞിയ്ക്ക് വൈകാരിക യാത്രയയപ്പ് നൽകി ബ്രിട്ടൺ. വിന്‍റ്സർ കൊട്ടാരത്തിലെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം സെന്‍റ് ജോർജ് ചാപ്പലിൽ രാജ്ഞിയുടെ മൃതദേഹം സംസ്‌കരിച്ചു. രാജ്ഞിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്ന ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നിന്ന് വിൻഡ്‌സറിലേക്ക് റോഡ് മാർഗമുള്ള 40 കിലോമീറ്റർ ദൂരം സ്റ്റേറ്റ് ഗൺ ക്യാരേജ്, ശവമഞ്ചം, ഒരു കസ്റ്റമൈസ്‌ഡ് ജാഗ്വാർ എന്നിവയിലാണ് മൃതദേഹമടങ്ങിയ ശവപ്പെട്ടി ചാപ്പലിലേക്ക് എത്തിച്ചത്.
അന്തിമ വിലാപയാത്രയിൽ ആയിരക്കണക്കിന് ജനങ്ങളാണ് വഴിയിൽ തടിച്ചുകൂടിയത്. "അതിവേഗം മാറിക്കൊണ്ടിരിക്കുന്ന, ഇടയ്ക്കിടെ പ്രക്ഷുബ്ധമായ ലോകത്തിനിടയിൽ, രാജ്ഞിയുടെ ശാന്തമായ സാന്നിധ്യം, അവർ ചെയ്തതുപോലെ, ധൈര്യത്തോടെയും പ്രത്യാശയോടെയും ഭാവിയെ അഭിമുഖീകരിക്കാൻ ഞങ്ങൾക്ക് ആത്മവിശ്വാസം നൽകി. നന്ദിയുള്ള ഹൃദയങ്ങളോടെ, ഇവയെക്കുറിച്ചും രാജ്ഞിയുടെ നീണ്ട ജീവിതം ഞങ്ങൾക്ക് അനുഗ്രഹമായ മറ്റനേകം വഴികളെക്കുറിച്ചും ഞങ്ങൾ ചിന്തിക്കുന്നു. അവളുടെ മാതൃക പിന്തുടർന്ന് രാജ്ഞിയുടെ സ്മരണയെ ബഹുമാനിക്കാൻ ദൈവം ഞങ്ങൾക്ക് കൃപ നൽകട്ടെ എന്ന് ഞങ്ങൾ പ്രാർഥിക്കുന്നു." സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നല്‍കിയ വിൻഡ്‌സർ ഡീൻ പറഞ്ഞു.
1933 നും 1961 നും ഇടയിലും രാജ്ഞിയുടെ ബാല്യകാലത്തിന്റെ ഭൂരിഭാഗവും സെന്‍റ് ജോർജ് ചാപ്പലിൽ ഓർഗനിസ്റ്റായി സേവനമനുഷ്ഠിച്ച സർ വില്യം ഹാരിസാണ് സംസ്‌കാര ചടങ്ങുകളിലെ മിക്ക സംഗീതവും ഒരുക്കിയിരിക്കുന്നത്. രാജ്ഞി ചെറുപ്പകാലത്ത് വില്യം ഹാരിസിന്‍റെ സംഗീതം കേൾക്കാൻ ഓർഗൻ ലോഫ്റ്റ് സന്ദർശിച്ചിരുന്നതായും അദ്ദേഹം രാജ്ഞിയെ പിയാനോ വായിക്കാൻ പഠിപ്പിച്ചിരുന്നതായും പറയപ്പെടുന്നു.
വിന്‍റ്സർ കൊട്ടാരത്തിലെ സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം കിംഗ് ജോർജ്ജ് ആറാമൻ മെമ്മോറിയൽ ചാപ്പലിൽ ഫിലിപ്പ് രാജകുമാരന്‍റെ കല്ലറയ്ക്ക് അരികിലാണ് രാജ്ഞിയുടെ മൃതദേഹം സംസ്‌കരിച്ചത്. സംസ്‌കാരം സ്വകാര്യ ചടങ്ങായിട്ടാണ് നടന്നത്.