ഇസ്ലാമബാദ് : സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് പാകിസ്ഥാന്‍. നിത്യോപയോഗ സാധനങ്ങള്‍ക്ക് ഉള്‍പ്പടെ ദിനംപ്രതി അനിയന്ത്രിതമായാണ് രാജ്യത്ത് വില ഉയരുന്നതെന്നാണ് റിപ്പോര്‍ട്ട്. 'ദ ഡോണ്‍' ദിനപത്രം പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് നിലവില്‍ ഒരു ലിറ്റര്‍ പാലിന് 210 പാക് രൂപയും ചിക്കന് 700 രൂപയുമാണ് വില.
നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി കുതിച്ചുയരുന്ന സാഹചര്യത്തില്‍, പാകിസ്ഥാനില്‍ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരമായ കറാച്ചിയില്‍ ജനങ്ങള്‍ ഏറെ ദുരിതത്തിലാണ്. രണ്ട് ദിവസത്തിനിടെയാണ് പാലിനും ചിക്കനുമുള്‍പ്പടെ 20 മുതല്‍ 100 രൂപ വരെ വീണ്ടും വില വര്‍ധിച്ചത്. കഴിഞ്ഞ ആഴ്‌ചയില്‍ പാലിന് 190 രൂപയും ചിക്കന് 600 രൂപയുമായിരുന്നു.
പ്രതിസന്ധിയില്‍ വലഞ്ഞ് പാകിസ്ഥാന്‍: യുഎസ് ഡോളറിനെതിരെ 275 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പാക് രൂപ കൂപ്പുകുത്തിയിരുന്നു. കൂടാതെ പണപ്പെരുപ്പം 27 ശതമാനമായി വര്‍ധിക്കുകയും ചെയ്‌തു. 1998 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് വിദേശനാണ്യ കരുതൽ ശേഖരവും വീണതോടെ ഒരുമാസത്തേക്കുള്ള സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവില്‍ പാകിസ്ഥാനിലുള്ളത്.
കൂടാതെ ജനുവരി 30ന് പെഷവാറിലുണ്ടായ ചാവേറാക്രമണവും രാജ്യത്തെ സ്ഥിതി മോശമാക്കി. അതേസമയം, രാജ്യത്തിന്‍റെ നിലവിലുള്ള അവസ്ഥയില്‍ നിന്നും കരകയറുന്നതിനായി അന്താരാഷ്‌ട്ര നാണയ നിധിയുമായി നടത്തിയ ചര്‍ച്ചകളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. അതേസമയം, തീവ്രവാദവും ചൈനയുമായുള്ള അടുപ്പവുമാണ് പാകിസ്ഥാനിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷപം തടഞ്ഞതെന്ന് യുഎസിലെ മുന്‍ പാകിസ്ഥാന്‍ അംബാസഡര്‍ ഹുസൈന്‍ ഹഖാനി ആരോപിച്ചിരുന്നു.
ജിഹാദിസ്റ്റ് ഭീകരത, നേരിട്ടുള്ള വിദേശ നിക്ഷേപം ഇടിയുന്നതിന് കാരണമായി. ചൈനയെ കൂടുതലായി ആശ്രയിക്കുന്നത് രാജ്യത്ത് വിദേശകടം ഉയരാന്‍ വഴിയൊരുക്കി. അയല്‍ രാജ്യങ്ങളായ ഇന്ത്യയും അഫ്‌ഗാനിസ്ഥാനുമായുമുള്ള മോശം ബന്ധം മൂലം വ്യാപാരത്തിലുള്‍പ്പടെ പാകിസ്ഥാന്‍ തിരിച്ചടികള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള പ്രതിസന്ധിയില്‍ നിന്നും ആ രാജ്യം കരകയറണമെങ്കില്‍ അവര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തണമെന്ന് പാകിസ്ഥാനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ ജി പാർത്ഥസാരഥി അഭിപ്രായപ്പെട്ടിരുന്നു. തീവ്രവാദത്തെ സഹായിക്കുന്ന നിലപാടില്‍ നിന്ന് മാറി ക്രിയാത്മക സാമ്പത്തിക സഹകരണത്തില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി അന്താരാഷ്‌ട്ര നാണയ നിധി മുന്നോട്ടുവയ്‌ക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് പാക് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വായ്‌പ എടുക്കുന്നതുമായി ബന്ധപ്പെട്ട് ഐഎംഎഫുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇക്കാര്യം പാക് ഭരണകൂടം വ്യക്തമാക്കിയത്.
പാകിസ്ഥാനില്‍ ഗ്രേഡ് 17 ന് മുകളില്‍ ജോലി ചെയ്യുന്ന ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആസ്‌തി വെളിപ്പെടുത്തണമെന്ന നിര്‍ദേശം ഐഎംഎഫ് നല്‍കിയിരുന്നു.ഇതിലായിരുന്നു പാകിസ്ഥാന്‍റെ പ്രതികരണം. 1.1 ബില്യൺ ഡോളർ ഫണ്ട് സാമ്പത്തിക സഹായമായി നല്‍കണമെന്നാണ് പാകിസ്ഥാന്‍ അന്താരാഷ്‌ട്ര നാണയ നിധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.