കറാച്ചി: പാകിസ്ഥാനിലെ കറാച്ചിക്കടുത്ത കെമാരിയിൽ അജ്ഞാത രോഗം ബാധിച്ച് 18 പേർ മരിച്ചു. മരിച്ചവരില്‍ കൂടുതലും കുട്ടികളാണ് ഉള്‍പ്പെട്ടത്. തെക്കൻ പാകിസ്ഥാൻ തുറമുഖ നഗരമായ പ്രദേശത്തുണ്ടായ സംഭവത്തില്‍ മരണകാരണം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല.
ജനുവരി 10നും 25നും ഇടയിൽ കെമാരിയിലെ മാവാച്ച് ഗോത്ത് പ്രദേശത്ത് 14 കുട്ടികളടക്കം 18 പേരാണ് മരിച്ചതെന്ന് ആരോഗ്യ സേവന വിഭാഗം ഡയറക്‌ടര്‍ അബ്‌ദുള്‍ ഹമീദ് ജുമാനി ഇന്ന് മാധ്യമങ്ങളെ അറിയിച്ചു. 'മരണകാരണം കണ്ടെത്താൻ ഒരു ആരോഗ്യ സംഘം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഗോത്ത് ഗ്രാമം തീരപ്രദേശത്തായതുകൊണ്ട് കടലുമായോ, സമുദ്രജലവുമായോ ബന്ധപ്പെട്ടുണ്ടായതാവാം എന്ന് ഞങ്ങൾ സംശയിക്കുന്നു' - ജുമാനി പറഞ്ഞു.
'മരിച്ചവര്‍ക്ക് കടുത്ത പനിയുണ്ടായിരുന്നു': 'കുടുതലും ദിവസ വേതനക്കാരും മത്സ്യത്തൊഴിലാളികളും താമസിക്കുന്ന ചേരി പ്രദേശമാണ് മാവാച്ച് ഗോത്ത്. മരിച്ചവര്‍ക്ക് കടുത്ത പനിയും തൊണ്ടയിൽ വീക്കവും ശ്വസിക്കാൻ ബുദ്ധിമുട്ടും ഉണ്ടായിരുന്നു'- ജുമാനി ചുണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടാഴ്‌ചയായി പ്രദേശത്ത് വലിയ തോതിലുള്ള ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞതായി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തില്‍, ഒരു ഫാക്‌ടറി ഉടമയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണർ കെമാരി, മുഖ്‌താര്‍ അലി അബ്രോ പറഞ്ഞു.
പ്രദേശത്ത് പ്രവർത്തിക്കുന്ന മൂന്ന് ഫാക്‌ടറികളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഫാക്‌ടറികളിൽ നിന്ന് സോയാബീനിന്‍റെ ചില സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും സോയ അലർജി മൂലമാകാം മരണകാരണമെന്ന് കരുതുന്നതായും സിന്ധ് സെന്‍റര്‍ ഫോർ കെമിക്കൽ സയൻസസ് മേധാവി ഇഖ്ബാൽ ചൗധരി പറഞ്ഞു. വായുവിലെ സോയാബീൻ പൊടിയുടെ കണികകൾ പോലും ഗുരുതരമായ രോഗങ്ങൾക്കും മരണത്തിനും കാരണമാകും. ഞങ്ങൾ ഇതുവരെ ഒരു കൃത്യമായ കണ്ടെത്തലിൽ എത്തിയിട്ടില്ലെങ്കിലും സാമ്പിളുകൾ പരിശോധിച്ചുവരികയാണെന്ന് ചൗധരി പറഞ്ഞു.