ജക്കാർത്ത (ഇന്തോനേഷ്യ): ഇന്തോനേഷ്യയിൽ ഭൂകമ്പം. ഇന്തോനേഷ്യയുടെ വടക്കേ അറ്റത്തുള്ള ആഷെ പ്രവിശ്യയിൽ കടലിനടിയിലാണ് ശനിയാഴ്‌ച(24.09.2022) പുലർച്ചെ ഭൂകമ്പം ഉണ്ടായത്. ആളപായമോ സുനാമി മുന്നറിയിപ്പോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ഭൂചലനം അനുഭവപ്പെട്ട പ്രദേശത്തെ ആളുകൾ ഉടൻതന്നെ ഉയർന്ന സ്ഥലത്തേക്ക് മാറി. ആഷെ പ്രവിശ്യയിലെ തീരദേശ നഗരമായ മെലാബോയുടെ 40 കിലോമീറ്റർ (24.8 മൈൽ) തെക്ക്-തെക്ക് പടിഞ്ഞാറായി 49 കിലോമീറ്റർ ആഴത്തിലാണ് റിക്‌ടർ സ്‌കെയിലിൽ 6.4 തീവ്രത റിപ്പോർട്ട് ചെയ്യപ്പെട്ട ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.
ഇടയ്‌ക്കിടെ ഭൂകമ്പങ്ങളുണ്ടാകുന്ന ദ്വീപസമൂഹമാണ് ഇന്തോനേഷ്യ. ഈ വർഷം ഫെബ്രുവരിയിൽ പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലുണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 25 പേർ കൊല്ലപ്പെടുകയും 460ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. 2021 ജനുവരിയിൽ പടിഞ്ഞാഫൻ സുലവേസി പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 100ലധികം പേർ കൊല്ലപ്പെടുകയും 6500ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
2004ൽ ആഷെ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമിയിൽ വിവിധ രാജ്യങ്ങളിലായി 2,30,000ഓളം പേരാണ് കൊല്ലപ്പെട്ടത്.