ഇസ്ലാമബാദ് : അതിരൂക്ഷമായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ് പാകിസ്ഥാന്‍. വിലക്കയറ്റം 38.42 ശതമാനത്തില്‍ എത്തി. അവശ്യ സാധനങ്ങളിന്‍മേലുള്ള വിലക്കയറ്റത്തിന് ശമനമില്ല.
അന്താരാഷ്‌ട്ര നാണയ നിധിയുടെ(ഐഎംഎഫ്) നിബന്ധനകള്‍ അംഗീകരിക്കുന്നതിന്‍റെ ഭാഗമായി പെട്രോളിയം ഉത്പന്നങ്ങള്‍ക്കടക്കം നികുതി വര്‍ധിപ്പിച്ചതാണ് വീണ്ടും വിലക്കയറ്റത്തിലേക്ക് നയിച്ചത്. 7 ബില്യണ്‍ യുഎസ് ഡോളര്‍ വായ്‌പാ കരാറിലാണ് പാകിസ്ഥാന്‍ ഐഎംഎഫുമായി ഏര്‍പ്പെട്ടിരിക്കുന്നത്.
ഐഎംഎഫ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ അംഗീകരിക്കുന്ന പക്ഷം ഗഡുക്കളായിട്ടാണ് ഈ വായ്‌പ ലഭിക്കുക. 1.1 ബില്യണ്‍ യുഎസ് ഡോളര്‍ ലഭിക്കുന്നതിനായാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്കടക്കം പാകിസ്ഥാന് ഇപ്പോള്‍ നികുതി വര്‍ധിപ്പിക്കേണ്ടി വന്നത്. ഹ്രസ്വകാലത്തേക്കുള്ള പണപ്പെരുപ്പം കണക്കാക്കുന്നതിനായിട്ടുള്ള എസ്‌പിഐ(Sensitive Price Index) ആണ് വാര്‍ഷിക അടിസ്ഥാനത്തില്‍ 38.42 ശതമാനമായി ഈ വാരാന്ത്യം(18.02.2022) ഉയര്‍ന്നത്.
ഈ വാരാന്ത്യത്തില്‍ 34തരം ഉത്പന്നങ്ങളുടെ വില വര്‍ധിച്ചു. 5 ഉത്പന്നങ്ങളുടെ വില കുറഞ്ഞു. 12 എണ്ണത്തിന്‍റെ വില മാറ്റമില്ലാതെ തുടരുന്നു. 29,518 രൂപ മുതല്‍ 44,175 രൂപ വരെ മാസ വരുമാനം ഉള്ളവരെയാണ് ഈ വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുക എന്നാണ് കണക്കാക്കുന്നത്. ഈ വിഭാഗത്തിന്‍മേലുള്ള പണപ്പെരുപ്പ ആഘാതം 39.65ശതമാനമാണ്.
ആഴ്‌ച അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ ഈ വാരാന്ത്യത്തിലുള്ള എസ്‌പിഐ വര്‍ധനവ് 2.89 ശതമാനമാണ്. കഴിഞ്ഞ വാരാന്ത്യത്തില്‍ ഇത് 0.17 ശതമാനമാണ്. കഴിഞ്ഞയാഴ്‌ച വാര്‍ഷിക അടിസ്ഥാനത്തിലുള്ള എസ്‌പിഐ വര്‍ധനവ് 34.83 ശതമാനമായിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ധന വിലയിലെ വര്‍ധനവാണ് വിലക്കയറ്റം പ്രധാനമായും വര്‍ധിപ്പിച്ചത്. ഈ ഇന്ധന വില വര്‍ധനവ് അവശ്യ സാധനങ്ങളുടെ വില കുത്തനെ കൂട്ടി.