വാഷിങ്‌ടണ്‍ : ഗാസയിലെ വെടിനിര്‍ത്തല്‍ ആഹ്വാനങ്ങളെ തള്ളിപ്പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്‍റ് ജോബൈഡന്‍ രംഗത്ത് (Joe Biden on Gaza ceasefire). വാഷിങ്‌ടണ്‍ പോസ്റ്റിന്‍റെ ഓപ്-എഡ് പേജില്‍ എഴുതിയ ലേഖനത്തിലാണ് പലസ്‌തീനെ നിശിതമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് രംഗത്ത് എത്തിയിരിക്കുന്നത്. ഗാസയിലെ വെടിനിര്‍ത്തലിലൂടെ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനാകില്ലെന്നാണ് ബൈഡന്‍റെ പക്ഷം.
ഹമാസ് തങ്ങളുടെ നശിപ്പിക്കലിന്‍റെ പ്രത്യയശാസ്ത്രം തുടരുന്നിടത്തോളം വെടിനിര്‍ത്തല്‍ എന്നാല്‍ സമാധാനം അല്ലെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ വെടിനിര്‍ത്തല്‍ കാലവും ഹമാസിന് ആയുധ സംഭരണത്തിനും ഭീകരപരിശീലനത്തിനും നിരപരാധികളെ കൊന്നൊടുക്കാനുമുള്ളതാണ്. ഇന്ന് ഒരു ദിവസത്തേക്ക് യുദ്ധം നിര്‍ത്തുക എന്നതല്ല തങ്ങളുടെ ലക്ഷ്യം. യുദ്ധം എന്നന്നേക്കുമായി ഇല്ലാതാക്കണം. തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഇല്ലാതാകണം. ഗാസയിലും പശ്ചിമേഷ്യയിലും യുദ്ധം ഉണ്ടാകാതിരിക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണം. അതിലൂടെ ചരിത്രം ആവര്‍ത്തിക്കപ്പെടാതിരിക്കണം - ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
മനുഷ്യാവകാശ നിയമങ്ങള്‍ മാനിക്കണമെന്നും മരണസംഖ്യ കൂട്ടരുതെന്നും ബൈഡന്‍ ഇസ്രയേലിനോടും ആവശ്യപ്പെടുന്നുണ്ട്. നമ്മള്‍ മുന്‍കാലങ്ങളില്‍ ചെയ്‌ത തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ അവരുടെ മുറിവുകള്‍ കാരണമാകരുതെന്ന് താന്‍ ടെല്‍ അവീവ് സന്ദര്‍ശനവേളയില്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബൈഡന്‍ തന്‍റെ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു ധാരണയാണ് യുദ്ധം അവസാനിപ്പിക്കാന്‍ അത്യന്താപേക്ഷിതം. പലസ്‌തീന്‍ അധികൃതരുടെ കീഴില്‍ ഒരു സുസ്ഥിര ഭരണകൂടവും വേണം. സമാധാനം സ്ഥാപിക്കപ്പെടണമെങ്കില്‍ ഗാസയും വെസ്റ്റ് ബാങ്കും ഒറ്റഭരണകൂടത്തിന്‍ കീഴില്‍ ഏകീകരിക്കപ്പെടണമെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.
വെസ്റ്റ്ബാങ്കില്‍ പലസ്‌തീനികള്‍ക്ക് എതിരെ നടക്കുന്ന ഭീകരാക്രമണങ്ങളെയും ബൈഡന്‍ അപലപിച്ചു (West Bank attack by Israel). ഇത് അധികൃതരിലും ആശങ്കയുണ്ടാക്കുന്നുണ്ട്. അക്രമികള്‍ക്ക് വിസ നിഷേധിക്കുന്നത് അടക്കമുള്ള നടപടികളെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെ പലസ്‌തീനികള്‍ക്ക് എതിരെയുള്ള ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇസ്രയേലിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അക്രമം നടത്തുന്നവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ബൈഡന്‍ നിര്‍ദേശിച്ചു.
അമേരിക്കയിലേക്ക് യോഗ്യരായവര്‍ക്ക് വീസയില്ലാതെ കടക്കാനുള്ള വീസ വെയ്‌വര്‍ പദ്ധതി ഇസ്രയേല്‍ അട്ടിമറിക്കുന്നു എന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബൈഡന്‍റെ പ്രസ്‌താവന എന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ സ്വകാര്യ നയതന്ത്ര ചര്‍ച്ചകളുടെ മുഴുവന്‍ വിശദാംശങ്ങളും ലഭിച്ചിട്ടില്ലെന്നും എങ്കിലും ഇസ്രയേല്‍ തങ്ങളുടെ ആശങ്കകള്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് മാറ്റ് മില്ലര്‍ പറഞ്ഞു.
യുക്രൈനിലെയും ഇസ്രയേലിലെയും സംഘര്‍ഷത്തില്‍ സഹായം നല്‍കാനായി 105ബില്യന്‍ അമേരിക്കന്‍ ഡോളറിന്‍റെ സഹായം ആവശ്യപ്പെട്ടുള്ള ഒരു നിര്‍ദേശം അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ പരിഗണനയിലുണ്ട്. പണം നല്‍കണമെന്ന് പ്രസിഡന്‍റ് ബൈഡന്‍ വ്യക്തിപരമായും ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്‍റെ അടിസ്ഥാനമായ ജൂതവിരുദ്ധതയേയും ഇസ്ലാമോഫോബിയയേയും തന്‍റെ ലേഖനത്തിന്‍റെ ഉപസംഹാരത്തില്‍ ബൈഡന്‍ വിമര്‍ശിക്കുന്നുണ്ട്.
Also Read: ഗാസയിലേക്ക് ഇന്ധനം എത്തിക്കാൻ ഇസ്രയേൽ അനുമതി; രണ്ട് ടാങ്കറുകൾ എത്തി