മോസ്‌കോ: റഷ്യൻ ബഹിരാകാശ പേടകം ‘ലൂണ 25’ ചന്ദ്രനില്‍ തകർന്ന് വീണതായി (Luna 25 crashes) റഷ്യയുടെ ബഹിരാകാശ ഏജൻസി (Russian space agency). പേടകത്തിന് സാങ്കേതിക തകരാർ സംഭവിച്ചുവെന്ന വിവരം ഇന്നലെ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ന് തകർന്നതായുള്ള വിവരം ലഭ്യമായത്. ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാൻ 3ന് (India's chandrayaan 3 mission) ഒപ്പം ലൂണ 25 ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മറിച്ചാണ് സംഭവിച്ചത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 11നായിരുന്നു ലൂണ 25 റഷ്യ വിക്ഷേപിച്ചത്. നാളെ ചന്ദ്രനിൽ ഇറങ്ങാനിരിക്കെയാണ് സാങ്കേതിക പ്രശ്‌നമുണ്ടായതും തകര്‍ന്നുവീണതും. ലൂണ 25 നിയന്ത്രണാതീതമായി ഭ്രമണപഥത്തിലേക്ക് നീങ്ങുകയും തുടര്‍ന്ന് ചന്ദ്രനില്‍ തകര്‍ന്ന് വീഴുകയുമായിരുന്നെന്ന് റോസ്‌കോസ്‌മോസ് (State Space Corporation ROSCOSMOS) പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ശനിയാഴ്‌ച ബഹിരാകാശ പേടകവുമായുള്ള ബന്ധം നഷ്‌ടപ്പെട്ടതായി റോസ്കോസ്മോസ് സ്ഥിരീകരിച്ചിരുന്നു.
അര നൂറ്റാണ്ടിനിടെയുള്ള ആദ്യ ചാന്ദ്ര ദൗത്യം: ചന്ദ്രനില്‍ ഇറങ്ങാനിരിക്കെ, ഓട്ടോമാറ്റിക് സ്റ്റേഷനിൽ അസാധാരണമായ സാഹചര്യമാണുണ്ടായതെന്നും റഷ്യന്‍ ബഹിരാകാശ ഏജന്‍സി ചൂണ്ടിക്കാട്ടി. ബഹിരാകാശ പേടകം തിങ്കളാഴ്‌ച (21 ഓഗസ്റ്റ്) ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാനാണ് തീരുമാനിച്ചിരുന്നത്. അര നൂറ്റാണ്ടിനിടെയുള്ള റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമാണ് ലൂണ 25. ചന്ദ്ര ഗർത്തങ്ങളുടെ ആദ്യ ദൃശ്യങ്ങൾ ലൂണ പകര്‍ത്തിയിരുന്നു. ഇത്, റഷ്യ ഇന്നലെ പുറത്തുവിട്ടത് ശ്രദ്ധേയമായിരുന്നു. 2021 ഒക്‌ടോബറിലായിരുന്നു നേരത്തേ വിക്ഷേപണം നടത്താനിരുന്നത്. ഈ പദ്ധതിയാണ് രണ്ട് വർഷത്തോളം വൈകി വിക്ഷേപിച്ചത്.
പരാജയത്തില്‍ നിന്നും കുതിച്ചുയര്‍ന്ന ചന്ദ്രയാൻ 3: ജൂലൈ 14നാണ് ഇന്ത്യ ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. ഈ ദൗത്യത്തിന് തൊട്ടുപിന്നാലെയാണ് റഷ്യ തങ്ങളുടെ പേടകം വിക്ഷേപിച്ചത്. ഓഗസ്റ്റ് 23ാം തിയതിയാണ് ചന്ദ്രയാന്‍റെ ലാന്‍ഡിങ്. ഈ ദിവസം വൈകിട്ട് 5.45ന് ചന്ദ്രന്‍റെ ഉപരിതലത്തില്‍ പേടകം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാന്‍ഡര്‍ മൊഡ്യൂള്‍ ആന്തരിക പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചന്ദ്രനിലെ നിര്‍ദിഷ്‌ട ലാന്‍ഡിങ് സൈറ്റില്‍ സൂര്യോദയത്തിനായി കാത്തിരിക്കുകയാണെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചിട്ടുണ്ട്.
പരാജയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ചന്ദ്രയാന്‍ 3 വിക്ഷേപണം നടത്തിയത്. ചന്ദ്രയാന്‍ 2ന് സമാനമായ ലാന്‍ഡറും റോവറും ചന്ദ്രയാന്‍ 3ല്‍ ഉണ്ടെങ്കിലും ഓര്‍ബിറ്റര്‍ ഇല്ല. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി സോഫ്‌റ്റ് ലാന്‍ഡിങ് നടത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ തയ്യാറാക്കിയ ചന്ദ്രയാന്‍ 3 പദ്ധതിയ്‌ക്ക് 250 കോടി രൂപയാണ് ചെലവായത് (ലോഞ്ച് വെഹിക്കിള്‍ ചെലവ് ഒഴികെ).