ഇസ്‌ലാമബാദ് : അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ പാകിസ്ഥാനില്‍ സംഘര്‍ഷവും തീവയ്‌പ്പും. ഇസ്‌ലാമബാദ്, റാവൽപിണ്ടി, ലാഹോര്‍ എന്നിവിടങ്ങളിലാണ് അക്രമം. റാവൽപിണ്ടി ഗാരിസൺ സിറ്റിയിലെ പാകിസ്ഥാൻ ആർമി ആസ്ഥാനത്തും ലാഹോറിലെ കോർപ്‌സ് കമാൻഡറുടെ വസതിയിലും ഇമ്രാന്‍റെ അനുയായികൾ അതിക്രമിച്ചുകയറി അഴിഞ്ഞാടി.
അറസ്റ്റ് വാര്‍ത്തകള്‍ പരന്നതോടെ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ പിടിഐ (പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ്) പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിരുന്നു. പിന്നാലെയാണ് പാക് മണ്ണ് കലാപഭൂമിയായി മാറിയത്. രാജ്യത്ത് പലയിടങ്ങളിലായി പ്രതിഷേധക്കാർ അക്രമാസക്തമാവുകയും പൊലീസ് വാഹനങ്ങൾ കത്തിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌തു. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തെ പ്രധാന ഗേറ്റ് തകർത്തു. തുടര്‍ന്ന് തടിച്ചുകൂടിയ പിടിഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.
READ MORE | പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ
ലാഹോറില്‍, കമാൻഡറിന്‍റെ ഔദ്യോഗിക വസതിയിലേക്ക് ഒരു കൂട്ടം പിടിഐ പ്രവർത്തകർ ഇരച്ചുകയറി ഗേറ്റും ജനൽ ചില്ലുകളും തകർത്തു. തുടര്‍ന്ന് ഇവിടെയും മുദ്രാവാക്യവിളികളുണ്ടായി. തോഷഖാന കേസിലാണ് ഇസ്‌ലാമബാദ് ഹൈക്കോടതിക്ക് പുറത്തുവച്ച് അർധസൈനിക വിഭാഗം ഇമ്രാനെ അറസ്റ്റുചെയ്‌തത്. ഒന്നിലധികം അഴിമതിക്കേസുകളിൽ കുറ്റാരോപിതനായ പിടിഐ നേതാവിനെ കോടതിയിൽ നിന്ന് വലിച്ചിഴച്ചാണ് കൊണ്ടുപോയത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്നും ലഭിച്ച വിലയേറിയ സമ്മാനങ്ങൾ മറിച്ചുവിറ്റെന്നും ഇതിന്‍റെ കണക്ക് മറച്ചുവച്ചെന്നുമുള്ളതാണ് തോഷഖാന കേസ്.