ജോഹന്നാസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ (South Africa) ഏറ്റവും വലിയ നഗരങ്ങളിലൊന്നായ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്‌ടിലെ (Central Business District) ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 64 പേര്‍ മരിച്ചു. കുടിയേറ്റക്കാര്‍ (Migrants) താമസിച്ചുവന്നിരുന്ന ബഹുനില കെട്ടിടത്തിലാണ് വ്യാഴാഴ്‌ച (31.08.2023) അഗ്നിബാധയുണ്ടായത്. അഗ്നിബാധയില്‍ (Fire Accident) 43 പേര്‍ക്ക് പരിക്കേറ്റുവെന്നും എമര്‍ജന്‍സി സര്‍വീസസ് (Emergency Services) അറിയിച്ചു. മരിച്ചവരിൽ ഒരു കൈക്കുഞ്ഞും ഉൾപ്പെട്ടു.
സംഭവം ഇങ്ങനെ..: ഇന്ന് പുലർച്ചെ 1.30നാണ് ഡെൽവേഴ്‌സ്, ആൽബർട്ട്സ് സ്ട്രീറ്റുകളുടെ മൂലയിലായുള്ള ഒരു കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. സംഭവം നടന്നയുടെനെ അഗ്നിശമന സേനാംഗങ്ങളെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മൃതദേഹങ്ങൾ പുറത്തെടുക്കുന്നത് തുടരുന്നതിനാൽ ഒരുപാട് അടിയന്തര, രക്ഷാപ്രവർത്തകർ ഇപ്പോഴും സ്ഥലത്തുണ്ടെന്ന് സിറ്റി ഓഫ് ജോഹന്നാസ്ബർഗ് എമർജൻസി സർവീസസ് വക്താവ് റോബർട്ട് മുലൗഡ്‌സി പറഞ്ഞു.
അഗ്നിശമന സേനാംഗങ്ങള്‍ തീയണയ്‌ക്കുന്നതിനൊപ്പം തന്നെ ഞങ്ങള്‍ കെട്ടിടത്തിനകത്ത് കയറി അവിടെ നിന്നും ആളുകളെ ഒഴിപ്പിക്കാൻ കഴിഞ്ഞു. പരിക്കേറ്റ് ചികിത്സയിലുള്ളവരില്‍ ഭൂരിഭാഗവും പുക ശ്വസിച്ചത് കൊണ്ടുള്ള ബുദ്ധിമുട്ടനുഭവിച്ചവരാണ്. എന്നാല്‍ തീപിടുത്തത്തിന് കാരണമായത് എന്താണെന്ന് വ്യക്തമല്ലെന്നും റോബർട്ട് മുലൗഡ്‌സി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഭവനരഹിതരായവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്‌തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കെട്ടിടത്തിനകത്ത് അനധികൃതമായുള്ള താമസക്കാരും ഉണ്ടായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവം നടന്ന് അല്‍പസമയത്തിനുള്ളില്‍ തന്നെ റോബർട്ട് മുലൗഡ്‌സി തന്‍റെ എക്‌സ് അക്കൗണ്ടിലൂടെ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നു. ഇതില്‍ അഗ്നിബാധയേറ്റ കെട്ടിടവും പുറത്തായി അഗ്നിശമന സേനയുടെ ട്രക്കുകളും കാണാമായിരുന്നു.
വെല്ലിങ്‌ടണിലും തീപിടിത്തം: അടുത്തിടെ ന്യൂസിലൻഡിന്‍റെ തലസ്ഥാനമായ വെല്ലിങ്‌ടണിലെ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തില്‍ ആറുപേർ കൊല്ലപ്പെട്ടിരുന്നു. വെല്ലിങ്‌ടണിലെ ലോഫേഴ്‌സ് ലോഡ്‌ജ് ഹോസ്റ്റലായ നാല് നില കെട്ടിടത്തിനായിരുന്നു തീപിടിച്ചത്. അപകടത്തില്‍ 52 പേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തിയിരുന്നു.
അഗ്നിബാധയുണ്ടായ ഹോസ്റ്റലിൽ 92 മുറികളാണുണ്ടായിരുന്നത്. അഗ്നിബാധയുണ്ടായതോടെ നിരവധി ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങുകയും ചെയ്‌തു. ഇതോടെ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുമുണ്ടായി. എന്നാല്‍, സമയോചിതമായ ഇടപെടലിലൂടെ അപകടത്തിന്‍റെ വ്യാപ്‌തി കുറയ്‌ക്കാനായെന്നാണ് അധികൃതരുടെ നിഗമനം.
അപകടം തിരിച്ചറിയാനാവാതെ താമസക്കാര്‍: എന്നാല്‍, തീപിടിത്തമുണ്ടായതിൽ അന്വേഷണം നടത്തുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്‌കിൻസ് അറിയിച്ചിരുന്നു. നിലവില്‍ സാഹചര്യം കൈകാര്യം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. തനിക്ക് ചുറ്റും കനത്ത പുകയായിരുന്നുവെന്നും തീജ്വാലകൾ കാണാൻ കഴിഞ്ഞില്ലെന്നുമായിരുന്നു ലോഫേഴ്‌സ് ലോഡ്‌ജിൽ നിന്ന് രക്ഷപ്പെട്ട താമസക്കാരൻ പ്രതികരിച്ചിരുന്നു. ചൂട് അനുഭവപ്പെട്ടതോടെ രക്ഷപ്പെടാനായാണ് താന്‍ ലോഡ്‌ജിന്‍റെ ജനൽ വഴി പുറത്തേക്ക് ചാടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, താഴേക്ക് ചാടിയ ഇദ്ദേഹത്തിന്‍റെ കണങ്കാലിന് പരിക്കേറ്റു. എന്നാല്‍, കെട്ടിടത്തിൽ സ്ഥിരമായി ഫയർ അലാം മുഴങ്ങുമായിരുന്നുവെന്ന് മറ്റ് താമസക്കാർ മാധ്യമങ്ങളോട് പറഞ്ഞു. ഒരുപക്ഷേ, പുകവലിക്കാരിൽ നിന്ന് അമിതമായ സെൻസിറ്റീവ് സ്മോക്ക് ഉണ്ടായതിനാലാകാം അലാം മുഴങ്ങാന്‍ കാരണമെന്നാണ് പലരും ആദ്യം കരുതിയിരുന്നതെന്നും ഫയർ ഫോഴ്‌സ് മേധാവി പ്യാറ്റും വ്യക്തമാക്കി.