ന്യൂയോർക്ക് : ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്‍റെ ഭാഗമായി ന്യൂയോർക്കില്‍ സംഘടിപ്പിക്കുന്ന വാർഷിക പരേഡിന് ഇന്ത്യയില്‍ നിന്ന് പങ്കെടുക്കാൻ പ്രമുഖരുടെ നീണ്ട നിര. ആത്മീയ നേതാവ് രവിശങ്കര്‍ ഇന്ത്യൻ അഭിനേതാക്കളായ സാമന്ത റൂത്ത്പ്രഭു, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ന്യൂയോർക്കിലെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA) of New York ന്യൂജേഴ്‌സി കണക്റ്റിക്കട്ട്, ന്യൂ ഇംഗ്ലണ്ട് എന്നി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.
മാൻഹട്ടനിൽ ആഗസ്റ്റ് 20 ന് നടക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യദിന പരേഡിനെ പ്രശസ്ത യോഗ ഗുരുവും ആത്മീയ നേതാവുമായ രവിശങ്കര്‍ നയിക്കും. മാഡിസൺ അവന്യൂവില്‍ നടക്കുന്ന പരേഡിൽ ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസ് വിശിഷ്ടാതിഥിയാകും. തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത റൂത്ത്പ്രഭു മുഖ്യാതിഥിയും ആയിരിക്കും. ന്യൂയോർക്ക് നഗരത്തിന്‍റെ ഹൃദയഭാഗത്ത് നടക്കുന്ന വാർഷിക പരേഡ് വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി. ഇന്ത്യൻ പതാകകളും ബാനറുകളും അടക്കമാകും സ്ത്രീകളും പുരുഷന്മാരും കുട്ടികളും പങ്കെടുക്കുന്ന പരേഡ്.
ഇന്ത്യയുടെ സമ്പന്നവും കലാപരവുമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന നൃത്തവും സംഗീതവും നാടകങ്ങളും പരേഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തനതായ ഭക്ഷണങ്ങള്‍, പരമ്പരാഗത പലഹാരങ്ങള്‍, കരകൗശലവസ്തുക്കൾ, തുണിത്തരങ്ങൾ, കലകൾ എന്നിവയും പ്രദർശിപ്പിക്കും. ഈ വര്‍ഷത്തെ പ്രധാന പ്രത്യേകകളില്‍ ഒന്ന് ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ധാന്യങ്ങളുടെ പ്രദർശനം ഉണ്ടാകും എന്നതാണ്.
സ്വാതന്ത്ര്യ ദിനം സംബന്ധിച്ച്: ഈ വർഷം സ്വതന്ത്ര ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനമായിരിക്കും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 76 വർഷം പൂർത്തിയായി. 1947 ഓഗസ്റ്റ് 15 നാണ് ആദ്യമായി സ്വാതന്ത്ര്യദിന പതാക ഉയർത്തിയത്. സാങ്കേതികമായി രാജ്യത്തിന്‍റെ ആദ്യ സ്വാതന്ത്ര്യദിനം അന്ന് ആഘോഷിച്ചു. ഇതിനുശേഷം, 1948 ഓഗസ്റ്റ് 15 ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്‍റെ ഒന്നാം വാർഷികവുമായിരുന്നു. ഇതനുസരിച്ച് 2023 ആഗസ്ത് 15 സ്വാതന്ത്ര്യത്തിന്‍റെ 76-ാം വാർഷികവും 77-ാം സ്വാതന്ത്ര്യദിനവുമായിരിക്കും.
2022ല്‍ ന്യൂയോർക്കില്‍ നടന്ന ഇന്ത്യയുടെ സ്വാതന്ത്ര്യദിന പരേഡില്‍ ഗ്രാന്‍റ് മാർഷലായി തെന്നിന്ത്യൻ സിനിമ താരം അല്ലു അർജുൻ പങ്കെടുത്തിരുന്നു. ഭാര്യ സ്‌നേഹയ്ക്കൊപ്പമാണ് അല്ലു അർജുൻ പരേഡില്‍ പങ്കെടുത്തത്. അഞ്ച് ലക്ഷം ആളുകൾ പരിപാടിയില്‍ പങ്കെടുത്തു എന്നാണ് അന്ന് കണക്കുകൾ പുറത്തുവന്നത്. ഇന്ത്യൻ ദേശീയ പതാക വീശി അല്ലു അർജുൻ ന്യൂയോർക്കിലെ തെരുവിലൂടെ നടക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങൾക്ക് അന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രചാരം ലഭിച്ചിരുന്നു.
2020ല്‍ ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തിൽ അമേരിക്കയിലെ പ്രശസ്തമായ ടൈംസ് ചത്വരത്തിൽ ഭാരതത്തിന്റെ ത്രിവർണ പതാക ഉയർന്നത് അഭിമാനകരമായ കാഴ്‌ചയായിരുന്നു.
ALSO READ : ശ്രീലങ്കന്‍ സ്വാതന്ത്യത്തിന്‍റെ 75 വര്‍ഷങ്ങള്‍; കേന്ദ്രമന്ത്രി വി മുരളീധരന്‍ കൊളംബോയില്‍