വാഷിങ്‌ടണ്‍: രൂപയുടെ മൂല്യം ഇടിയുന്നത് സംബന്ധിച്ച് വിചിത്ര വാദവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രൂപയുടെ മൂല്യം ഇടിയുന്ന നിലയിലല്ല, ഡോളർ കൂടുതൽ ശക്തിപ്രാപിക്കുന്നതാണ് പ്രശ്‌നമെന്നും അവര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പറഞ്ഞു. അന്താരാഷ്‌ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്‍റെയും വാർഷിക യോഗങ്ങളിൽ പങ്കെടുത്ത ശേഷം വാഷിങ്‌ടണില്‍ വച്ച് ശനിയാഴ്‌ച (ഒക്‌ടോബര്‍ 15) മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിവാദ പരാമര്‍ശം.
ഡോളറിന്‍റെ മൂല്യം ഉയരുമ്പോൾ ഇന്ത്യൻ രൂപ ചെറുത്തുനിന്നിട്ടുണ്ട്. ഇതിന്‍റെ സാങ്കേതിക വശങ്ങളെക്കുറിച്ച് താന്‍ ഇപ്പോള്‍ സംസാരിക്കുന്നില്ല. വളർന്നുവരുന്ന മറ്റു പല കറൻസികളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് രൂപ നടത്തിയത്. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കാവുന്ന സ്ഥിതിയിലാണെന്നും കേന്ദ്രമന്ത്രി അവകാശവാദം ഉയര്‍ത്തി. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69ലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് നിര്‍മല സീതാരാമന്‍റെ വിചിത്രവാദമെന്നത് ശ്രദ്ധേയമാണ്.
''പറയുന്നത് ഇക്കണോമിക്‌സില്‍ ഉന്നത വിദ്യാഭ്യാസമുള്ളയാള്‍'': കേന്ദ്ര ധനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. രാജ്യത്തെ പ്രതിഭകളെ വാര്‍ത്തെടുക്കുന്ന ജെഎന്‍യു സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്‌ത്രത്തില്‍ എംഎയും എംഫിലും നേടുകയും ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നും പിഎച്ച്‌ഡിയും നേടിയിട്ടും നിലവാരം ദയനീയം. രാജ്യത്തിന്‍റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആള്‍ വിദേശത്ത് പോയി മണ്ടത്തരം പറയുകയാണോ വേണ്ടത് എന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.
കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരന്‍ നേരത്തേ പ്രെട്രോള്‍ വിലയില്‍ നടത്തിയ വിചിത്ര വാദവുമായി ബന്ധപ്പെടുത്തിയും പരിഹാസം ഉയര്‍ന്നിട്ടുണ്ട്. അന്താരാഷ്‌ട്ര വിപണിയിൽ പെട്രോള്‍ വില കുറയുമ്പോൾ അവിടെ കുറഞ്ഞതിന്‍റെ കുറച്ച് ഇവിടെ കൂട്ടിയിട്ടുണ്ട്. കൂട്ടിയെങ്കിലും വില കുറയുകയാണ് ചെയ്യുന്നത്. അത്രയും തന്നെ ഇവിടെ കൂട്ടിയിട്ടില്ല. മൂന്ന് രൂപ കൂട്ടിയെങ്കിലും മൊത്തം വില കൂടുന്നില്ല എന്നായിരുന്നു മുരളീധരന്‍റെ പരാമര്‍ശം.