ബോസ്റ്റൺ: വിമാന യാത്രക്കിടെ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതായി ക്രൂ അംഗത്തിനെതിരെ കുടുംബത്തിന്‍റെ പരാതി (Attempt to capture private footage of girl in flight). ടോയ്‌ലറ്റ് സീറ്റിന്‍റെ പിൻഭാഗത്ത് ഫോൺ ടേപ്പ് ചെയ്‌ത് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു എന്നാണ് പരാതി (Phone Taped To Toilet Seat On Flight To Boston). നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലാണ് സംഭവം.
14കാരിയായ പെൺകുട്ടിയുടെ കുടുംബമാണ് വിമാനത്തിലെ ജോലിക്കാർക്കെതിരെ രംഗത്തെത്തിയത്. പെൺകുട്ടി ടോയ്‌ലറ്റിൽ പോയപ്പോൾ സീറ്റിന്‍റെ പിൻഭാഗത്ത് ഫോൺ ഘടിപ്പിച്ചതായി കണ്ടെത്തിയെന്നും ക്രൂ അംഗങ്ങളിൽ ഒരാളാണ് ഇതിന് പിന്നിലെന്നും പെൺകുട്ടിയുടെ കുടുംബം പറയുന്നു ( 14-year-old girl discovered phone taped to back of toilet seat). സെപ്‌റ്റംബർ 2ന് അമേരിക്കൻ എയർലൈൻസ് 1441 ഫ്ലൈറ്റിലാണ് (American Airlines flight 1441) സംഭവം നടന്നത്.
ക്രൂവിലെ ഒരു പുരുഷ അംഗം പെൺകുട്ടിയോട് ഫസ്റ്റ് ക്ലാസ് ബാത്ത്റൂം ഉപയോഗിക്കാൻ ആവശ്യപ്പെടുകയായിരുന്നു. 14കാരി കയറുന്നതിന് തൊട്ടുമുമ്പ് ഇയാൾ ടോയ്‌ലറ്റിൽ പ്രവേശിച്ചിരുന്നു. ടോയ്‌ലറ്റ് സീറ്റ് തകർന്നിട്ടുണ്ടെന്നും എന്നിരുന്നാലും കുഴപ്പമില്ലെെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞു. കുട്ടി ഇറങ്ങിയതിന് ശേഷം ഇയാൾ വീണ്ടും ടോയ്‌ലറ്റിൽ പ്രവേശിച്ചെന്നും കുടുംബം രേഖാമൂലമുള്ള പ്രസ്‌താവനയിൽ വ്യക്തമാക്കി.
ടോയ്‌ലറ്റിൽ പോയ പെൺകുട്ടി സീറ്റിന്‍റെ പിൻഭാഗത്ത് മറച്ചുവച്ച നിലയിൽ ഐഫോൺ ഘടിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ഉടൻതന്നെ അവൾ സ്വന്തം ഫോണിൽ ഇത് പകർത്തുകയും ചെയ്യുകയായിരുന്നെന്ന് കുടുംബം പരാതിയിൽ പറയുന്നു. ഈ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും മകളെയും മുഴുവൻ കുടുംബത്തെയും ഇത് വലിയ തോതിൽ അസ്വസ്ഥരാക്കിയെന്നും ഇവർ പ്രതികരിച്ചു.
അതേസമയം സംഭവത്തിൽ ഇതുവരെ കേസ് ഫയൽ ചെയ്‌തിട്ടില്ലെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പോൾ ലെവെലിൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ സെപ്റ്റംബർ 2 ന് വിമാനം ലാൻഡ് ചെയ്‌തപ്പോൾ തന്നെ നിയമപാലകർ എത്തിയിരുന്നു. ഒരു ഫ്ലൈറ്റ് അറ്റൻഡന്‍റിനെ മസാച്യുസെറ്റ്സ് സ്റ്റേറ്റ് പൊലീസ് ഫ്ലൈറ്റിൽ നിന്ന് പുറത്താക്കിയതായാണ് വിവരം.
സംഭവം നടന്നത് വിമാനയാത്രക്കിടെ ആയതിനാൽ സംസ്ഥാന പൊലീസ് പിന്നീട് എഫ്ബിഐയെ (FBI) പ്രാഥമിക അന്വേഷണ ചുമതല ഏൽപ്പിച്ചു. അതേസമയം ഈ വിഷയം വളരെ ഗൗരവമായാണ് നോക്കി കാണുന്നതെന്ന് അമേരിക്കൻ എയർലൈൻസ് (American Airlines) പ്രസ്‌താവനയിൽ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയ്‌ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും അതിനാൽ കേസ് അന്വേഷണത്തിൽ നിയമപാലകരുമായി പൂർണമായി സഹകരിക്കുമെന്നും അമേരിക്കൻ എയർലൈൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
READ ALSO: സ്‌പോർട്‌സ് കടയിലെ ട്രയൽ റൂമിൽ ഒളികാമറ; ജീവനക്കാരൻ അറസ്റ്റിൽ