റബാത്ത് (മൊറോക്കോ) : മൊറോക്കോയിൽ വെള്ളിയാഴ്‌ച ഉണ്ടായ ഭൂചലനത്തിൽ (Morocco Earthquake) മരിച്ചവരുടെ എണ്ണം 2000 കടന്നു. 2012 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 2059 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മരണസംഖ്യ (Morocco Earthquake Death Toll) ഉർയന്നേക്കുമെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്‌ച (സെപ്‌റ്റംബർ 8) രാത്രി 11 മണിയോടെയാണ് റിക്‌ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം (Earthquake) ഉണ്ടായത്. തുടക്കത്തിൽ തീവ്രത കുറഞ്ഞ ഭൂചലനമാകാം അനുഭവപ്പെട്ടതെന്നാണ് നിരീക്ഷകർ പറയുന്നത്.
കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായതുകൊണ്ട് തന്നെ നഗരത്തിലെ റെസ്‌റ്റോറന്‍റുകളിലടക്കം നിരവധി സഞ്ചാരികള്‍ എത്തിയിരുന്നു. ഭൂചലനം അനുഭവപ്പെട്ടതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാകുകയും കെട്ടിടങ്ങളിൽ നിന്നും ഇറങ്ങി ഓടുകയും തെരുവുകളില്‍ തമ്പടിക്കുകയും ചെയ്‌തു. രാജ്യത്ത് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
യുനെസ്‌കോ ലോക പൈതൃക സൈറ്റായ മാരിക്കേഷിന് സമീപത്തെ ഹൈ അറ്റ്‌ലസ് പർവത മേഖലയിൽ (high atlas mountains in morocco) 18.5 കി മീ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. പർവത മേഖലയിലെ ഗ്രാമങ്ങളിലാണ് കൂടുതൽ നാശനഷ്‌ടങ്ങൾ സംഭവിച്ചത്. റോഡുകളും പാലങ്ങളും തകർന്നതോടെ രക്ഷാപ്രവർത്തകർക്ക് ദുരന്ത മേഖലയിലേക്ക് എത്തുന്നതിൽ പ്രതിസന്ധി നേരിട്ടു.
മൊറോക്കൻ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂചലനം : നിരവധി കെട്ടിടങ്ങൾ പൂർണമായും ഭാഗികമായും തകർന്നു. തകർന്ന കെട്ടിടങ്ങൾക്കിടയിൽപ്പെട്ട് നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വെള്ളിയാഴ്‌ച ഉണ്ടായത് മൊറോക്കൻ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂചലനങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. വടക്കേ ആഫ്രിക്കയില്‍ (North Africa) ഭൂകമ്പങ്ങള്‍ താരതമ്യേന അപൂര്‍വമാണ്. എങ്കിലും 1860ല്‍ അഗാദിറില്‍ ഉണ്ടായ ഭൂചലനത്തിൽ ഏറെ നാശനഷ്‌ടങ്ങള്‍ ഉണ്ടായിരുന്നു. റിക്‌ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് ഉണ്ടായത്. ആയിരക്കണക്കിന് ആളുകൾക്കാണ് അന്നത്തെ ഭൂകമ്പത്തിൽ ജീവൻ നഷ്‌ടപ്പെട്ടത്.
മൊറോക്കോയില്‍ (Morocco) ഉണ്ടായ ഭൂചലനത്തില്‍ നിരവധി ലോക നേതാക്കള്‍ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ജി20 ഉച്ചകോടിയില്‍ മൊറോക്കയെ കുറിച്ച് സംസാരിക്കുകയും ചെയ്‌തു. മൊറോക്കോ പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തില്‍ അവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് നരേന്ദ്ര മോദി തന്‍റെ എക്‌സ് (നേരത്തെ ട്വിറ്റർ) അക്കൗണ്ടിൽ കുറിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും അനുശോചനം രേഖപ്പെടുത്തി.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, സ്‌പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചെസ്, റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍, തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാന്‍, യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, ഫ്രാന്‍സിസ് മാര്‍പാപ എന്നിവരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.