ജെറുസലേം : ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസവും രൂക്ഷമായി തന്നെ തുടരുന്നു. ഇതിനിടെ പലസ്‌തീനിലെ ഗാസ മുനമ്പില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ജീവഹാനിയും നിരവധി കെട്ടിടങ്ങള്‍ക്ക് തകര്‍ച്ചയും സംഭവിച്ചു. മാത്രമല്ല ഇസ്രയേലിലേക്കുള്ള ഹമാസിന്‍റെ നുഴഞ്ഞുകയറ്റത്തിനും രക്തച്ചൊരിച്ചിലിനും മറുപടിയായി ഗാസയിലേക്കുള്ള ഭക്ഷണം, ഇന്ധനം, മരുന്നുകൾ എന്നിവയുടെ പ്രവേശനം ഇസ്രയേൽ നിർത്തിവച്ചിരിക്കുകയാണ് (Israel Palestine War Latest Updates).
അതിര്‍ത്തിക്ക് സമീപം വ്യോമാക്രമണമുണ്ടായതിനെ തുടര്‍ന്ന് ഗാസയിലേക്ക് ഈജിപ്തിൽ നിന്നുള്ള ഏക പ്രവേശന കവാടവും ചൊവ്വാഴ്ച (10.10.2023) അടച്ചിരുന്നു. എന്നാല്‍ പലസ്‌തീനിലെ ആശുപത്രികള്‍ പരിക്കേറ്റവരാല്‍ നിറഞ്ഞിരിക്കുകയാണെന്നും ഭക്ഷ്യ വസ്‌തുക്കള്‍ ഉള്‍പ്പടെയുള്ള സാമഗ്രികള്‍ തീര്‍ന്നുപോവുകയാണെന്നുമുള്ള ആശങ്ക മനുഷ്യാവകാശ സംഘടനകള്‍ പങ്കുവച്ചു. അതുകൊണ്ടുതന്നെ സഹായമെത്തിക്കാനുള്ള ഇടനാഴികള്‍ സൃഷ്‌ടിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
യുദ്ധമുഖത്ത് നിന്നും പുതുതായെത്തുന്ന വാര്‍ത്തകള്‍ ഇങ്ങനെ :
- പോരാട്ടത്തില്‍ ഒന്നിച്ച് സര്‍ക്കാരും പ്രതിപക്ഷവും : പലസ്‌തീനെതിരെ യുദ്ധം പ്രഖ്യാപിച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം യുദ്ധകാല ഐക്യ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തിയതായി പ്രതിപക്ഷ നേതാവ് ബെന്നി ഗാന്‍റ്‌സ് അറിയിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മുൻ പ്രതിരോധമന്ത്രിയും സൈനിക മേധാവിയുമായ ബെന്നി ഗാന്‍റ്‌സും സംയുക്ത പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല ഏകോപനത്തിനായി അഞ്ചംഗ 'യുദ്ധ മാനേജ്മെന്‍റ്' ക്യാബിനറ്റ് രൂപീകരിക്കുമെന്നും പ്രസ്‌താവനയിലുണ്ട്.
നെതന്യാഹു, ഗാന്‍റ്‌സ്, നിലവിലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗല്ലന്‍റ്, മറ്റ് രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഈ ക്യാബിനറ്റില്‍ നിരീക്ഷക അംഗങ്ങളായി പ്രവർത്തിക്കുക. മാത്രമല്ല യുദ്ധം തുടരുന്നിടത്തോളം കാലം യുദ്ധവുമായി ബന്ധമില്ലാത്ത നിയമനിർമാണങ്ങളോ തീരുമാനങ്ങളോ സർക്കാർ പാസാക്കില്ലെന്നും പ്രസ്‌താവനയിലുണ്ട്. അതേസമയം ഈ കൈ കൊടുക്കല്‍ തീവ്ര വലതുപക്ഷ, തീവ്ര ഓർത്തഡോക്സ് പാർട്ടികളുടെ സംഗമ വേദിയായ നെതന്യാഹുവിന്‍റെ നിലവിലുള്ള സർക്കാരിലെ ഘടക കക്ഷികള്‍ക്കിടയില്‍ എങ്ങനെയായി തീരുമെന്ന് വ്യക്തമല്ല.
- മരണസംഖ്യ കുറയുന്നില്ല : യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇരുപക്ഷത്ത് നിന്നുമായി 2,200 പേരുടെ ജീവനാണ് പൊലിഞ്ഞിട്ടുള്ളത്. ഇതിനൊപ്പം ഇസ്രയേലിന്‍റെ വടക്കന്‍ അതിര്‍ത്തികളില്‍ ലെബനനിലെയും സിറിയയിലെയും തീവ്രവാദികള്‍ തുടരുന്ന വെടിവയ്‌പ്പിനെ തുടര്‍ന്നും ജീവഹാനികള്‍ വര്‍ധിക്കാനിടയുണ്ട്. അതായത് ശനിയാഴ്‌ച മുതലുള്ള നുഴഞ്ഞുകയറ്റത്തില്‍ ഇതുവരെ 155 സൈനികര്‍ ഉള്‍പ്പടെ 1,200 പേര്‍ കൊല്ലപ്പെട്ടതായാണ് ഇസ്രയേല്‍ സൈന്യം അറിയിക്കുന്നത്. നിലവിലും നൂറുകണക്കിന് ഹമാസ് ഭീകരര്‍ തങ്ങള്‍ക്കിടയില്‍ തന്നെയുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്.
അതേസമയം ഗാസയിലേക്ക് കടന്നാല്‍ 230 സ്‌ത്രീകളും 260 കുട്ടികളും ഉള്‍പ്പടെ 1,050 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. മാത്രമല്ല 5,100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ 250,000 പേരെ ഗാസയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചതായാണ് യുഎൻ പലസ്‌തീന്‍ അഭയാർഥി ഏജൻസി അറിയിക്കുന്നത്. കൂടാതെ ഇസ്രയേലിലും പുറത്തുമായി 150 ലധികം ആളുകളുടെ കുടുംബങ്ങളെ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയതായാണ് വിവരം. മാത്രമല്ല മുന്നറിയിപ്പില്ലാതെ ഗാസയിലെ സിവിലിയന്‍ കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ സൈന്യം ബോംബിടുമ്പോള്‍, ബന്ദികളാക്കിയവരില്‍ ഓരോരുത്തരെയായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്‍റെ മുന്നറിയിപ്പെന്നും വിവരങ്ങളുണ്ട്.
- മരുന്നും അവശ്യസാധനങ്ങളുമില്ലാതെ ഗാസ : യുദ്ധവും അത് വരുത്തിവച്ച നഷ്‌ടങ്ങള്‍ക്കുമിടയില്‍ ഗാസയില്‍ മരുന്നുകള്‍ ഉള്‍പ്പടെയുള്ള അത്യാവശ്യ സാധനങ്ങള്‍ തീര്‍ന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ് ആളുകളെ കൂടുതലായി ആശുപത്രിയിലേക്ക് എത്തിക്കുന്നതിനാല്‍, ഇതിനോടകം ഗാസയിലെ ഏഴ് ആശുപത്രികളില്‍ മുന്‍കൂട്ടി സജ്ജീകരിച്ചിരുന്ന സാധന സാമഗ്രികള്‍ തീര്‍ന്നതായി ഇവര്‍ അറിയിച്ചു. മാത്രമല്ല ഗാസയിലെ രണ്ട് ആശുപത്രികളില്‍ ശസ്‌ത്രക്രിയ ഉപകരണങ്ങള്‍, ആന്‍റിബയോട്ടിക്കുകള്‍, മറ്റ് മരുന്നുകള്‍ എന്നിവ തീര്‍ന്നതായും ഇവര്‍ വ്യക്തമാക്കിയിരുന്നു.
ഒറ്റത്തവണ തന്നെ 50 രോഗികള്‍ എത്തിയതോടെ മൂന്ന് ദിവസത്തിനിടെ മൂന്നാഴ്‌ചത്തേക്ക് കരുതിവച്ചിരുന്ന അടിയന്തര സ്‌റ്റോക്ക് തീര്‍ന്നുപോയി. പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ മൂന്ന് ദിവസത്തേക്കുള്ള ഇന്ധനം മാത്രമാണുള്ളതെന്നും ഗാസയിലുള്ള ആരോഗ്യ സംഘത്തിന്‍റെ മേധാവി മത്തിയാസ് കന്നെസ് പറഞ്ഞു.
- കത്തിത്തീര്‍ന്ന് പവര്‍ പ്ലാന്‍റും : ഗാസയിലെ ഏക പവർ പ്ലാന്‍റിൽ ഇന്ധനവും തീർന്നു. ഇസ്രയേൽ വിതരണം നിർത്തിവച്ചതിനെ തുടര്‍ന്ന് അടച്ചുപൂട്ടാൻ നിർബന്ധിതരായെന്നും ഊർജ്ജ മന്ത്രാലയം ബുധനാഴ്ച (11.10.2023) അറിയിച്ചു. നിലവിലുള്ളത്, പ്രദേശത്തേക്ക് കറണ്ട് എത്തിക്കാനുള്ള ജനറേറ്ററുകൾക്ക് മാത്രമേ ശേഷിക്കുകയുള്ളൂ. ഇസ്രയേൽ സർക്കാർ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചതിന്‍റെ ഭാഗമായി ഗാസ മുനമ്പിലേക്കുള്ള ഇന്ധന കയറ്റുമതി തടയാൻ തീരുമാനിച്ചതോടെയാണ് ഈ ഇരുട്ടടി.