ന്യൂയോർക്ക് : യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിനോട് (UN Secretary-General António Guterres) രാജി വയ്‌ക്കാൻ ആവശ്യപ്പെട്ട് ഇസ്രയേൽ അംബാസഡർ ഗിലാഡ് എർദാൻ (Gilad Erdan). കുട്ടികളെയും സ്‌ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യുന്നവരെ ന്യായീകരിക്കുന്ന യുഎൻ സെക്രട്ടറി ജനറൽ ഐക്യരാഷ്‌ട്ര സഭയെ നയിക്കാൻ യോഗ്യനല്ലെന്നാണ് ഗിലാഡ് എർദാന്‍റെ വിമർശനം (Gilad Erdan X Post). ഹമാസ് ആക്രമണങ്ങൾ ശൂന്യതയിൽ നിന്നും ഉണ്ടായതല്ലെന്ന ഗുട്ടറസിന്‍റെ പരാമർശത്തിനെതിരെയാണ് ഇസ്രയേൽ രാജി ആവശ്യപ്പെട്ട് പ്രതികരിച്ചത്.
ഇസ്രയേൽ ആക്രമണത്തെ വിമർശിച്ച് യുഎൻ മേധാവി : ഇസ്രയേൽ - ഹമാസ് ആക്രമണത്തിൽ (Israel - Hamas War) യു എൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ യുഎൻ മേധാവി അന്‍റോണിയോ ഗുട്ടറസ് ശക്തമായി പ്രതികരിച്ചിരുന്നു. ഹമാസിന്‍റെ ആക്രമണങ്ങൾ ശ്യൂനതയിൽ നിന്നും ഉണ്ടായതല്ലെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. പലസ്‌തീൻ ജനത 56 വർഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരായിരുന്നു. അവരുടെ ഭൂമി അക്രമങ്ങളിലൂടെ സ്ഥിരമായി നഷ്‌ടപ്പെടുന്നത് അവർ കണ്ടുനിന്നു.
അവരുടെ സമ്പദ്‌വ്യവസ്ഥ സ്‌തംഭിച്ചു. അവരുടെ ആളുകൾ കുടിയിറക്കപ്പെടുകയും സ്വന്തം വീടുകൾ തകർക്കപ്പെടുകയും ചെയ്‌തു. അവരുടെ ദുരവസ്ഥയ്‌ക്ക് ഒരു രാഷ്‌ട്രീയ പരിഹാരമുണ്ടാകും എന്ന പ്രതീക്ഷ പോലും അസ്ഥമിക്കുകയാണ്. എന്നാൽ, പലസ്‌തീൻ ജനതയുടെ ആവലാതികൾ നിരത്തി ഹമാസിന്‍റെ ആക്രമണത്തെ ന്യായീകരിക്കാനാവില്ല. അതേസമയം, ഹമാസ് ഭീകരാക്രമണത്തിന്‍റെ പേരിൽ പലസ്‌തീൻ ജനതയെ ഒന്നടങ്കം ശിക്ഷിക്കുന്നതിനെയും ന്യീയീകിരക്കാനാവില്ലെന്നും യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു. ഈ പരാമർശമാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്.
'ഗുട്ടറസ് ഐക്യരാഷ്‌ടസഭയെ നയിക്കാൻ യോഗ്യനല്ല' : യുഎൻ മേധാവി ഭീകരവാദത്തെ ന്യായീകരിക്കുകയാണെന്നും കൂട്ടക്കൊലയ്‌ക്കെതിരെ ശബ്‌ദമുയർത്താത്ത യുഎൻ മേധാവി ഐക്യരാഷ്‌ടസഭയെ നയിക്കാൻ യോഗ്യനല്ലെന്നും അതിനാൽ ഉടനെ രാജി വയ്‌ക്കാൻ ആദ്ദേഹത്തോട് ആവശ്യപ്പെടുന്നതായുമാണ് ഇസ്രയേൽ പ്രതികരിച്ചത്. ഇസ്രയേൽ പൗരന്മാർക്കും യഹൂദ ജനതയ്‌ക്കും എതിരായ ഹമാസിന്‍റെ അതിക്രമങ്ങളോട് അനുകമ്പ കാണിക്കുന്നവരോട് സംസാരിക്കുന്നതിൽ അർഥമില്ലെന്നും ഗിലാഡ് എർദാൻ എക്‌സ് പേജിൽ കുറിച്ചു.
അതേസമയം, ഇസ്രയേൽ വിദേശകാര്യ മന്ത്രിയുടെ പോസ്‌റ്റിന് മറുപടിയെന്നോണം ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബ പ്രതിനിധികളുമായി യുഎൻ മേധാവി സംവദിക്കുമെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു. ഹമാസ് പുതിയ നാസികളാണെന്ന് പറഞ്ഞ ഇസ്രയേൽ വിദേശകാര്യ മന്ത്രി എലി കോഹൻ ഒക്‌ടോബർ ഏഴ് ക്രൂരമായ കൂട്ടക്കൊലയുടേയും തീവ്രവാദത്തിന്‍റെയും ദിനമായി ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് ആഹ്വാനം ചെയ്‌തു.
സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ട്. ഇത് ഇസ്രയേലിന്‍റെ മാത്രം യുദ്ധമല്ല. ഇത് സ്വതന്ത്ര ലോകത്തിന്‍റെ യുദ്ധമാണ്. ഇത് അതിജീവനത്തിന്‍റെ പ്രശ്‌നമാണെന്നും ഇസ്രയേലിനെ പിന്തുണച്ച എല്ലാ രാജ്യങ്ങൾക്കും നന്ദി ഉണ്ടെന്നും കോഹൻ പറഞ്ഞു.