കെയ്‌റോ : പ്രശസ്‌ത ഇറാനിയന്‍ നടി തരാനെ അലിദൂസ്‌തി അറസ്റ്റില്‍. ഇറാനില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് നടിയെ അറസ്റ്റ് ചെയ്‌തത്. പ്രതിഷേധത്തിനിടെ കുറ്റകൃത്യം നടത്തി എന്നാരോപിച്ച് അടുത്തിടെ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട മൊഹ്‌സെന്‍ ഷെക്കാരിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തരാനെ അലിദൂസ്‌തി ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.
സംഭവം നടന്ന് ഒരാഴ്‌ചയ്ക്ക് ശേഷമാണ് നടിയെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പരസ്യമായി പിന്തുണ അറിയിച്ച ഫുട്‌ബോള്‍ താരങ്ങളെയും അഭിനേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഈ പരമ്പരയിലെ ഏറ്റവും പുതിയ അറസ്റ്റാണ് ദി സെയിൽസ്‌മാൻ താരം തരാനെ അലിദൂസ്‌തിയുടേത്.
തന്‍റെ പോസ്റ്റിൽ 38 കാരിയായ നടി പറഞ്ഞത് ഇങ്ങനെ: 'അയാളുടെ പേര് മൊഹ്‌സെൻ ഷെക്കാരി എന്നാണ്. ഈ രക്തച്ചൊരിച്ചിൽ കാണുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്ന എല്ലാ അന്താരാഷ്‌ട്ര സംഘടനകളും മനുഷ്യത്വത്തിന് നാണക്കേടാണ്'.
പ്രതിഷേധത്തിനിടെ ടെഹ്‌റാനിൽ ഒരു തെരുവ് സ്‌തംഭിക്കുകയും സുരക്ഷാസേനയിലെ ഒരു അംഗം ആക്രമിക്കപ്പെടുകയും ചെയ്‌തതിന് ഇറാന്‍ കോടതി കുറ്റം ചുമത്തി ഡിസംബർ 9 ന് ഷെക്കാരിയെ വധിക്കുകയായിരുന്നു. സെപ്റ്റംബർ മുതൽ പ്രതിഷേധക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വിവിധ പോസ്റ്റുകള്‍ അലിദൂസ്‌തി പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 8 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന നടിയുടെ അക്കൗണ്ട് താത്‌കാലികമായി നിരോധിച്ചും അധികൃതര്‍ പ്രതികാര നടപടി തുടരുകയാണ്.
അറസ്റ്റ് തുടര്‍ക്കഥ : നവംബറിൽ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് മറ്റ് രണ്ട് പ്രശസ്‌ത ഇറാനിയൻ നടിമാരായ ഹെൻഗമേഹ് ഗാസിയാനിയെയും കതയോൻ റിയാഹിയെയും അറസ്റ്റ് ചെയ്‌തിരുന്നു. ദേശീയ ഫുട്ബോൾ ടീമിനെ അപമാനിച്ചുവെന്നും സർക്കാരിനെതിരെ പ്രചരണം നടത്തിയെന്നും ആരോപിച്ച് ഇറാനിയൻ ഫുട്ബോൾ താരം വോറിയ ഗഫൂരിയും കഴിഞ്ഞ മാസം അറസ്റ്റിലായി. പിന്നീട് മൂന്നുപേരെയും വിട്ടയച്ചു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്‌ച ഇറാൻ രണ്ടാമത്തെ തടവുകാരനായ മജിദ്‌റെസ രഹ്‌നാവാദിനെയും വധിച്ചിരുന്നു. മറ്റുള്ളവർക്കുള്ള മുന്നറിയിപ്പായി രഹ്‌നാവാദിന്‍റെ മൃതദേഹം ക്രെയിനിൽ തൂക്കിയിടുകയായിരുന്നു. തങ്ങളുടെ അർധസൈനിക വിഭാഗത്തിലെ രണ്ട് അംഗങ്ങളെ രഹ്‌നവാർദ് കുത്തിയതായി ഇറാൻ അധികൃതർ ആരോപിച്ചു.
ശേഖരിയും രഹ്‌നാവാദും കുറ്റാരോപിതരായി ഒരു മാസത്തിനുള്ളിൽ വധിക്കപ്പെട്ടു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ഇറാൻ ഇപ്പോൾ വധശിക്ഷ നടപ്പാക്കുന്നതിന്‍റെ വേഗത കാണിക്കുന്നതാണ് ഇരുവരുടെയും വധം. അടച്ചിട്ട കോടതികളില്‍ വാദം കേട്ട് കുറഞ്ഞത് ഒരു ഡസനോളം ആളുകൾക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെന്ന് ആക്‌ടിവിസ്റ്റുകള്‍ പറയുന്നു. വധശിക്ഷ നടപ്പാക്കുന്നതില്‍ ലോകത്ത് മുന്‍പന്തിയിലുള്ള രാജ്യമാണ് ഇറാന്‍.
മഹ്‌സ അമിനിയുടെ മരണം : സെപ്റ്റംബർ 16-ന് മത പൊലീസിന്‍റെ കസ്റ്റഡിയില്‍ മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരി മരിച്ചതുമുതല്‍ ഇറാനില്‍ പ്രതിഷേധം ശക്തമായിരുന്നു. 1979-ലെ ഇസ്ലാമിക വിപ്ലവത്തെത്തുടര്‍ന്നുണ്ടായ ഇറാന്‍റെ മതാധിപത്യത്തിനെതിരായ ഏറ്റവും ഗുരുതരമായ വെല്ലുവിളിയായി പ്രതിഷേധങ്ങൾ മാറിയിട്ടുണ്ട്.
ഈ വർഷത്തെ പ്രതിഷേധത്തിന് മുമ്പും ഇറാനിയൻ സർക്കാരിനെയും പൊലീസ് സേനയെയും അലിദൂസ്‌തി വിമർശിച്ചിരുന്നു. 2018 ൽ ശിരോവസ്‌ത്രം നീക്കിയ ഒരു സ്‌ത്രീയെ ആക്രമിച്ച സംഭവത്തില്‍ ട്വിറ്ററില്‍ പൊലീസിനെ വിമര്‍ശിച്ചതിന് 2020 ജൂണില്‍ നടിക്ക് അഞ്ച് മാസത്തെ തടവ് ശിക്ഷ ലഭിച്ചു. ഇറാനിലെ കടുത്ത സുരക്ഷാനിയന്ത്രണങ്ങൾക്കിടയിലുള്ള പ്രകടനങ്ങളിൽ കുറഞ്ഞത് 495 പേർ കൊല്ലപ്പെടുകയും 18,200 ഓളം പേര്‍ കസ്റ്റഡിയിലാവുകയും ചെയ്‌തതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.