വാഷിങ്‌ടൺ: സ്‌ട്രോക്കിന് ശേഷമുണ്ടാകുന്ന ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പഠനങ്ങൾ. സ്‌ട്രോക്ക് അതിജീവിച്ചവരിൽ ഡിമെൻഷ്യ ഉൾപ്പടെയുള്ള അസുഖങ്ങളുടെ തീവ്രത കൂടാനുള്ള സാധ്യതയുള്ളതായി ജമാ നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. മിഷിഗൺ യൂണിവേഴ്‌സിറ്റിയിലെ അക്കാദമിക് മെഡിക്കൽ സെന്‍ററായ മിഷിഗൺ മെഡിസിനിൽ നിന്നുള്ള ഗവേഷകരുടെ നേതൃത്വത്തിൽ സ്‌ട്രോക്ക് സിഒജി പഠനത്തിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്.
ചിന്താശേഷി നഷ്‌ടപ്പെടാൻ കാരണം: നാല് പതിറ്റാണ്ടുകളായി ആളുകളിൽ ദീർഘകാല പഠനങ്ങൾ നടത്തി ഡാറ്റ ശേഖരിക്കുകയും സമന്വയിപ്പിക്കുകയും വിശകലനം ചെയ്യുകയും ചെയ്‌താണ് ഈ നിഗമനത്തിൽ ഗവേഷകർ എത്തിയത്. സ്‌ട്രോക്ക് കഴിഞ്ഞവരിൽ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കൂടുതലാണെങ്കിൽ അത്തരക്കാർക്ക് വളരെ വേഗത്തിൽ ചിന്താശേഷി നഷ്‌ടപ്പെടാം. സ്‌ട്രോക്ക് ഉണ്ടായിട്ടുള്ളതും അല്ലാത്തതുമായ 1000 ആളുകളെ തെരഞ്ഞെടുത്ത് ഇവരുടെ രക്തപരിശോധന വിവരങ്ങളാണ് ആദ്യം ശേഖരിച്ചത്.
Also Read : വായുമലിനീകരണം സ്‌ട്രോക്കിന് ശേഷമുള്ള ചലന വൈകല്യത്തിന് കാരണമാകുന്നു ; എലികളിൽ നടത്തിയ പഠനം പുറത്ത്
ഗവേഷകൻ പറയുന്നത്: ഇതിൽ സ്‌ട്രോക്ക് സംഭവിച്ചിട്ടുള്ളവരിൽ അൽഷിമേഴ്‌സ് രോഗത്തിന്‍റെ അപകടസാധ്യത കൂട്ടുന്ന എപിഒഇ4 ജനിതക വ്യതിയാനത്തിനായുള്ള ഒരു ജീൻ ഭൂരിഭാഗം പേരിലും പ്രത്യക്ഷമായിരുന്നു. പഠനത്തിലെ ഗവേഷകനായ ഡെബോറ എ ലെവിൻ പറയുന്നതനുസരിച്ച് സ്‌ട്രോക്ക് ഉണ്ടാകുന്നത് ഒരു വ്യക്തിക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത 50 മടങ്ങ് വരെ വർധിപ്പിക്കുന്നു. എന്നാൽ ഇതിന്‍റെ അപകട സാധ്യത കുറക്കാനുള്ള ചികിത്സ ഇതുവരെ കണ്ടെത്തിയിട്ടില്ല.
സ്‌ട്രോക്കിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് വേഗത്തിലുള്ള വൈജ്‌ഞാനിക തകർച്ചയ്‌ക്ക് കാരണമാകുന്നു. വ്യക്തികളുടെ പ്രായം, വരുമാനം, വിദ്യാഭ്യാസം, പുകയിലയുടെയും മദ്യത്തിന്‍റെയും ഉപയോഗം, ബോഡി മാസ് ഇൻഡക്‌സ്, ഹൃദ്രോഗം, വൃക്കകളുടെ പ്രവർത്തനം കൂടാതെ ഉയർന്ന രക്തസമ്മർദം, കൊളസ്‌ട്രോൾ, പ്രമേഹം എന്നിവയുടെ ചികിത്സയ്‌ക്കുള്ള മരുന്നുകളുടെ ഉപയോഗം തുടങ്ങിയ വിവരങ്ങളും ഗവേഷകർ പരിഗണിച്ചിരുന്നു. ശേഷം സ്‌ട്രോക്ക് കഴിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷമുള്ള രോഗികളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കണക്കാക്കി.
Also Read : സിക്കിള്‍ സെല്‍ ഡിസീസ്; ലക്ഷണങ്ങള്‍ എന്തെല്ലാം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പഠനത്തിൽ പങ്കെടുത്തവരിൽ 20 ശതമാനം പേരും സ്‌ട്രോക്കിന് മുൻപ് പ്രമേഹത്തിനുള്ള മരുന്ന് കഴിച്ചിരുന്നവരായിരുന്നു. സ്‌ട്രോക്ക് അതിജീവിച്ച പ്രമേഹമുള്ളവരിൽ കണ്ണ്, വൃക്ക, ഞരമ്പ് എന്നിവയിലെ ചെറിയ രക്തക്കുഴലുകളുടെ സങ്കീർണതകൾ കുറയ്ക്കുന്നതിന് ഗ്ലൈസെമിക് നിയന്ത്രണം ഉള്ളതായി പഠനങ്ങൾ കണ്ടെത്തി. പ്രായമായവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് ഡിമെൻഷ്യ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും എന്നതിനാൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഗവേഷകർ പറയുന്നു.
Also Read : 'ഡെങ്കിപ്പനിക്കെതിരെ പോരാടുക, ജീവൻ രക്ഷിക്കുക'; മെയ് 16ന് ബോധവത്‌കരണ ദിനം ആചരിക്കാന്‍ രാജ്യം