പനാജി : ബോംബ് ഭീഷണിയെത്തുടർന്ന് മോസ്കോ-ഗോവ വിമാനം ഉസ്ബക്കിസ്ഥാനിലേക്ക് തിരിച്ചുവിട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം. 240 യാത്രക്കാരുമായി മോസ്കോയിൽ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ചാർട്ടേഡ് വിമാനമാണ് ആക്രമണ ഭീഷണിയെത്തുടർന്ന് വഴിതിരിച്ചുവിട്ടത്.
ദക്ഷിണ ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ പുലർച്ചെ 4.15 ന് വിമാനം ഇറങ്ങേണ്ടിയിരുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അസൂർ എയർ നടത്തുന്ന വിമാനം (AZV2463) ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് മുൻപ് വഴിതിരിച്ചുവിടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു
പുലർച്ചെ 12.30 നാണ്, ദബോലിം എയർപോർട്ട് ഡയറക്‌ടർക്ക് വിമാനത്തിൽ ബോംബ് വച്ചതായി ഇമെയിൽ ഭീഷണി സന്ദേശം ലഭിച്ചത്. രണ്ടാഴ്‌ച മുൻപും റഷ്യൻ വിമാനത്തിന് നേരെ സമാന ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. ഇതേത്തുടർന്ന്, മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന വിമാനം ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയും ചെയ്‌തു.