വാഷിങ്ടണ്‍: അറ്റ്‌ലാന്‍റിക് സമുദ്രത്തിന് മുകളില്‍ നിന്ന് ചാരബലൂണ്‍ അമേരിക്ക വെടിവച്ചിട്ടതില്‍ അതൃപ്‌തി അറിയിച്ച് ചൈന. യുഎസ് നടപടി അന്താരാഷ്‌ട്രമാനങ്ങള്‍ ലംഘിക്കുന്നതാണ്. ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ചൈന അറിയിച്ചു.
'അമിത പ്രതികരണമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അന്തര്‍ദേശീയ തലത്തില്‍ നിലനില്‍ക്കുന്ന ചട്ടങ്ങളുമാണ് തങ്ങളുടെ ഈ നടപടിയിലൂടെ യുഎസ് ലംഘിച്ചതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അബദ്ധത്തിലാണ് ബലൂണ്‍ യുഎസ് അതിര്‍ത്തി കടന്നതെന്നും ചൈന അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ചൈനീസ് ചാരബലൂണ്‍ അറ്റ്‌ലാന്‍റിക് സമുദ്രത്തിന് മുകളില്‍ നിന്ന് അമേരിക്ക വെടിവച്ചിട്ടത്. പ്രധാന അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്നും വിവരം ചോര്‍ത്താനാണ് ചൈന ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന ആരോപണവും ഇതിന് പിന്നാലെ ഉയര്‍ന്നിരുന്നു. യുദ്ധവിമാനങ്ങളുടെ സഹായത്തോടെയാണ് ചാരബലൂണ്‍ വീഴ്‌ത്തിയതെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
എഫ് 22 ജെറ്റ് ഫൈറ്ററിന്‍റെ സഹായത്തോടെയായിരുന്നു യുഎസ് നടപടി. സൗത്ത് കരോലിനയില്‍ യുഎസ് തീരത്ത് നിന്നും ആറ് നോട്ടിക്കല്‍ മൈല്‍ അകലെ സമുദ്രത്തിലായിരുന്നു ബലൂണ്‍ പതിച്ചത്. ഇതിന് പിന്നാലെ തന്നെ ബലൂണിന്‍റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടികളും അമേരിക്ക ആരംഭിച്ചിരുന്നു.
Also Read: പ്രസിഡന്‍റ് ജോ ബൈഡന്‍റെ നിര്‍ദേശം; ചൈനീസ് ചാര ബലൂണ്‍ അമേരിക്ക വെടിവച്ചിട്ടു