ബെര്‍ലിന്‍: ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ പാസഞ്ചർ ട്രെയിൻ സര്‍വിസിന് തുടക്കമിട്ട് ജര്‍മനി. ട്രയൽ പ്രവർത്തനങ്ങൾ ആരംഭിച്ച് ഏകദേശം നാല് വർഷത്തിന് ശേഷമാണ് ട്രെയിനിന്‍റെ സര്‍വിസ് ആരംഭിക്കുന്നത്. ഫ്രഞ്ച് നിർമാതാക്കളായ അൽസ്റ്റോമിന്‍റെ 14 ഹൈഡ്രജൻ ഫ്യൂവൽ സെൽ ഡ്രൈവ് ട്രെയിനുകള്‍ ഡീസല്‍ ട്രെയിനുകളുടെ ബദലാണെന്നാണ് റിപ്പോര്‍ട്ട്.
പുതിയ അഞ്ച് ട്രെയിനുകള്‍ ഇതിനോടകം തന്നെ സര്‍വിസ് ആരംഭിച്ചുകഴിഞ്ഞു. പുതുക്കി ഉപയോഗിക്കാന്‍ സാധിക്കുന്ന ഊര്‍ജം ഉപയോഗിച്ചുള്ള പ്രവര്‍ത്തനം ലോകത്തിന് തന്നെ മാതൃകയാണെന്നും ഗതാഗത മേഖലയില്‍ അതിന് ഒരു മാറ്റം വരുത്തികൊണ്ട് ഇത് ഒരു നാഴികകല്ലാവുകയാണെന്നും ലോവര്‍സാക്‌സോണിയുടെ മിനിസ്റ്റര്‍ പ്രസിഡന്‍റ് സ്‌റ്റീഫന്‍ വെയില്‍ പറഞ്ഞു.
ലക്ഷ്യം കാര്‍ബണ്‍ പുറംതള്ളുന്നത് തടയാന്‍: 93 മില്ല്യണ്‍ യൂറോയാണ് ഈ പ്രോജക്‌ടിന് വേണ്ടി ആകെ ചിലവായത്. ഒരു ടാങ്ക് ഹൈഡ്രജന്‍ ഉപയോഗിച്ചുകൊണ്ട് 1000 കിലോമീറ്റര്‍ വരെ സഞ്ചരിക്കുവാന്‍ ട്രെയിനിന് സാധിക്കുന്നു. 1.6 മില്ല്യന്‍ ലിറ്റര്‍ ഡീസല്‍ ലാഭിക്കുന്നത് വഴി വര്‍ഷത്തില്‍ 4400 ടണ്‍ കാര്‍ബണ്‍ പുറം തള്ളുന്നത് തടയാന്‍ സാധിക്കുന്നുവെന്ന് ഫ്രഞ്ച് നിർമാതാക്കളായ അൽസ്റ്റോമിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു.
മണിക്കൂറിൽ 140 കിലോമീറ്ററാണ് ട്രെയിനിന്‍റെ പരമാവധി വേഗത. ഉപയോഗത്തിലുള്ള മറ്റ് പഴയ ഡീസൽ ട്രെയിനുകൾ പുതുക്കി ഹൈഡ്രജന്‍ ട്രെയിനുകളായി മാറ്റും. ഹൈഡ്രജൻ അല്ലെങ്കിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ പ്രവർത്തിപ്പിക്കണമോ എന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ഭാവിയില്‍ ജര്‍മനി ഡീസല്‍ ട്രെയിനുകള്‍ വാങ്ങില്ലെന്നും 2030 ഓടെ പുറംതള്ളുന്ന ഹരിതഗൃഹ വാതകത്തിന്‍റെ അളവ് 65 ശതമാനം വരെ കുറച്ച് 2045-ഓടെ കാലാവസ്ഥയില്‍ സന്തുലിതാവസ്ഥ കൈവരിക്കാനാണ് ജർമനി ലക്ഷ്യമിടുന്നതെന്നും എൽഎൻവിജി വക്താവ് ഡിർക്ക് ആൾട്ട്വിഗ് അറിയിച്ചു.