ന്യൂഡല്‍ഹി: കുടുംബാസൂത്രണത്തില്‍ നേതൃത്വം നല്‍കുന്നതില്‍ 2022ലെ ലീഡർഷിപ്പ് ഇൻ ഫാമിലി പ്ലാനിംഗ് പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യ. തായ്‌ലന്‍ഡിലെ പട്ടായയില്‍ സംഘടിപ്പിച്ച കുടുംബാസൂത്രണത്തിന്‍റെ അന്താരാഷ്‌ട്ര സമ്മേളനത്തിലായിരുന്നു ഇന്ത്യ പുരസ്‌കാരം നേടിയത്. 'ഐസിഎഫ്‌പി 2022ന്‍റെ അഭിമാനകരമായ അവാര്‍ഡ് ഇന്ത്യ സ്വന്തമാക്കിയെന്ന്' ആരോഗ്യ മന്ത്രി മന്‍സുഖ് മണ്ഡാവിയ ട്വീറ്റ് ചെയ്‌തു.
ശരിയായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രാജ്യമൊട്ടാകെയുള്ള പ്രയത്‌നത്തിന്‍റെ ഫലമാണിത്. 2022ലെ കുടുംബാസൂത്രണ അവാര്‍ഡില്‍ രാജ്യങ്ങളുടെ വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കിയ ഒരേ ഒരു രാജ്യവും ഇന്ത്യ തന്നെയാണ്. കുടുംബാസൂത്രണത്തില്‍ ആധുനിക ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുവാന്‍ ദമ്പതികളെ പ്രാപ്‌തരാക്കുന്ന തരത്തിലും പുരോഗതി കൈവരിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
സര്‍വേ ഫലം സൂചിപ്പിക്കുന്നത്: ദേശീയ കുടുംബാരോഗ്യ സര്‍വേ 4ല്‍ നിന്നും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ തടയുന്ന നിരക്ക് ദേശീയ കുടുംബാരോഗ്യ സര്‍വേ 5ല്‍ എത്തിയപ്പോള്‍ 54ല്‍ നിന്നും 67ശതമാനത്തിലെത്തി കഴിഞ്ഞിരിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വിവാഹത്തിന് ശേഷം കുട്ടികള്‍ വേണ്ട എന്നുണ്ടെങ്കിലും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാത്തവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് സംഭവിച്ചത്. ഇത്തരത്തിലുള്ളവര്‍ 13 ശതമാനത്തില്‍ നിന്നും ഒമ്പത് ശതമാനമായി കുറഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒരു കുഞ്ഞ് ജനിച്ച് കഴിയുമ്പോള്‍ അടുത്ത കുഞ്ഞിനായി നീണ്ട ഇടവേള വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഗര്‍ഭനിരോധന മാര്‍ഗം ഉപയോഗിക്കാത്തവരുടെ എണ്ണത്തിലും 10 ശതമാനം വരെ കുറവ് ഉണ്ടായിരിക്കുകയാണ്. 2015-16 വര്‍ഷത്തില്‍ നിന്നും 2019-21 വര്‍ഷമെത്തിയപ്പോള്‍ ഏതെങ്കിലും ഒരു രീതിയിലുള്ള ഗര്‍ഭനിരോധന മാര്‍ഗം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 66 ശതമാനം മുതല്‍ 76 ശതമാനം വരെ വര്‍ധനവ് ഉണ്ടായിരിക്കുകയാണ്. 2030 ആകുമ്പോള്‍ സുസ്ഥിര വികസന ലക്ഷ്യങ്ങൾ 75 ശതമാനം കടക്കുമെന്ന സൂചനകള്‍ 2022 വര്‍ഷത്തില്‍ തന്നെ കടന്നിരിക്കുകയാണ്.
ദേശീയ കുടുംബാരോഗ്യ സര്‍വെ-5 ഡാറ്റ അനുസരിച്ച്, ആധുനിക ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നവരിൽ 68 ശതമാനവും പൊതുജനാരോഗ്യ മേഖലയിൽ നിന്നാണ് എന്നതിനെ തുടര്‍ന്ന് സുലഭമായ രീതിയില്‍ സര്‍ക്കാര്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുകയാണ്. കുടുംബാസൂത്രണത്തിന്‍റെ കീഴില്‍ വരുന്ന വിവാഹത്തിന് ശേഷം കുട്ടികള്‍ വേണ്ട എന്നുണ്ടെങ്കിലും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാത്തവരുടെ എണ്ണത്തില്‍ കുറവു വരുത്തുവാനുള്ള സര്‍ക്കാരിന്‍റെ മിഷന്‍ പരിവാര്‍ വികാസ് എന്ന പദ്ധതിയും പ്രോത്സാഹിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
അന്താരാഷ്‌ട്ര സമ്മേളനത്തിന്‍റെ പ്രാധാന്യം: ആഗോള പ്രത്യുത്പാദന ആരോഗ്യ സമൂഹത്തിന് മേല്‍ തന്ത്രപ്രധാനമായ സ്വാധീനം ചെലുത്തുന്നതില്‍ ലോകമെമ്പാടുമുള്ള 120 രാജ്യങ്ങളെയും, സംഘടനകളെയും വ്യക്തികളെയും സ്വാധീനിക്കുന്നതിന് സഹായകമാകുന്നതാണ് കുടുംബാസൂത്രണത്തിനുള്ള അന്താരാഷ്‌ട്ര സമ്മേളനം. ചടങ്ങില്‍ 3500 ആളുകള്‍ നേരിട്ടും 10,000 കണക്കിനാളുകള്‍ വെര്‍ച്വലായും പങ്കെടുത്തുവെന്ന് ആരോഗ്യമന്ത്രാലയം പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.
കുടുംബാസൂത്രണത്തിനായി ഒരു ദേശീയ പരിപാടി ആരംഭിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഇന്ത്യ. 1952ലാണ് ഇത് ആരംഭിക്കുന്നത്. ആദ്യകാലത്തു സ്ത്രീ വന്ധ്യംകരണത്തിന് പ്രാധാന്യം നൽകുന്ന സമീപനത്തിൽ നിന്ന് ക്രമേണ പ്രത്യുൽപാദന-ശിശു ആരോഗ്യ-സമീപനമായി മാറി. കൂടാതെ, 2000ലെ ദേശീയ ജനസംഖ്യാ നയം വന്നതോടെ കുടുംബാസൂത്രണം എന്നത് കുടുംബക്ഷേമം എന്നായി മാറി.