കറാച്ചി: പാകിസ്ഥാന്‍ കറന്‍സിക്ക് വന്‍ മൂല്യതകര്‍ച്ച. ഒരു യുഎസ് ഡോളറിന് 262.6 പാകിസ്ഥാന്‍ രൂപ എന്ന നിലയിലാണ് കൂപ്പ് കുത്തിയത്. ഇന്നത്തെ വ്യാപാരത്തിന്‍റെ ഒരു വേളയില്‍ ഒരു യുഎസ് ഡോളറിന് 266 എന്നത് വരെ പാകിസ്ഥാന്‍ രൂപ കൂപ്പ് കുത്തിയിരുന്നു.
ഇന്ന് വിദേശ കറന്‍സി മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ പാകിസ്ഥാന്‍ രൂപയുടെ മൂല്യം 7.17 രൂപ (2.73 ശതമാനം) ഇടിഞ്ഞെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ അറിയിച്ചു. ഇന്‍റര്‍ ബാങ്ക് വ്യാപാരത്തില്‍ വ്യാഴാഴ്‌ചയിലെ നിലയില്‍ നിന്ന് ഇന്ന് 34 രൂപയാണ് ഇടിഞ്ഞത്. 1999ല്‍ പുതിയ എക്‌സ്‌ചേഞ്ച് റേറ്റ് സിസ്‌റ്റം വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇത്.
ഐഎംഎഫിന്‍റെ വായ്‌പ പദ്ധതി പുനരാരംഭിക്കാനായി യുഎസ് ഡോളര്‍-പാകിസ്ഥാന്‍ രൂപ വിനിമയത്തിന് ഏര്‍പ്പെടുത്തിയിരുന്ന അനൗദ്യോഗിക പരിധി പാകിസ്ഥാന്‍ സര്‍ക്കാര്‍ എടുത്ത് കളഞ്ഞിരുന്നു. ഇതിന് ശേഷം പാകിസ്ഥാന്‍ രൂപയ്‌ക്ക് വലിയ മൂല്യശോഷണമാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്.
നിബന്ധനകള്‍ അംഗീകരിച്ച് ഐഎംഎഫ്: ഐഎംഎഫില്‍ നിന്ന് പുതുതായി പാകിസ്ഥാന് 1.2 ബില്യണ്‍ യുഎസ് ഡോളര്‍ വായ്‌പയായി ലഭിക്കും. ഈ വായ്‌പ ലഭിക്കുന്നതിന് പാകിസ്ഥാന്‍ പല നിബന്ധനകളും പാലിക്കേണ്ടതുണ്ട്. വിപണി അധിഷ്‌ടിതമായ ഡോളര്‍-റുപ്പി വിനിമയ നിരക്ക്, പലിശ നിരക്ക് വര്‍ധിപ്പിക്കുക, ഒരാഴ്‌ചയ്‌ക്കകം പെട്രോളിനും ഡീസലിനും 17 ശതമാനം വില്‍പ്പന നികുതി ഏര്‍പ്പെടുത്തുക എന്നിവ ഐഎംഎഫിന്‍റെ നിബന്ധനകളില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ആദ്യത്തെ രണ്ട് നിബന്ധനകളും പാകിസ്ഥാന്‍ നടപ്പാക്കി.