മിന: ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഹജ്ജ് തീർഥാടകർ ബുധനാഴ്‌ച രാത്രി മുതൽ മിന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. മക്കയിലെ വിശുദ്ധ കഅ്ബയ്ക്ക് ചുറ്റും ത്വവാഫ് അൽ-ഖുദും (ആഗമന ത്വവാഫ് (ചുറ്റുക എന്നാണ് ത്വവാഫ് എന്ന വാക്കിന്‍റെ ഭാഷാര്‍ഥം. മക്കയിലെ കഅ്ബയെ അഭിവാദ്യം ചെയ്യുന്ന രൂപം എന്ന നിലയില്‍ അതിനെ ഏഴുവട്ടം ചുറ്റുന്നതിനാണ് ഇസ്‌ലാമില്‍ ത്വവാഫ് എന്ന് പറയുന്നത്)) നടത്തിയ ശേഷമാണ് തമ്പുകളുടെ നഗരിയായ മിനയിലേക്ക് വിശ്വാസികൾ നീങ്ങിത്തുടങ്ങിയത്.
ബുധനാഴ്‌ച രാത്രിയോടെ തന്നെ മക്കയ്‌ക്ക് ഏഴ് കിലോമീറ്റർ അകലെയുള്ള മിനയ്‌ക്ക് ചുറ്റും എല്ലാ റോഡുകളും ഹൈവേകളും തീർഥാടകരാൽ നിറഞ്ഞിരുന്നു. തീർഥാടകരിൽ ഭൂരിഭാഗം പേരും ബസുകളിലും മറ്റ് വാഹനങ്ങളിലും യാത്ര ചെയ്‌താണ് ഇവിടേക്കെത്തിയത്. മറ്റുള്ളവർ കാൽനടയായെത്തി.
വിശ്വാസികൾ വ്യാഴാഴ്‌ച രാവും പകലും മിനയിൽ ചെലവഴിക്കും. ഹജ്ജിന് തുടക്കം കുറിക്കുന്ന ദുല്‍ഹിജ്ജ എട്ടാം തിയതിയായ തർവിയ്യ ദിനമായ ഇന്ന് ഒരു ദശലക്ഷത്തോളം തീർഥാടകർ മിനയിൽ ഒത്തുചേരും. വെള്ളിയാഴ്ച സുബ്ഹി വരെ നിസ്‌കാരത്തിലും മറ്റു ആരാധന കര്‍മങ്ങളിലുമായി ഒരു രാത്രി മുഴുവന്‍ വിശ്വാസികള്‍ മിനായില്‍ കഴിച്ചുകൂട്ടും. ഹജ്ജ് കര്‍മത്തിനായി വിശ്വാസികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് മിനായിലാണ്. വെള്ളിയാഴ്ച സുബ്ഹി നിസ്‌കാരത്തോടെ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ ലക്ഷ്യമാക്കി ഹാജിമാര്‍ നീങ്ങിത്തുടങ്ങും. വെള്ളിയാഴ്ചയാണ് ഹജ്ജിന്‍റെ സുപ്രധാന കര്‍മമായ അറഫ സംഗമം.
ഇന്ത്യയില്‍ നിന്ന് 79,468 ഹാജിമാര്‍: ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം മിനയിലെ മെട്രോ സ്റ്റേഷനുകള്‍ക്കു സമീപത്തെ ടെന്‍റുകളിലാണ് താമസമൊരുക്കിയത്. ഇന്ത്യയില്‍ നിന്ന് 79,468 ഹാജിമാരാണ് മക്കയിലെത്തിയത്. ഇവരില്‍ 5,765 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രതിനിധിസംഘം മക്കയിലെത്തിയിട്ടുണ്ട്.
വിപുലമായ ആരോഗ്യ സംവിധാനം: മക്കയിലും മദീനയിലും ഹജ്ജ് കർമങ്ങൾ നടക്കുന്ന വിവിധ പ്രദേശങ്ങളിലും സൗദി അധികൃതർ 23 ആശുപത്രികൾ, 147 ക്ലിനിക്കുകൾ, 1,080 ഐ.സി.യു കിടക്കകൾ ഉൾപ്പെടെ 4,654 കിടക്കകളുള്ള 147 ക്ലിനിക്കുകൾ എന്നിവ തയാറാക്കിയിട്ടുണ്ട്. ശക്തമായ ചൂടുള്ള കാലാവസ്ഥയിലാണ് ഈ വർഷത്തെ ഹജ്ജ് നടക്കുന്നത്. അതിനാൽ ഉഷ്‌ണ കാലാവസ്ഥയിൽ പ്രയാസപ്പെടുന്ന തീർഥാടകർക്കായി പ്രത്യേക സംവിധാനത്തോടെ 230 കിടക്കകൾ നീക്കി വയ്ക്കാനും ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ മേഖലകളിൽ വിവിധ സേവനങ്ങൾക്കായി 25,000 സേവകരടങ്ങുന്ന സുസജ്ജമായ സംഘം തന്നെയുണ്ട്.
കൊവിഡിന് ശേഷമുള്ള ഹജ്ജ്: കൊവിഡിന്റെ പിടിയിലായ രണ്ടു വര്‍ഷത്തിനുശേഷമുള്ള ആദ്യ വലിയ ഹജ്ജ് സീസണാണിത്. ഇത്തവണ പത്ത് ലക്ഷം പേരാണ് ഹജ്ജ് നിര്‍വഹിക്കുന്നത്. ഇവരില്‍ എട്ടരലക്ഷം പേര്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരും ശേഷിക്കുന്നവര്‍ സ്വദേശികളുമാണ്.
കൊവിഡിനു മുന്‍പ് 2019ലാണ് ഇതിനു മുന്‍പ് കൂടുതല്‍ പേര്‍ ഹജ്ജ് നിര്‍വഹിച്ചത്. ആ വര്‍ഷം 25 ലക്ഷം പേരാണ് ഹജ്ജിനെത്തിയത്. കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം സൗദിയില്‍നിന്നുള്ളവര്‍ക്കു മാത്രമായിരുന്നു ഹജ്ജിനുള്ള അനുമതി. 2020ല്‍ ആയിരത്തോളം പേര്‍ക്കു മാത്രമായിരുന്നു അവസരം. 2021ല്‍ 60,000 പേര്‍ക്ക് അവസരം ലഭിച്ചു.
കുറഞ്ഞത് രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ച 65 വയസിന് താഴെയുള്ള തീർഥാടകർക്ക് മാത്രമാണ് ഈ വർഷം ഹജ്ജിന് അനുമതിയുള്ളത്. തീർഥാടകർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 850,000 വിദേശ തീർഥാടകരും 150000 ആഭ്യന്തര തീർഥാടകരുമാണ് ഈ വർഷം ഹജ്ജ് നിർവഹിക്കുന്നത്. 2019-ൽ രാജ്യത്തിനകത്തും പുറത്തുമുള്ള ഏകദേശം 2.5 ദശലക്ഷം പേര്‍ ഹജ്ജ് ചെയ്തു.