ന്യൂഡൽഹി: ഇന്ത്യയും ഫ്രാൻസും സംയുക്തമായി നടത്തിയ നാവികസേന പരിശീലനം അവസാനിച്ചു. അറ്റ്‌ലാന്‍റിക് സമുദ്രത്തിലാണ് അഭ്യാസ പ്രകടനങ്ങൾ നടന്നത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധകപ്പൽ ഐഎൻഎസ് തർക്കാഷ് ഫ്രാൻസിന്‍റെ എഫ്‌എൻഎ സോമുമാണ് പരിശീലനത്തിൽ പങ്കെടുത്തത്.
ഫ്രാൻസിന്‍റെ ഫാൽക്കൺ 50 യുദ്ധവിമാനവും പരിശീലനത്തിന്‍റെ ഭാഗമായി. കരയിൽ നിന്നും കടലിലേക്കും തിരികെയും നടക്കുന്ന ആക്രമണ പ്രതിരോധം, കടലിൽ യുദ്ധകപ്പലുകളെ നേരിടൽ എന്നിവ പരിശീലന വിഷയമായിരുന്നു. വ്യോമ പ്രതിരോധ വ്യായാമങ്ങൾ, ക്രോസ് ഡെക്ക് ഫ്ലൈയിങ് പ്രവർത്തനങ്ങൾ, കടലിൽ വച്ച് സൈനികർ കപ്പലുകൾ മാറിക്കയറുന്നതും, കടലിൽ വീഴുന്നവരെ രക്ഷപ്പെടുത്തുന്ന വിവിധ രീതികളും ഇരു സൈനിക വിഭാഗങ്ങളും പരിശീലിച്ചു.
ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ഓഗസ്‌റ്റ് 15 ന് ദേശീയ പതാക ഉയർത്തുന്നതിനായി ബ്രസീലിലെ റിയോ ഡി ജനീറോയിലേക്കുള്ള യാത്രയിലാണ് ഐഎൻഎസ് തർകാഷ്.