ആഘോഷങ്ങള്‍ വ്യത്യസ്‌തമാകുന്നതും പരിപൂര്‍ണത കൈവരുന്നതും മതപരവും വിശ്വാസപരവുമായ ആചാരങ്ങള്‍ കൂടിക്കലരുമ്പോഴാണ് എന്നുള്ളതാണ് കാലങ്ങളായുള്ള സങ്കല്‍പം. എന്നാല്‍, മതത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ പിന്‍ബലമില്ലാതെ നാം ഓരോരുത്തരും ആഘോഷമാക്കുന്ന ഒന്നാണ് 'വാലന്‍റൈന്‍സ് ഡേ'. പ്രണയത്തിന് പരിമിതികളില്ല എന്നതുകൊണ്ടുതന്നെ പ്രണയദിനത്തിനും പരിധിയില്ല എന്നുതന്നെ പറയാം.
അന്തരമില്ലാത്ത ആഘോഷം: ജാതി, മതം, നിറം തുടങ്ങിയ വിവേചനങ്ങളൊന്നുമില്ലാതെ ലോകം മുഴുവനും ആഘോഷിക്കുന്ന ഒന്നാണ് പ്രണയദിനം. സ്‌നേഹത്തിന് അതിര്‍വരമ്പുകളില്ല എന്ന് പ്രണയദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ കമിതാക്കള്‍ പരസ്‌പരം കൈകോര്‍ക്കുന്ന ദിവസം.
അങ്ങനെ വിവിധ കാരണങ്ങളാണ് പ്രണയദിനത്തെ വ്യത്യസ്‌തമാക്കുന്നത്. പരസ്‌പരം പ്രണയത്തിലായ വ്യക്തികള്‍ക്ക് ദിവസം മുഴുവനും ആഘോഷമാണെങ്കിലും ഫെബ്രുവരി 14 എന്നത് കമിതാക്കള്‍ക്ക് വിശേഷപ്പെട്ട ഒരു ദിനം തന്നെയാണ്.
വിലപിടിപ്പുള്ള സമ്മാനങ്ങള്‍, ചോക്ലേറ്റ് തുടങ്ങി ഒരു ചെറിയ റോസാപ്പൂവിന് പോലും ഈ ദിവസത്തില്‍ പ്രത്യേകതകള്‍ ഏറെയാണ്. ലോകമെമ്പാടും പ്രണയദിനം ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും ഓരോ രാജ്യത്തിലുള്ളവരും വ്യത്യസ്‌ത രീതികളിലാണ് ആഘോഷിക്കുന്നത്. വിവിധ സംസ്‌കാരങ്ങള്‍ തന്നെയാണ് ഇതിന് കാരണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓരോ രാജ്യത്തെയും പ്രണയദിനാഘോഷം എങ്ങനെ വ്യത്യസ്‌തപ്പെട്ടിരിക്കുന്നു എന്ന് പരിശോധിക്കാം.
വൈന്‍ ഡേ: ഭൂരിഭാഗം രാജ്യങ്ങളും ഫെബ്രുവരി 14 എന്ന ദിനത്തെ പ്രണയദിനം എന്ന് വിളിക്കുമ്പോള്‍ ബള്‍ഗേറിയയില്‍ പ്രണയദിനം അറിയപ്പെടുന്നത് 'വൈന്‍ ഡേ' എന്ന പേരിലാണ്. കാരണം, വൈന്‍ പരസ്‌പരം കൈമാറിയാണ് കമിതാക്കള്‍ പ്രണയദിനം ആഘോഷിക്കുന്നത്.
കൂട്ട വിവാഹം: പ്രണയദിനത്തില്‍ ഫിലിപിയന്‍ നിവാസികള്‍ കൂട്ടമായി വിവാഹിതരാകുന്നു. ആയിരക്കണക്കിന് കമിതാക്കളാണ് വിവാഹത്തിനായി ഒത്തുകൂടുന്നത്. വിവാഹം നടക്കുന്നത് സര്‍ക്കാരിന്‍റെ നേതൃത്വത്തിലാണ് എന്നതാണ് ഈ രാജ്യത്തെ ഏറ്റവും രസകരമായ കാര്യം.
ചോക്ലേറ്റ് ദിനം: 2007 മുതല്‍ ഘാന സര്‍ക്കാര്‍ ഫെബ്രുവരി 14 'ദേശീയ ചോക്ലേറ്റ് ദിനമായി' ആചരിച്ച് വരികയാണ്. ചോക്ലേറ്റ് നിര്‍മാണത്തിനായുള്ള കോക്കോ ബീനുകള്‍ ഉത്‌പാദിപ്പിക്കുന്നവരുടെ പട്ടികയില്‍ ആദ്യ സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്ന രാജ്യമെന്ന നിലയില്‍ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഘാന പ്രണയദിനം ചോക്ലേറ്റ് ദിനമായി ആചരിക്കുന്നത്. ഈ ദിവസത്തില്‍ ചോക്ലേറ്റ് കൊണ്ടുള്ള പ്രത്യേക തരം വിഭവങ്ങളും പ്രദര്‍ശനങ്ങളും രാജ്യത്താകെ സംഘടിപ്പിക്കുന്നു.
എല്ലാ മാസവും പ്രണയദിനം: ലോക രാജ്യങ്ങള്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രം പ്രണയദിനമായി ആഘോഷിക്കുമ്പോള്‍ ദക്ഷിണ കൊറിയയില്‍ എല്ലാ മാസവും 14-ാം തീയതി പ്രണയദിനമായാണ് ആചരിക്കുന്നത്. എന്നാല്‍, മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഫെബ്രുവരി 14, മാര്‍ച്ച് 14 തുടങ്ങിയ ദിനങ്ങളാണ് ദക്ഷിണ കൊറിയന്‍ നിവാസികള്‍ക്ക് ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ദിവസം. ഫെബ്രുവരിയിലും മാര്‍ച്ചിലും 14-ാം തീയതി 'വൈറ്റ് ഡേ' ആയും ഏപ്രിലില്‍ 14നെ 'ബ്ലാക്ക് ഡേ' ആയും ആചരിക്കുന്നു.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സമ്മാനങ്ങള്‍ ലഭിക്കാത്ത വ്യക്തികള്‍(സിംഗിള്‍സ്) ഏപ്രില്‍ മാസത്തില്‍ ഒത്തു കൂടി ബ്ലാക്ക് ബീന്‍ സോസ് നൂഡില്‍സ് കഴിക്കുന്നതാണ് ഈ ദിവസത്തിന്‍റെ പ്രത്യേകത. ലോക രാജ്യങ്ങളില്‍ തന്നെ ഏറ്റവും വിചിത്രവും വ്യത്യസ്‌തവുമായ പ്രണയദിനാഘോഷമാണ് ദക്ഷിണ കൊറിയന്‍ നിവാസികളുടേത്.
ഫ്രണ്ട്ഷിപ്പ് ഡേ: ഫെബ്രുവരി 14ന് ലോകം മുഴുവന്‍ പ്രണയദിനമായി ആഘോഷിക്കുമ്പോള്‍ വടക്കേ യൂറോപ്പിലെ എസ്‌റ്റോണിയ എന്ന രാജ്യത്തെ ജനങ്ങള്‍ 'ഫ്രണ്ട്ഷിപ്പ് ഡേ' ആയി ആചരിക്കുന്നു. ഈ ദിവസത്തില്‍ സുഹൃത്തുക്കള്‍ പരസ്‌പരം സമ്മാനങ്ങളും ഗ്രീറ്റിങ് കാര്‍ഡുകളും കൈമാറുന്നു. സുഹൃത്തുക്കള്‍ മാത്രമല്ല ബന്ധുക്കളും പരസ്‌പരം ആശംസകള്‍ അറിയിക്കുന്നു.
തടിയില്‍ നിര്‍മിച്ച സ്‌പൂണ്‍ സമ്മാനം: ഇംഗ്ലണ്ടുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമായ വെയില്‍സിലെ പ്രണയദിന ആഘോഷം തികച്ചും വ്യത്യസ്‌തമാണ്. വി. ഡ്വിൻവെന്‍റെ ഫീസ്‌റ്റായ ജനുവരി 25നാണ് വെയ്‌ല്‍സ് നിവാസികള്‍ പ്രണയദിനമായി ആഘോഷിക്കുന്നത്. ഈ ദിവസത്തില്‍ കമിതാക്കള്‍ തടികൊണ്ട് നിര്‍മിച്ച പല രൂപത്തിലുള്ള സ്‌പൂണുകള്‍ കൈമാറുന്നു.
പ്രണയത്തെ സൂചിപ്പിക്കുവാനായി ഹൃദയത്തിന്‍റെ രൂപത്തിലുള്ള സ്‌പൂണാണ് കമിതാക്കള്‍ അധികവും കൈമാറുന്നത്. 16-ാം നൂറ്റാണ്ട് മുതലാണ് ഈ ആചാരം വെയില്‍സ് നിവാസികള്‍ പിന്തുടരുന്നത്.
പ്രതിമ സന്ദര്‍ശനം: മധ്യ യൂറോപ്പിലെ രാജ്യമായ ചെക്ക് റിപ്പബ്ലിക്കില്‍ പ്രണയദിനം ആഘോഷിക്കുന്നത് മേയ് മെസം ഒന്നാം തീയതിയാണ്. ഈ ദിനത്തില്‍ കമിതാക്കള്‍ രാജ്യത്തെ പ്രശസ്‌ത കവിയായിരുന്ന കര്‍ണെല്‍ ഹൈനെക്ക് മാച്ചയുടെ പ്രതിമ സന്ദര്‍ശിക്കും. ചെറി മരത്തിന്‍റെ തണലില്‍ ഇരുന്ന് കമിതാക്കള്‍ പരസ്‌പരം ചുംബിക്കും. ഇത്തരം പ്രവര്‍ത്തികള്‍ പിന്തുടരുന്നതിലൂടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് വിശ്വാസം.