ലണ്ടന്‍: വിൽപ്പനയിൽ റെക്കോഡ് സൃഷ്‌ടിച്ച് ഹാരി രാജകുമാരന്‍റെ ആത്മകഥ 'സ്പെയര്‍'. പുസ്‌തകം വിൽപ്പനക്ക് എത്തി ഒരാഴ്‌ചക്കുള്ളിൽ 3.2 മില്ല്യൺ കോപ്പികളാണ് വിറ്റ് പോയത്. മാസങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് ഹാരി രാജകുമാരന്‍റെ ആത്മകഥ വില്‍പനക്കായി എത്തിയത്.
യുഎസിൽ മാത്രം ഇതുവരെ 1.6 ദശലക്ഷം കോപ്പികളാണ് വിറ്റതെന്ന് പുസ്‌തകത്തിന്‍റെ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് അറിയിച്ചു. പുസ്‌തകം വിപണിയിലെത്തിയ ആദ്യ ദിനം ഇംഗ്ലീഷ് ഭാഷ പതിപ്പിന്‍റെ 1.4 ദശലക്ഷം കോപ്പികളാണ് വിറ്റത്. പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിച്ചതിൽ ആദ്യ ദിനം ഇത്രയധികം വിൽപ്പന നേടുന്ന നോൺ ഫിക്‌ഷൻ വിഭാഗത്തിലെ ആദ്യ പുസ്‌തകമാണ് സ്പെയർ.
2020-ൽ പുറത്തിറങ്ങിയ ബരാക് ഒബാമയുടെ 'എ പ്രോമിസ്‌ഡ് ലാൻഡ്', 2018ൽ പുറത്തിറങ്ങിയ മിഷേൽ ഒബാമയുടെ 'ബികമിങ്' എന്നിവയുടെ റെക്കോഡാണ് 'സ്പെയര്‍' മറികടന്നത്. ലോകമെമ്പാടുമായി 16 ഭാഷകളിലാണ് സ്പെയർ പ്രസിദ്ധീകരിക്കുന്നത്.
16 ഭാഷകളിലും അതിന്‍റെ ഓഡിയോ ബുക്കായും പുസ്‌തകം ലഭ്യമാണ്. നേരത്തെ പുസ്‌തകത്തിന്‍റെ സ്‌പാനിഷ് പതിപ്പ് ചോരുകയും പുസ്‌തകത്തിലെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു. സംഭവം വിവാദമായതോടെ സ്‌പാനിഷ് പതിപ്പ് പിന്‍വലിക്കുകയായിരുന്നു.
ബ്രിട്ടീഷ് രാജകുടുംബത്തിന് കൂടുതല്‍ നാണക്കേടുണ്ടാക്കിയാണ് പുസ്‌തകം വിപണിയിലെത്തിയത്. പിതാവ് ചാള്‍സ് രാജകുമാരനെക്കുറിച്ചും മാതാവ് ഡയാന, സഹോദരന്‍ വില്യം എന്നിവരെക്കുറിച്ചും സ്പെയറില്‍ ഹാരി പരാമർശിക്കുന്നുണ്ട്. ഭാര്യ മേഗനുമായുള്ള വിവാഹത്തിന്‍റെ പേരിൽ രാജകുടുംബത്തിൽ നിന്നുണ്ടായ പ്രശ്‌നങ്ങളും കൗമാര കാലത്ത് കൊക്കെയ്‌ൻ ഉപയോഗിച്ച കാര്യവും ഉള്‍പ്പെടെ ഹാരി പുസ്‌തകത്തിൽ പറയുന്നുണ്ട്.