ശിരോവസ്ത്രം ശരിയായി ധരിച്ചില്ല എന്ന കാരണത്താല്‍ ഇറാന്‍റെ സദാചാര പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ 22 വയസുള്ള മഹ്‌സ അമിനി മരണപ്പെട്ടതിനെ തുടര്‍ന്ന് ആ രാജ്യത്ത് ഉടലെടുത്ത പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല. നിലവില്‍ ഇറാനിലെ 80 നഗരങ്ങളില്‍ പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. ന്യൂനപക്ഷമായ കുര്‍ദിഷ് വിഭാഗത്തില്‍പ്പെട്ട യുവതിയാണ് മഹ്‌സ അമിനി.
കുര്‍ദുകളില്‍ ഭൂരിപക്ഷവും സുന്നിവിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങളാണ്. ഇറാനിലെ ഭൂരിപക്ഷം കുര്‍ദുകളും ജീവിക്കുന്ന കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ സാക്വസ് നഗരത്തിലാണ് അമിനയുടെ ഭൗതിക ശരീരം അടക്കം ചെയ്‌തിരിക്കുന്നത്. ഇറാനിലെ ആചാരപ്രകാരം 40-ാം ചരമദിനം പ്രധാനമാണ്.
അമിനിയുടെ 40-ാം ചരമദിനത്തില്‍ അവളുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി ആയിരങ്ങളാണ് ഒത്തുകൂടിയത്. ആ ഒത്തുകൂടല്‍ ഇറാനിലെ ഇസ്ലാമിക ഷിയ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധമായി. പ്രതിഷേധത്തിന് നേരെയുള്ള ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.
ആക്രമണത്തിന്‍റ ഉത്തരവാദിത്തം ഐഎസ് ഭീകരര്‍ ഏറ്റെടുത്തെങ്കിലും ഇറാന്‍ സര്‍ക്കാറിന് എതിരെയുള്ള പ്രതിഷേധത്തെ തണുപ്പിക്കാനൊന്നും അത് വഴിവച്ചില്ല. പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുകയും വ്യാപിക്കുകയുമാണ് ചെയ്‌തത്. ഐഎസിന് കുര്‍ദുകളോടുള്ള വിരോധത്തിന് കാരണം സിറിയയില്‍ കുര്‍ദുകള്‍ അമേരിക്കയുടെ പിന്തുണയോടെ ഐഎസിനെ സൈനികമായി നേരിടുന്നു എന്നുള്ളത് കൊണ്ടാണ്.
സാക്വസ് നഗരത്തില്‍ ആയിരകണക്കിന് യുവതികള്‍ പ്രതിഷേധസൂചകമായി അവരുടെ ശിരോവസ്‌ത്രം പരസ്യമായി വലിച്ചെറിയുകയും കത്തിക്കുകയും ചെയ്‌തു. ഇറാന്‍റെ മതനിയമങ്ങളെ പരസ്യമായി വെല്ലുവിളിച്ച ആദ്യ നഗരമായി സാക്വസ് മാറി. പ്രതിഷേധങ്ങള്‍ വ്യാപിക്കുകയും നിയന്ത്രണാതീതമാവുകയും ചെയ്‌തപ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്നതിലേക്ക് ഇറാന്‍ അധികൃതര്‍ തിരിഞ്ഞു. എന്നാല്‍ അടിച്ചമര്‍ത്തലില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് പ്രതിഷേധം കൂടുതല്‍ ശക്‌തമാകുന്നതിലേക്കാണ് നയിച്ചത്.
കുര്‍ദുകള്‍ നോട്ടപുള്ളികള്‍: കുര്‍ദ് വിഭാഗക്കാരിയായത് കൊണ്ടാണ് മഹ്‌സ അമിനിക്ക് സദാചാര പൊലീസില്‍ നിന്ന് വിവേചനപരമായ പെരുമാറ്റവും കസ്റ്റഡിയിലിരിക്കെ മരണവും സംഭവിച്ചത് എന്നാണ് പ്രതിഷേധക്കാര്‍ വിശ്വസിക്കുന്നത്. ഇസ്ലാമിക വിപ്ലവത്തിന് ശേഷം നിലവില്‍ വന്ന ഷിയാ പുരോഹിതര്‍ നിയന്ത്രിക്കുന്ന ഇറാന്‍ ഭരണകൂടത്തിന് കുര്‍ദുകള്‍ എന്നും നോട്ടപ്പുള്ളികളാണ്.
വടക്കന്‍ ഇറാനിലെ കുര്‍ദിഷ് മേഖലയ്‌ക്ക് ഇറാന്‍ ഭരണകൂടത്തിനെതിരായുള്ള പ്രതിഷേധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ചരിത്രമുണ്ട്. വിഘടനവാദം നിലനില്‍ക്കുന്ന കുര്‍ദ്ദിസ്ഥാന് പുറമെ ഇഫ്‌ഷാഹന്‍, സഹേദാൻ തുടങ്ങിയ നഗരങ്ങളിലും സ്‌ത്രീകളുടെ സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടുന്ന മതനിയമങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. കലയ്‌ക്കും കരകൗശല വസ്‌തുക്കള്‍ക്കും പ്രശസ്‌തമായ ഇഫ്‌ഷാഹനില്‍ 20,000ത്തോളം പേര്‍ഷ്യന്‍ ജൂതര്‍ അതിവസിക്കുന്നുണ്ട്.
ഇഫ്‌ഷാഹനിലെ സ്‌ത്രീകളും അമിനിക്ക് നീതി വേണമെന്നുള്ള മുദ്രാവാക്യങ്ങളുമായി തെരുവില്‍ ഇറങ്ങി. അമിനിയുടെ മരണത്തിന് ഉത്തരവാദികളായവരെ വിചാരണ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സാധാരണഗതിയില്‍ വിനോദസഞ്ചാരവും വ്യാപാരവും നല്ല രീതിയില്‍ നടക്കുന്ന ശാന്തമായ നഗരമാണ് ഇഫ്‌ഷാഹന്‍.
13 സിനഗോഗുകളുള്ള(ജൂതന്‍മാരുടെ ആരാധനാലയം) ഇഫ്‌ഷാഹന്‍ ഷിയ മതപുരോഹിത ഭരണകൂടത്തിനെതിരെ മുന്‍പ് നടന്ന പ്രതിഷേധങ്ങളിലൊന്നും പങ്കാളി ആയിരുന്നിട്ടില്ല. അതുകൊണ്ട് തന്നെയാണ് 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്‍റെ പരമോന്നത നേതാവായ ആയത്തൊള്ള ഖൊമേനി ജൂതന്‍മാരെ അവിടെത്തന്നെ തുടരാന്‍ അനുവദിച്ചത്.
പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ സയണിസ്‌റ്റുകള്‍ എന്ന് ആരോപണം: ഇറാനില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പാശ്ചാത്യ രാജ്യങ്ങളും സയണിസ്‌റ്റുകളുമാണെന്നാണ് പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ ആരോപണം. എന്നാല്‍ ഇറാനിലെ ജൂതന്‍മാരെയോ, അല്ലെങ്കില്‍ മറ്റൊരു ന്യൂനപക്ഷമായ സുന്നി മുസ്ലീങ്ങളായ കുര്‍ദുകളേയോ അദ്ദേഹം പ്രകടമായി പ്രതി സ്ഥാനത്ത് നിര്‍ത്തുന്നില്ല.
കുര്‍ദുകള്‍ക്ക് അമേരിക്കയില്‍ നിന്ന് സൈനിക സഹായം ലഭിക്കുന്നു എന്നുള്ളത് ഇറാനെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പല നഗരങ്ങളിലും പ്രതിഷേധം ഉണ്ടായിട്ടുണ്ടെങ്കിലും സുരക്ഷ സേനകള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള ഇഫ്‌ഷാഹന്‍, സഹേദാന്‍, സാക്വസ് എന്നീ നഗരങ്ങളിലാണ്. ഏറ്റവും കൂടുതല്‍ പ്രതിഷേധക്കാര്‍ മരണപ്പെട്ടതും ഈ നഗരങ്ങളിലാണ്.
ഈ നഗരങ്ങളില്‍ ഇറാന്‍ സര്‍ക്കാര്‍ വിവേചനപരമായ രീതിയിലാണ് പെരുമാറുന്നതെന്നും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനായി കൂട്ടക്കൊലയടക്കമുള്ള അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. സുന്നി മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇറാനിലെ ചുരുക്കം ചില നഗരങ്ങളില്‍ ഒന്നാണ് ബലൂചിസ്‌താന്‍ പ്രവിശ്യയുടെ തലസ്‌ഥാനമായ സഹേദാന്‍. ബലപ്രയോഗത്തിലൂടെ സുന്നി വിഭാഗത്തിലുള്ള സ്‌ത്രീകളുടെ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നു എന്ന ആരോപണം ഇറാന്‍ സര്‍ക്കാറിനെതിരെ ഉന്നയിക്കപ്പെടുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള സുരക്ഷ സേനയുടെ നടപടിയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് ഈ നഗരത്തില്‍ നിന്നാണ്.
വെള്ളിയാഴ്‌ചകളില്‍ സഹേദാനിലെ പള്ളികള്‍ക്ക് മുന്നില്‍ വലിയ രീതിയിലുള്ള സുരക്ഷ വിന്യാസമാണ് ഉണ്ടാകുന്നത്. പ്രതിഷേധം തടയുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രതിഷേധത്തില്‍ ഇതുവരെ 300 പേര്‍ കൊല്ലപ്പെടുകയും 14,000ത്തോളം പേര്‍ അറസ്‌റ്റിലാവുകയും ചെയ്‌തിട്ടുണ്ട് എന്നാണ്.
തന്ത്രങ്ങള്‍ പാളുന്നു: പ്രതിഷേധത്തെ തണുപ്പിക്കാന്‍ പല തന്ത്രങ്ങളും ഇറാന്‍ സര്‍ക്കാര്‍ പുറത്തെടുത്തെങ്കിലും അതൊന്നും വിജയം കാണാതെ പോകുകയായിരുന്നു. ഇതില്‍ ഒരു തന്ത്രം ഇറാന്‍റെ ഖുദ്‌സ് സേന കമാന്‍ഡര്‍ ഖാസിം സുലേമാനിയുടെ കൊലയ്‌ക്ക് പ്രതികാരമെന്ന വിഷയം വീണ്ടും ദേശീയതലത്തില്‍ ചര്‍ച്ചയാക്കുകയായിരുന്നു. വലിയ ജനസ്വാധീനമുള്ള ഖാസിം സുലൈമാനി 2020ല്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാഖില്‍ വച്ചാണ് കൊല്ലപ്പെടുന്നത്. ഖാസിം സുലേമാനിയുടെ കൊലയ്‌ക്ക് പ്രതികാരം ചെയ്യണമെന്ന ആവശ്യം അന്ന് ജനങ്ങളില്‍ നിന്ന് വലിയ രീതിയില്‍ ഉയര്‍ന്ന് വന്നിരുന്നു.
ദേശീയ തലത്തില്‍ കലാകായിക രംഗത്തെ പല പ്രമുഖ വ്യക്തിത്വങ്ങളും പ്രതിഷേധത്തില്‍ പങ്ക് ചേരുന്ന കാഴ്‌ചയാണ് ഉണ്ടായത്. ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്ന വാട്ടര്‍പോളോ താരങ്ങള്‍ ഇറാന്‍റെ ദേശീയ ഗാനം പാടാന്‍ വിസമ്മതിച്ചു. ചെന്നയിന്‍ ഫുട്‌ബോള്‍ ക്ലബ് താരം വഫ ഹഖമനേഷി ബംഗാളിനെതിരെ ഗോളടിച്ചതിന് ശേഷം മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിക്കുന്ന സ്‌ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
വിശ്വാസ്യത പ്രതിസന്ധി നേരിട്ട് ഭരണകൂടം: ന്യൂനപക്ഷങ്ങളിലും ഉദാരവാദികളിലും കടുത്ത വിശ്വാസ്യത പ്രതിസന്ധിയാണ് ഇറാന്‍റെ ഷിയമതപുരോഹിത ഭരണകൂടം അഭിമുഖീകരിക്കുന്നത്. ഉദാരവാദികളും ഇസ്ലാമിക പാരമ്പര്യവാദികളും തമ്മിലുള്ള വിടവ് കൂടുതല്‍ ശക്‌തമായിരിക്കുകയാണ്. പ്രതിഷേധത്തില്‍ ന്യൂനപക്ഷമായ കുര്‍ദുകള്‍ അടക്കമുള്ള വിഭാഗങ്ങളോട് ഉദാരവാദികള്‍ കൈകോര്‍ക്കുന്ന കാഴ്‌ചയാണ് ഇറാനില്‍ കാണുന്നത്. അതുകൊണ്ട് തന്നെ ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിന് വലിയ വെല്ലുവിളിയാണ് ഇറാന്‍ അധികൃതര്‍ നേരിടുന്നത്.