ന്യൂഡൽഹി: തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ സ്‌മാർട്ട്ഫോണായ 'പിക്‌സൽ ഫോൾഡ്' അവതരിപ്പിച്ച് ടെക് ഭീമനായ ഗൂഗിൾ. ബുധനാഴ്‌ച നടന്ന കമ്പനിയുടെ ഐ/ഒ ഇവന്‍റിലാണ് ഗൂഗിൾ തങ്ങളുടെ പുതിയ ഫോണ്‍ പുറത്തിറക്കിയത്. പിക്‌സൽ ഫോൾഡിനൊപ്പം പിക്‌സൽ 7 എ സ്‌മാർട്ട് ഫോണ്‍, പിക്‌സൽ ടാബ്‌ലെറ്റ് എന്നിവയും കമ്പനി അവതരിപ്പിച്ചു. അതേസമയം ഇന്ത്യയിൽ ഫോണ്‍ എന്ന് മുതൽ വിപണിയിലെത്തുമെന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല.
യുഎസ്, യുകെ, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലാണ് പിക്‌സൽ ഫോൾഡ് ആദ്യം വിപണിയിൽ എത്തുക. ഇന്ന് മുതൽ ഫോണ്‍ പ്രീ-ഓർഡർ ചെയ്യാൻ സാധിക്കും. ജൂണ്‍ മുതൽ ഫോണ്‍ വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 256 ജിബി സ്റ്റോറേജിന് 1,799 ഡോളറാണ് (ഏകദേശം 1.47 ലക്ഷം രൂപ) നിലവിൽ പിക്‌സൽ ഫോൾഡിന്‍റെ വില. 512 ജിബി സ്റ്റോറേജുള്ള മോഡലിന് 1919 ഡോളറും (ഏകദേശം 1.57 ലക്ഷ്യം) വില വരുന്നു.
യുഎസിൽ പിക്‌സൽ ഫോൾഡ് മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്‌താക്കൾക്ക് പിക്‌സൽ വാച്ചും കമ്പനി സൗജന്യമായി നൽകുന്നുണ്ട്. ആൻഡ്രോയിഡ് 13ലാണ് പിക്‌സൽ ഫോൾഡ് പ്രവർത്തിക്കുന്നത്. നിലവിൽ വിപണിയിലുള്ള ഫോൾഡ് ഫോണുകളെക്കാൾ വീതി കുറഞ്ഞ പിക്‌സൽ ഫോൾഡിൽ 7.6 ഇഞ്ച് സ്‌ക്രീനാണ് നൽകിയിട്ടുള്ളത്. പുറത്ത് 5.8 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡ്യുവൽ സിം സ്ലോട്ടുകൾ നൽകിയിട്ടുള്ള പിക്‌സൽ ഫോൾഡിൽ 6:5 ആസ്പെക്റ്റ് റേഷ്യേ, 380പിപിഐ പിക്സൽ ഡെൻസിറ്റി, 120Hz റിഫ്രഷ് റേറ്റ് എന്നീ ഫീച്ചറുകളാണ് നൽകിയിട്ടുള്ളത്. അകത്തെ ഡിസ്‌പ്ലേയ്ക്ക് പ്ലാസ്റ്റിക് കോട്ടിങ് ഗ്ലാസും പുറത്തെ ഡിസ്‌പ്ലേയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് സുരക്ഷയും നൽകിയിട്ടുണ്ട്. ടൈറ്റൻ എം2 സെക്യൂരിറ്റി ചിപ്പും 12 ജിബി LPDDR5 റാമും ഉൾപ്പെടുത്തിയിട്ടുള്ള ഫോണിന് അഞ്ച് വർഷത്തെ പിക്‌സൽ അപ്‌ഡേറ്റുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, സിഎൽഎഎഫ്, എഫ്/1.7 അപ്രേച്ചർ എന്നിവയുള്ള കരുത്തുറ്റ 48 മെഗാപിക്‌സൽ അപ്രേച്ചർ പ്രൈമറി വൈഡ് ആംഗിൾ ലെൻസ് അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് പിക്‌സൽ ഫോൾഡിന്‍റെ പ്രധാന സവിശേഷത. 121-ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 10.8 എംപി അൾട്രാവൈഡ് ക്യാമറയും, എഫ്/2.2 അപ്രേച്ചറും 5എക്‌സ് ഒപ്റ്റിക്കൽ സൂമും 20എക്‌സ് സൂപ്പർ റെസ് സൂമും ഉള്ള 10.8 മെഗാപിക്‌സൽ ഡ്യുവൽ പിഡി ടെലിഫോട്ടോ ലെൻസും ഇതിൽ ഉൾപ്പെടുന്നുണ്ട്.
പിക്‌സൽ ഫോൾഡ് 5x ഒപ്റ്റിക്കൽ സൂം, ഒപ്റ്റിക്കൽ സൂം, റിയൽ ടോൺ, മാജിക് ഇറേസർ, നൈറ്റ് സൈറ്റ്, പോർട്രെയിറ്റ് ഫോട്ടോഗ്രാഫി, ഫോട്ടോ അൺബ്ലർ എന്നിവയ്‌ക്കൊപ്പം സൂപ്പർ റെസ് സൂമും ഗൂഗിൾ ഫോണിൽ വാഗ്‌ദാനം ചെയ്യുന്നു, ഒപ്പം 10-ബിറ്റ് HDR വീഡിയോ റെക്കോഡിങ്ങും ഫോണിൽ നൽകുന്നുണ്ട്. ഫോണിന്‍റെ പുറം ഭാഗത്ത് 9.5 എംപി സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്. അകത്ത് 8 എംപിയുടെ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.
5ജി, 4ജി എൽടിഇ, വൈ-ഫൈ 6ഇ, ബ്ലൂടൂത്ത്, ജിപിഎസ്, ഗൂഗിൾ കാസ്റ്റ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഫോണിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്‌സിലറോമീറ്റർ, ബാരോമീറ്റർ, ഗൈറോ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ഹാൾ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ലൈറ്റ് സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ.
സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്‍റ് സെൻസറും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 30W ചാർജിങ് ശേഷിയുള്ള പിക്സൽ ഫോൾഡിൽ 4,821 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്.